ADVERTISEMENT

മാവേലിക്കര ∙ ജയിലിൽ നിന്നിറങ്ങി 2 മാസത്തിനുള്ളിൽ ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണം നടത്തി പൊലീസിന്റെ ഉറക്കം കെടുത്തിയ പക്കി സുബൈർ വീണ്ടും അറസ്റ്റിൽ. കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കേതിൽ എച്ച്.സുബൈറിനെ (പക്കി സുബൈർ–51) ഇന്നലെ പുലർച്ചെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നാണു മാവേലിക്കര പൊലീസ് ഓടിച്ചിട്ടു പിടികൂടിയത്. ഇന്നലെ ചെട്ടികുളങ്ങര ഈരേഴ തെക്ക് ആൽത്തറമുക്കിനു സമീപത്തെ വീട്ടിൽ മോഷണത്തിനു ശ്രമിക്കവേ വീട്ടുകാർ ഉണർന്നപ്പോൾ സുബൈർ ഓടി രക്ഷപ്പെട്ടിരുന്നു.

പിന്നാലെ തൊട്ടടുത്തു ളാഹ ലവൽക്രോസിനു കിഴക്കു വീട്ടുമുറ്റത്തുനിന്നു സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കവേ വീട്ടുടമ ഉണർന്നതോടെ ഇവിടെനിന്നും സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബഹളം കേട്ട റെയിൽവേ ഗേറ്റ് കീപ്പർ ട്രാക്കിലൂടെ ഒരാൾ ഓടിപ്പോയ കാര്യം പൊലീസിൽ അറിയിച്ചു. പിന്നാലെ മാവേലിക്കര പൊലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി തിരച്ചിൽ നടത്തിയപ്പോൾ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരനെ പോലെ നിന്ന സുബൈർ ഓടി. ഇതോടെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

പിടിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപു പക്കി സുബൈർ ചെട്ടികുളങ്ങര ഈരേഴ തെക്ക് ആൽത്തറമുക്കിനു സമീപത്തു മോഷണം നടത്താനെത്തുന്നു (വിഡിയോ ദൃശ്യം).
പിടിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപു പക്കി സുബൈർ ചെട്ടികുളങ്ങര ഈരേഴ തെക്ക് ആൽത്തറമുക്കിനു സമീപത്തു മോഷണം നടത്താനെത്തുന്നു (വിഡിയോ ദൃശ്യം).

നൂറോളം മോഷണക്കേസുകളിൽ പ്രതിയായ സുബൈറിനെ 2022 ഫെബ്രുവരിയിൽ മാവേലിക്കര പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ 2 മാസം മുൻപാണു ജയിലിൽ നിന്നിറങ്ങിയത്. തുടർന്നു മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, ശാസ്താംകോട്ട, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകർത്തും വീടുകളും കടകളും കുത്തിത്തുറന്നും ഇരുന്നൂറോളം മോഷണം നടത്തി. കഴിഞ്ഞ 3നു മാവേലിക്കര കൊച്ചിക്കൽ കുരിശടി, സമീപത്തെ 4 വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ സുബൈർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

പക്കിയ്ക്കു തൊട്ടതെല്ലാം പിഴച്ച ദിനം
മാവേലിക്കര ∙ റെയിൽവേ ട്രാക്കിലൂടെ നടന്നു ഈരേഴ തെക്ക് വേമ്പനാട് ജംക്‌ഷനിലെത്തിയ പക്കി സുബൈർ ഇവിടെ എൻഎസ്എസ് കരയോഗ മന്ദിരം ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു മോഷണ ശ്രമം നടത്തിയത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് 14–ാം നമ്പർ എൻഎസ്എസ് കരയോഗം വക കെട്ടിടത്തിന്റെ പിറകു വശത്തുള്ള ഷട്ടർ കുത്തിത്തുറന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അമ്മ ഓൺലൈൻസ്, ലക്ഷ്മി കൺസ്ട്രക്‌ഷൻ ഓഫിസ്, രാജപ്പൻ സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങളുടെ താഴ് തകർത്തു മോഷണ ശ്രമം നടത്തി. ഇവിടങ്ങളിൽ പണം ഇല്ലാതിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചതായാണു പൊലീസ് കരുതുന്നത്. തുടർന്നാണു ആൽത്തറമുക്കിലും ളാഹ ലവൽക്രോസിനു സമീപവും എത്തി മോഷണത്തിനു ശ്രമിച്ചത്. ഇവിടങ്ങളിലെ ശ്രമം പരാജയപ്പെട്ട പക്കി സുബൈർ തിരികെ പോകുന്നതിനാണു ട്രാക്കിലൂടെ മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്.

മാവേലിക്കര എസ്എച്ച്ഒ (ഇൻചാർജ്) ഇ.നൗഷാദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്.അനിൽ, അജിത് ഖാൻ, എം.എസ്.എബി, ഐ.നിസാറുദ്ദീൻ, വി.രമേഷ്, എഎസ്ഐ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, നോബിൾ, പ്രദീപ്, രാജേഷ് സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, സിയാദ്, ബോധിൻ, ജവഹ‍ർ, അനന്തമൂർത്തി, അജീഷ്, കാർത്തിക് മോഹൻ, സലാഹുദീൻ, ശരവണൻ, മധു കിരൺ, ഹോം ഗാർഡ് സുകേശൻ എന്നിവരുൾപ്പെടുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. അടിവസ്ത്രം മാത്രം ധരിച്ചു മോഷണം നടത്തുന്ന പ്രതി കൂടുതലും റെയിൽവേ ട്രാക്കിലൂടെ നടന്നാണു വിവിധയിടങ്ങളിൽ എത്തിയിരുന്നത്.

കുടുക്കിയതു ഗേറ്റ് കീപ്പറുടെയും വീട്ടുകാരുടെയും ജാഗ്രത
കണ്ടിയൂർ–കൊച്ചിക്കൽ–ഒന്നാംകുറ്റി റോഡിലൂടെ കൈലി മാത്രം ധരിച്ചു നടന്നെത്തിയ പക്കി സുബൈർ ചെട്ടികുളങ്ങര ആൽത്തറമുക്കിനു സമീപത്തെ കടയിലും വീട്ടിലും മോഷണം നടത്താൻ ശ്രമിച്ചു. ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നതോടെ മതിൽ ചാടി സമീപത്തെ വീട്ടുവളപ്പിലെത്തി. അയൽവാസികൾ പരസ്പരം വിവരം അറിയിച്ചതോടെ പല വീടുകളിലും ആളുകൾ ഉണർന്നു. പക്കി സുബൈർ ഇവിടെ നിന്നും ലവൽക്രോസിനു കിഴക്കുള്ള വീട്ടിലെത്തി സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ വീട്ടുടമസ്ഥൻ ഈരേഴ തെക്ക് വന്മേലി മുറിയിൽ ഹരീഷ് കുമാറിനു ഒരു മോഷ്ടാവ് പ്രദേശത്ത് എത്തിയിട്ടുണ്ട് എന്നറിയിച്ചു സുഹൃത്തിന്റെ മൊബൈൽ ഫോൺവിളി എത്തിയത്. ഫോണിൽ സംസാരിക്കുമ്പോഴാണു മുറ്റത്തിരുന്ന സ്കൂട്ടർ അപഹരിക്കാനുള്ള പക്കി സുബൈറിന്റെ ശ്രമം ഹരി കണ്ടത്. വീട്ടുകാർ ബഹളം വച്ചതോടെ പക്കി സുബൈർ ഓടി റെയിൽവേ ട്രാക്കിൽ കയറി മാവേലിക്കര ഭാഗത്തേക്കു പോകുകയായിരുന്നു.

റെയിൽവേ ട്രാക്കിലൂടെ ഒറ്റയ്ക്ക് സഞ്ചാരം
ഒറ്റയ്ക്കു മോഷണം നടത്തുന്ന സുബൈർ റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടന്നാണു മോഷണ സ്ഥലത്ത് എത്തുന്നത്. റോഡിലൂടെ സഞ്ചരിച്ചു പൊലീസ് പട്രോളിങ് സംഘത്തിന്റെ കയ്യിൽപ്പെടാതിരിക്കാനാണു റെയിൽവേ ട്രാക്ക് സഞ്ചാരം. പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ചു വിവിധ സ്ഥലങ്ങളിലെത്തുന്ന സുബൈർ യാത്രയ്ക്കിടയിലാണ് ഉറങ്ങുന്നത്. ലോഡ്ജുകളിൽ താമസിക്കില്ല. രാത്രി എത്തുന്ന സ്ഥലത്തു മോഷണം നടത്തി മടങ്ങും. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത സുബൈർ മോഷണം നടത്തുന്ന വീട്ടിൽ നിന്നു മുണ്ടും ഷർട്ടും എടുത്തു ധരിക്കുകയും താൻ ധരിച്ച വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു കയ്യിൽ ആയുധവുമായാണു മോഷണ സ്ഥലത്ത് എത്തിയിരുന്നത്. ആളുകൾ ഉള്ള വീട്ടിലും മോഷ്ടിക്കാൻ കയറുന്ന ഇയാൾ എതിർത്താൽ ആക്രമിക്കുന്ന പ്രകൃതക്കാരനാണ്. മോഷണം നടത്താൻ കണ്ടുവെയ്ക്കുന്ന വീടുകളുടെയും ആരാധനാലയങ്ങളുടെയും സമീപം നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്നോ പശുത്തൊഴുത്തിൽ നിന്നോ ആണു മോഷണത്തിനായി കമ്പിയും മറ്റും എടുത്തിരുന്നത്.

2022ൽ പക്കിയെ കുടുക്കിയതു ലോട്ടറി ഭ്രമം
2022ൽ പക്കി സുബൈർ പിടിയിലായതു ലോട്ടറി ഭ്രമം മൂലമാണ്. ആലപ്പുഴ ജില്ലയിൽ മോഷണം വർധിച്ചതോടെ പക്കി സുബൈറിനെ പിടികൂടാനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അയാളുടെ സ്വഭാവ രീതി ബന്ധുക്കളോട് അന്വേഷിച്ചു. കഞ്ചാവ് ഉപയോഗിക്കുന്ന സുബൈർ സ്ഥിരമായി ധാരാളം ലോട്ടറി ടിക്കറ്റ് എടുക്കുമെന്ന സൂചനയാണു അന്നു പൊലീസിനു പിടിവള്ളിയായത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ ലോട്ടറി കേന്ദ്രങ്ങളിൽ നിന്നു സ്ഥിരമായി അധികം ലോട്ടറി എടുക്കുന്നവരെ അന്വേഷിച്ചു.

ആദ്യം ബസ് സ്റ്റാൻഡുകളിലെ ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.മോഷണം ന‌ടത്തുന്ന സ്ഥലങ്ങൾക്കു പുറത്തു നിന്നു സ്ഥിരമായി ലോട്ടറി അധികമായി വാങ്ങുന്ന സുബൈറിനെക്കുറിച്ചു ലഭിച്ച സൂചനയിൽ പൊലീസ് പല ദിവസങ്ങളിലും വേഷം മാറി ലോട്ടറിക്കടയിൽ കാത്തുനിന്നു. ലോട്ടറി ഫലം നോക്കാൻ വന്ന സുബൈറിനെ തിരിച്ചറിഞ്ഞു രഹസ്യമായി പിന്തുടർന്നു പിടികൂടുകയായിരുന്നു. മോഷ്ടിച്ചു ലഭിക്കുന്ന പണം കഞ്ചാവ്, ലോട്ടറി ടിക്കറ്റ് എന്നിവയ്ക്കായാണു ചെലവഴിച്ചത്.

English Summary:

The notorious thief 'Pakki Subair' was chased by the police and caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com