മുകുന്ദയ്ക്ക് നൽകിയ വാക്കുപാലിക്കാൻ പശുക്കിടാവുമായി ഗോശാലയിലെത്തി സുരേഷ് ഗോപി
Mail This Article
പള്ളിക്കത്തോട് ∙ ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി, മുകുന്ദയ്ക്ക് ഒരു പശുക്കിടാവിനെയുമായി. ഇന്നലെ രാവിലെ 10.30നാണ് സുരേഷ് ഗോപി രോഹിണി വീട്ടിലെത്തുന്നത്. പത്തു വയസ്സുകാരി മുകുന്ദയ്ക്കു മാസങ്ങൾക്കു മുൻപ് നൽകിയ വാക്കുപാലിക്കാനായിരുന്നു സന്ദർശനം. വീട്ടിലെത്തിയ കേന്ദ്രമന്ത്രിയെ ആരതി ഉഴിഞ്ഞ് മുകുന്ദയും അമ്മ മീരയും സ്വീകരിച്ചു. തുടർന്നു പിതാവ് വി.ഹരിക്കൊപ്പം മുകുന്ദ സുരേഷ് ഗോപിയെ ഗോശാലയിലേക്ക് ആനയിച്ചു. ദേവകി, മാളു, ജാനു എന്നിങ്ങനെ ഓരോരുത്തരെയും മുകുന്ദ തന്നെ പരിചയപ്പെടുത്തി. ഇതിനിടയിൽ ഓടി വന്ന പത്മാവതിയെന്ന പശുക്കുട്ടിയെയും പരിചയപ്പെടുത്താൻ മുകുന്ദ മറന്നില്ല.
മഹാലക്ഷ്മി ഗോശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഓർഗാനിക് ഫാമിങ് വളങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും വി.ഹരിയിൽ നിന്നു ചോദിച്ചറിഞ്ഞു. ക്ഷീരമേഖലയെ സ്നേഹിക്കുന്ന മുകുന്ദയെപ്പോലുള്ള മിടുക്കരായ കുട്ടികൾ വളർന്നുവരണമെന്നു സുരേഷ് ഗോപി പറഞ്ഞു. മടങ്ങുന്നതിനു തൊട്ടുമുൻപ് മുകുന്ദയ്ക്കായി കരുതിയിരുന്ന പശുക്കുട്ടിയെ കൈമാറി. രമണിയെന്ന പേരും നിർദേശിച്ചു. പിന്നാലെ കേന്ദ്രമന്ത്രിക്ക് അദ്ദേഹത്തിന്റെ ചിത്രം വരച്ചത് മുകുന്ദയും നൽകി. പിന്നീട് പാൽ ചുരത്തുന്ന പശുവിനെയും നൽകുമെന്നു മുകുന്ദയ്ക്കു വാക്കു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, വാഴൂർ മണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.