ഉയരപ്പാത നിർമിക്കുമ്പോൾ ചെളിക്കുളമായി അരൂർ – തുറവൂർ ‘നാട്ടുപാത’; തൊഴിലാളികളുമായി സംഘർഷം
Mail This Article
തുറവൂർ ∙ മഴയെത്തുടർന്ന് അരൂർ–തുറവൂർ പാതയിൽ വീണ്ടും യാത്രാദുരിതമേറുന്നു. സർവീസ് റോഡ് നിർമിച്ച ഭാഗങ്ങളിൽ കുഴികൾ നിറഞ്ഞു വെള്ളക്കെട്ടായി. പൈലിങ്ങിനിടെ രൂപപ്പെടുന്ന ചെളി ഇരുമ്പ് ബാരിക്കേഡിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതു നീക്കം ചെയ്യുന്നുണ്ടെങ്കിലും ശക്തമായ മഴയിൽ ചെളി പാതയിലേക്ക് ഒലിച്ചിറങ്ങുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നു. പാതയിലേക്കു ചെളി ഒലിച്ചിറങ്ങിയതിനെച്ചൊല്ലി കഴിഞ്ഞദിവസം ചന്തിരൂരിൽ നാട്ടുകാരും തൊഴിലാളികളുമായി സംഘർഷവുമുണ്ടായി. ചെളി യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഇടപെടലിനെത്തുടർന്നു നിയമിച്ച അമിക്കസ്ക്യൂറിയും കലക്ടറും നിർദേശം നൽകിയിരുന്നു. എന്നാൽ ചെളിനീക്കം ഇപ്പോഴും ഇഴയുകയാണ്.
ചെളിവെള്ളം തോട്ടിലൊഴുക്കി; പൊലീസെത്തി തടഞ്ഞു
നിർമാണസ്ഥലത്തു നിന്നുള്ള ചെളിവെള്ളം ടാങ്കർ ലോറികളിലെത്തിച്ച് ചന്തിരൂർ പുത്തൻതോട്ടിലേക്ക് ഒഴുക്കി. നാട്ടുകാർ ഇടപെട്ടതോടെ പൊലീസെത്തി തടഞ്ഞു. രാത്രിയും പകലുമായി ഒട്ടേറെ ടാങ്കർ ലോറികളിൽ എത്തിക്കുന്ന ചെളിവെള്ളം തോട്ടിലേക്ക് ഒഴുക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. മന്ത്രി പി.പ്രസാദ്, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെളിവെള്ളം പുത്തൻതോട്ടിൽ ഒഴുക്കരുതെന്ന് കരാർ കമ്പനിയോട് പറയുകയും ചെയ്തിരുന്നു. എന്നിട്ടും ചെളിവെള്ളം തോട്ടിലേക്ക് തള്ളുകയാണെന്നാണ് ആരോപണം.
തുറവൂർ – അരൂർ ജനകീയസമിതി മനുഷ്യച്ചങ്ങല നാളെ
തുറവൂർ ∙ ഉയരപ്പാത നിർമാണത്തെത്തുടർന്നുള്ള യാത്രാപ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തുറവൂർ–അരൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ റോഡിന്റെ കിഴക്കുഭാഗത്ത് മനുഷ്യച്ചങ്ങല തീർക്കും. അരൂർ ബൈപാസ് ജംക്‌ഷൻ മുതൽ തുറവൂർ കവല വരെയാണ് മനുഷ്യച്ചങ്ങല ഒരുക്കുന്നത്. വൈകിട്ട് 4.30 മുതൽ 4.40 വരെയാണ് പ്രതിഷേധം. റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചങ്ങലയിൽ അണിചേരും.