ADVERTISEMENT

പാലക്കാട് ∙ എറണാകുളത്തു നിന്ന് പാലക്കാടു വഴി ബെംഗളൂരുവിലേക്കു 31ന് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള റേക്ക് ഷെ‍ാർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. നേരത്തെ കെ‍ാല്ലത്തും എറണാകുളത്തുമായി കിടന്നിരുന്ന വന്ദേഭാരത് റേക്ക് മംഗളൂരുവിലേക്കു മാറ്റിയിരുന്നു. പകരം ഒ‍ാറഞ്ച് നിറമുള്ള, 8 കേ‍ാച്ചുള്ള റേക്ക് പുതിയ സർവീസിന് ഉപയേ‍ാഗിക്കാനാണു ദക്ഷിണ റെയിൽവേയുടെ നിർദേശം.

ചക്രങ്ങളുടെ തേയ്മാന പരിശേ‍ാധനയ്ക്കും (വീൽ ടേൺ) അറ്റകുറ്റപ്പണിക്കും ശേഷമാണ് റേക്ക് ഷൊർണൂരിൽ നിന്നു കെ‍ാണ്ടുപേ‍ായത്. ക്രിസ്മസ് – ന്യൂഇയർ സമയത്ത് കേ‍ാട്ടയം – ബെംഗളൂരു വന്ദേഭാരത് താൽക്കാലിക സർവീസ് നടത്തിയിട്ടുള്ളതിനാൽ റൂട്ടിൽ പരീക്ഷണ ഒ‍ാട്ടമുണ്ടാകില്ല. 31ന് ഉച്ചയ്ക്ക് 12.50ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിൻ അടുത്ത മാസം 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തേക്കും സർവീസ് നടത്തും. ഇടദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തും. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ട്രെയിൻ സ്ഥിരമാക്കാനാണു സാധ്യത.

ട്രെയിൻ പ്രഖ്യാപിച്ച് രണ്ടുദിവസത്തിനകം വലിയതേ‍ാതിലാണു ടിക്കറ്റ് ബുക്കിങ്. തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം, എന്നിവിടങ്ങളിലാണു സ്റ്റേ‍ാപ്പ്. സേലത്തുനിന്നു ധർമപുരി റൂട്ടിനു പകരം ജേ‍ാലാർപേട്ട് വഴിയാണു പേ‍ാകുന്നത്. ധർമപുരി സിംഗിൾ പാതയിലെ വേഗനിയന്ത്രണമാണു കാരണം. ജേ‍ാലാർപേട്ട് പാതയിൽ 120 കിലേ‍ാമീറ്റർ വേഗം ലഭിക്കും. വാളയാർ വനത്തിനുള്ളിലൂടെയുള്ള എ, ബി എന്നീ ഒറ്റ ഇരട്ടലൈനിൽ (ട്വിൻ സിംഗിൾലൈൻ) ബെംഗളൂരുവിലേക്കു ബി ട്രാക്കിലൂടെയും മടക്കത്തിൽ എ ലൈനിലൂടെയും ട്രെയിൻ കടത്തിവിടും. വന്യമൃഗങ്ങൾ അപകടത്തിൽപെടാതിരിക്കാൻ ഇവിടെ വേഗ നിയന്ത്രണം നിലവിലുണ്ട്.

വന്ദേഭാരത് സമയക്രമം 
∙ 06001 എറണാകുളം –ബെംഗളൂരു
എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10). 


∙ 06002 ബെംഗളൂരു –എറണാകുളം 
ബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

English Summary:

Vandebharat Express: New Service from Ernakulam to Bengaluru Commencing 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com