കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും; ഒട്ടേറെ വീട്ടുകാർ വെള്ളക്കെട്ടിൽ
Mail This Article
ആലപ്പുഴ ∙ കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും. നാല് മാസത്തിലേറെയായി അനുഭവിക്കുന്ന കൊതുകിന്റെയും കൂത്താടിയുടെയും ശല്യവും മാലിന്യങ്ങളുടെ രൂക്ഷഗന്ധവും വല്ലാതെ വിഷമിപ്പിച്ചെന്നു കരളകം, കൊറ്റംകുളങ്ങര വാർഡുകളിലെ ജനങ്ങൾ പറഞ്ഞു. ഒട്ടേറെ വീട്ടുകാരാണ് ഇവിടെ ഇപ്പോഴും വെള്ളക്കെട്ടിൽ കഴിയുന്നത്.വെള്ളക്കെട്ട് തുടങ്ങിയപ്പോൾ മുതൽ കൊതുകു നശീകരണവും ആരോഗ്യ പരിപാലനവും നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഇതിനിടെ കഴിഞ്ഞ 14 ന് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.
കരളകം നിലംനികത്തിൽ ഒരു തൊഴിലുറപ്പ് തൊഴിലാളിക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടും പരിസരത്തെ മറ്റ് വീടുകളും മാസങ്ങളായി വെള്ളത്തിലാണ്. വീട്ടുമുറ്റത്തും വഴിയിലും പുരയിടത്തിലും മാലിന്യം നിറഞ്ഞ് ചെളിയും വെള്ളവും ആണ്. ഇതിലൂടെ നീന്തി കാലുകൾക്ക് രോഗം വന്നു. കുഞ്ഞുങ്ങൾക്കും പ്രായം ചെന്നവർക്കും പനി വിട്ടുമാറുന്നില്ല.
പടിഞ്ഞാറെ തോട്ടാത്തോട് പുതിയ പാലം നിർമിക്കാനാണ് ഏപ്രിൽ 2 ന് നിലവിലുള്ള പാലം പൊളിച്ചത്. താൽക്കാലിക ബണ്ടും നിർമിച്ചു. അതോടെ കരളകം പാടത്തെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ 3 തവണ വെള്ളപ്പൊക്കം ബാധിച്ചു. നാലാം തവണ മുങ്ങിയതാണ് ഓണക്കാലവും ദുരിതത്തിലാക്കിയതെന്നു നാട്ടുകാർ പറഞ്ഞു.