ബെംഗളൂരുവിൽ നിന്ന് ഓണം ആഘോഷിക്കാനെത്തിയ ‘ചിക്കി’നെ കാണാതായി; കണ്ടെത്തി നൽകുന്നവർക്ക് 5,000 രൂപ സമ്മാനം
Mail This Article
ആലപ്പുഴ∙ ബെംഗളൂരുവിൽ നിന്ന് ഓണം ആഘോഷിക്കാൻ കേരളത്തിലെത്തിയ ചിക്കിനെ കാണാതായി. ചിക്ക് എന്ന നാലര വയസ്സുള്ള നാടൻ പെൺ നായയെ കാത്തിരിക്കുകയാണു ബെംഗളൂരുവിലെ ഐടി ഉദ്യോഗസ്ഥൻ ഉണ്ണിക്കൃഷ്ണനും കുടുംബവും. തിരുവോണ നാളിൽ ചെറിയ കലവൂരിനു സമീപത്തെ വീട്ടിൽ നിന്നാണു നായയെ കാണാതായത്. നായയെ കണ്ടെത്തി നൽകുന്നവർക്ക് 5,000 രൂപ സമ്മാനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ ഉല്ലാസ് കൃഷ്ണൻ ജോലിയിൽ നിന്ന് അവധിയെടുത്ത് നാട്ടിൽ നായയെ തിരയുകയാണ്.
15ന് ചിക്കിനെ വീട്ടിൽ തനിച്ചാക്കി വൈകിട്ടോടെ പുറത്തേക്കു പോയി. ഏതാനും മണിക്കൂറുകൾക്കു ശേഷം കുടുംബം തിരികെയെത്തുമ്പോൾ നായ വീട്ടിലുണ്ടായിരുന്നില്ല. ഇതിനിടയിൽ പുലികളി വന്നുപോയിരുന്നതിനാൽ മേളത്തിന്റെയും വെടി പൊട്ടിക്കുന്നതിന്റെയും ശബ്ദം കേട്ടു ഭയന്ന് ഓടിപ്പോയിരിക്കാമെന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്. ചിക്കിനു വെടിശബ്ദം ഭയമാണ്.
2020 ലാണ് ഇവർ ചിക്കിനെ വളർത്താൻ തുടങ്ങിയത്.ഉണ്ണിക്കൃഷ്ണൻ ബെംഗളൂരുവിലേക്കു മടങ്ങിയെങ്കിലും ഉടൻ തിരിച്ചെത്തി നായയെ തിരച്ചിൽ തുടരും. കാണാതാകുമ്പോൾ ചിക്ക് ഡിസൈനോടു കൂടിയ കറുത്ത കോളർ ധരിച്ചിട്ടുണ്ടായിരുന്നു. ഇടതു ചെവിയിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുമുണ്ട്. ഫോൺ: 94956 48207, 75599 78356