വരുന്നത് വ്യവസായ മഹാനഗരം; പാലക്കാട് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി മാറും
Mail This Article
പാലക്കാട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉറപ്പുകൾ യാഥാർഥ്യമാകുമെങ്കിൽ കൊച്ചി–ബെംഗളൂരു വ്യവസായ നഗരം പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി പാലക്കാട് മാറും. കാർഷികമേഖലയ്ക്ക് ഉൾപ്പെടെ വലിയ നേട്ടവും ആയിരക്കണക്കിനാളുകൾക്കു തൊഴിലും വരുമാനവും വരുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായ പുതുശ്ശേരി വെസ്റ്റിലും കണ്ണമ്പ്രയിലും ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് ഊന്നൽ നൽകുന്ന വ്യവസായങ്ങളാണ് പ്രധാനമായും വരിക. കാർഷികോൽപന്നങ്ങളായ നെല്ല്, നാളികേരം, നേന്ത്രക്കായ എന്നിവയുടെ സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിനും ഇവ സഹായകരമാകും. കണ്ണമ്പ്ര കേന്ദ്രീകരിച്ച് റബർ അനുബന്ധ വ്യവസായങ്ങളും ധാരാളമായി വരുന്നത് കർഷകർക്കു നേട്ടമാകും.
പുതുശ്ശേരി സെൻട്രലിൽ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് പ്രാധാന്യം നൽകുന്നത് വാണിജ്യനേട്ടമാകും.
മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ള കേരളത്തിൽ പ്രമുഖ മരുന്ന് കമ്പനികൾ വരും. റോബട്ടിക് പോലെയുള്ള വ്യവസായങ്ങൾക്കു വഴിതുറക്കുന്നതാണ് ഹൈടെക് വ്യവസായ മേഖല. പ്ലാസ്റ്റിക് പുനരുപയോഗത്തിന് പരമാവധി പ്രാധാന്യം നൽകുന്ന രീതിയിലാണ് വ്യവസായങ്ങൾ അനുവദിച്ചിട്ടുള്ളത്. പരിസ്ഥിതിക്ക് പ്രാധാന്യം നൽകിയുള്ള വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക. മൂന്നിടങ്ങളിലും ഗ്രീൻ ബെൽറ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്ക്കുന്നുണ്ട്. റോഡുകൾ, ജലസംവിധാനം, അഴുക്കുചാൽ, മലിനജല പുനരുപയോഗ ശൃംഖല, ജല ശുദ്ധീകരണ പ്ലാന്റ്, വൈദ്യുതി വിതരണം, ഖരമാലിന്യ സംസ്കരണം, പാർപ്പിടങ്ങളും പൊതു ഇടങ്ങളും ഒരുക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ഉറപ്പാക്കാനുള്ളത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ മന്ത്രിമാരായ പി.രാജീവ്, കെ. കൃഷ്ണൻകുട്ടി, എ.പ്രഭാകരൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്,കലക്ടർ ഡോ. എസ്. ചിത്ര, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ സന്ദർശിച്ചു.
കഞ്ചിക്കോട് വ്യവസായമേഖലയെയും പുനരുജ്ജീവിപ്പിക്കും: മന്ത്രി
കഞ്ചിക്കോട് ∙ നിർദിഷ്ട വ്യവസായനഗരം പദ്ധതി യാഥാർഥ്യമാകുന്നതോടെ കഞ്ചിക്കോടുള്ള വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുമെന്ന് മന്ത്രി പി.രാജീവ്. നിലവിൽ കഞ്ചിക്കോട്ടുള്ള വ്യവസായമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു പദ്ധതികൾ തയാറാക്കും. വ്യവസായത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലും പരിഷ്കാരം കൊണ്ടു വന്നിട്ടുണ്ട്. വ്യവസായ സംരംഭം ഉപേക്ഷിച്ചു പോകുമ്പോൾ ആ സ്ഥലം സർക്കാർ നേരിട്ട് ഏറ്റെടുക്കുന്നതിനു പകരം മറ്റൊരു വ്യവസായത്തിനായി കൈമാറുന്ന രീതി നടപ്പാക്കും. ഇതിലൂടെ വ്യവസായ ഭൂമി കിട്ടാനുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനാകും. കഞ്ചിക്കോട് വ്യവസായ മേഖലകളിൽ വൈദ്യുതി വിതരണത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരും.
കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമി തിരികെ കിട്ടിയാൽ നേട്ടമാകും. ലോജിസ്റ്റിക് പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ ആലോചിക്കാം. പക്ഷേ, കേന്ദ്രം ഭൂമി തിരിച്ചു തരുമോയെന്നതാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരം പദ്ധതിക്കായി എ.പ്രഭാകരൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഗുണകരമായെന്നും പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനവും പ്രധാനം
വ്യവസായ ക്ലസ്റ്ററുകൾ വരുന്ന മേഖലകളിലെല്ലാം അടിസ്ഥാനസൗകര്യങ്ങളും വരും. പുതിയ റോഡുകളും പാലങ്ങളും വരും. പാർപ്പിടങ്ങളും വരും. കഞ്ചിക്കോട് മേഖലയിൽ 2 റെയിൽവേ മേൽപാലങ്ങൾ വേണ്ടി വരും. പുതുശ്ശേരി സെൻട്രലിൽ 134.4 ഏക്കർ റോഡുകൾക്കായി നീക്കിവയ്ക്കും. 64.76 ഏക്കർ ഭൂമി താമസ ആവശ്യങ്ങൾക്കും 27 ഏക്കർ അടിസ്ഥാന സൗകര്യങ്ങൾക്കും 12.48 ഏക്കർ വാണിജ്യ ആവശ്യങ്ങൾക്കും നൽകും. പുതുശ്ശേരി വെസ്റ്റിൽ റോഡുകൾക്കായി 34.39 ഏക്കർ നീക്കിവയ്ക്കും. കണ്ണമ്പ്രയിൽ 40.38 ഏക്കർ ഭൂമി റോഡുകൾക്കായും 4.66 ഏക്കർ താമസ ആവശ്യങ്ങൾക്കും 2.94 ഏക്കർ വാണിജ്യ ആവശ്യങ്ങൾക്കും 4.72 ഏക്കർ അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാകും.
100 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സോളർ പ്ലാന്റും വിൻഡ് മില്ലും
കഞ്ചിക്കോട് ∙ നിർദിഷ്ട പാലക്കാട് വ്യവസായ നഗരം പദ്ധതിയുടെ ഭാഗമായി കിൻഫ്ര ഏറ്റെടുത്ത ഭൂമിയിൽ 100 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളർ പ്ലാന്റും വിൻഡ് മില്ലും ഒരുക്കും. പുതുശ്ശേരി സെൻട്രൽ വില്ലേജിനു കീഴിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥ സംഘം അടുത്ത ദിവസങ്ങളിൽ സ്ഥലത്ത് പരിശോധന നടത്തും. നിലവിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയിലുള്ള ‘വലിയേരി’ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ പദ്ധതിക്കായി ഉപയോഗിക്കും. ഇവിടെ മിനി ഡാം നിർമിച്ചാണ് വ്യവസായ നഗരം പദ്ധതിക്കാവശ്യമായ വെള്ളം കണ്ടെത്തുക.
വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിൽ അച്ചടിമാധ്യമങ്ങൾ പോസിറ്റീവ്: മന്ത്രി
പാലക്കാട് ∙ കേരളത്തിന്റെ വ്യവസായ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിലെ അച്ചടിമാധ്യമങ്ങൾ വളരെ ‘പോസിറ്റീവ്’ ആണെന്നു മന്ത്രി പി.രാജീവ്. പാലക്കാട് വ്യവസായനഗരം പദ്ധതിയുമായി ബന്ധപ്പെട്ടു വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിലെ ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയ വിഷയം ‘മലയാള മനോരമ’ ഉൾപ്പെടെയുള്ള ദിനപത്രങ്ങൾ മുഖപ്രസംഗമാക്കി. വ്യവസായ വികസനത്തെ സഹായിക്കും വിധമുള്ള വാർത്തകളും നൽകുന്നു. സർക്കാർ ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കി എന്ന തലത്തിലല്ല, കേരളത്തിലേക്കു കൂടുതൽ നിക്ഷേപവും തൊഴിലവസരവും വരുന്നു എന്ന നിലയ്ക്കാണ് ഇത്തരം നേട്ടങ്ങളെ കാണേണ്ടത്.
ഒരു ലക്ഷത്തോളം തൊഴിൽ സാധ്യത
നേരിട്ടുള്ള തൊഴിൽ പ്രതീക്ഷിക്കുന്നത്–27,981
പരോക്ഷമായ തൊഴിൽസാധ്യത–20,986
അനുബന്ധ തൊഴിൽസാധ്യത–48,697
ഓരോ മേഖലയിലും വിവിധ വ്യവസായങ്ങൾക്കായി നീക്കിവച്ച ഭൂമിയുടെ അളവ് (ഏക്കറിൽ)
പുതുശ്ശേരി സെൻട്രൽ
ഫാർമസ്യൂട്ടിക്കൽ മേഖല: 430
ഹൈ ടെക് മേഖല: 96.5
നോൺ മെറ്റാലിക് – മിനറൽ ഉൽപന്നങ്ങൾ: 42.3
ടെക്സ്റ്റൈൽ: 54.3
പുനരുപയോഗ വ്യവസായം: 59.6
പുതുശ്ശേരി വെസ്റ്റ്
ഭക്ഷ്യ സംസ്കരണം: 64.46
ഫാബ്രിക്കേറ്റഡ് മെറ്റൽ മേഖല: 52.94
പുനരുപയോഗ വ്യവസായം: 12.79
കണ്ണമ്പ്ര
ഭക്ഷ്യസംസ്കരണമേഖല: 107.34
നോൺ–മെറ്റാലിക് ആൻഡ് മിനറൽ ഉൽപന്നങ്ങൾ: 20.1
റബർ ആൻഡ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ: 30.67
പുനരുപയോഗ വ്യവസായം:11.56