ADVERTISEMENT

കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന ആശയം ഒരു സിനിമയിൽ നിന്നാണു പ്രതി മാത്യൂസിനു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ തിരിച്ചറിഞ്ഞു. കുഴിയിൽ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. യൂ ട്യൂബിൽ കണ്ട ഒരു മലയാള സിനിമയിൽ‍ ഇങ്ങനെ ചെയ്യുന്നതു കണ്ടെന്നു മാത്യൂസ് പൊലീസിനോടു പറഞ്ഞു. കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല.

സുഭദ്ര ധരിച്ചിരുന്ന മാല പ്രതികൾ താമസിച്ചിരുന്ന കോർത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടിൽ നിന്നു പൊലീസ് ഇന്നലെ കണ്ടെടുത്തു. സ്വർണമാണെന്നു കരുതിയാണു മാല എടുത്തതെങ്കിലും മുക്കുപണ്ടമാണെന്നു മനസ്സിലാക്കി തോട്ടിലേക്ക് എറിഞ്ഞതായി മാത്യൂസ് മൊഴി നൽകിയിരുന്നു. 19നു പ്രതികളെ കൂട്ടി പൊലീസ് ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങൾ നീക്കിയപ്പോഴാണു മാല കണ്ടെത്തിയത്.

തെളിവെടുപ്പും തെളിവു ശേഖരണവും പൂർത്തിയാക്കി ഇന്നലെ വൈകിട്ടു പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി. 19നാണ് ഒന്നും രണ്ടും പ്രതികളായ കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ–35) എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്നാം പ്രതി റെയ്നോൾഡിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അടുത്തയാഴ്ച കോടതിയിൽ അപേക്ഷ നൽകും.

English Summary:

A 73-year-old woman from Kochi was found buried with sugar after being murdered. The accused, inspired by a movie, believed the sugar would accelerate decomposition. However, the plan failed due to the depth of the grave. Police continue to uncover evidence, recovering the victim's necklace from a nearby canal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com