ഇങ്ങനെയും വികസനം ! വാഹനം എത്തിച്ചേരാത്ത സ്ഥലത്ത് 25 ലക്ഷത്തിന്റെ ഗോഡൗൺ
Mail This Article
കലവൂർ ∙ ലോറി എത്തിച്ചേരാൻ വഴിയില്ലാത്ത സ്ഥലത്ത് കാൽ കോടിയോളം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച ഗോഡൗൺ ഉപയോഗശൂന്യം. വിശാലമായ ഗോഡൗൺ കെട്ടിടം പണിതെങ്കിലും ഇവിടേക്കുള്ള വഴിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. ഗോഡൗൺ കെട്ടിടത്തിലേക്ക് 8 മീറ്റർ നീളത്തിൽ 1 മീറ്റർ വീതിയുള്ള വഴി മാത്രമാണുള്ളത്. ലോറിയിൽ നിന്നു ഇവിടേക്ക് തലച്ചുമടായി സാധനങ്ങൾ എത്തിക്കാമെന്ന് വിചാരിച്ചാൽ വലിയ ലോറികൾ കയറാത്ത റോഡാണ് സമീപമുള്ളത്.
മണ്ണഞ്ചേരി പഞ്ചായത്തിൽ കാവുങ്കൽ കിഴക്ക് പെരുന്തുരുത്ത് നെല്ല് സംഭരണശാലയ്ക്കാണ് ഈ ഗതി. കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് കോർപറേഷൻ ഇവിടേക്ക് 7000 കിലോയോളം നെൽവിത്ത് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പെരുന്തുരുത്തിക്കരി പാടശേഖരത്തിലെ 165 ഏക്കറിലെ കർഷകർക്കുളള നെൽവിത്തായിരുന്നു. എന്നാൽ ലോറിക്ക് കയറാൻ കഴിയാതെ വന്നതോടെ പൊന്നാട് വാടക ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു.
പാടശേഖര സമിതിക്ക് സ്വന്തമായി ഗോഡൗൺ പണിതിട്ടും വാടക കൊടുക്കേണ്ടിവരുന്നത് ഓഡിറ്റിങ്ങിലും പ്രശ്നമാകും. ഗോഡൗൺ പണിത സ്ഥലം സംബന്ധിച്ചും ആശങ്കയുണ്ട്. കായൽ തീരത്തോടു ചേർന്ന ചതുപ്പിലാണ് കെട്ടിടമുള്ളത്. ഇവിടേക്കുള്ള വഴിയിലും ചെളിവെള്ളമാണ്. വേലിയേറ്റത്തിനു വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. ഗോഡൗണിലേക്ക് വീതിയുള്ള വഴിക്കായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നു പെരുന്തുരുത്തിക്കരി പാടശേഖര സമിതി സെക്രട്ടറി എൻ.വി.സുദേവ് പറഞ്ഞു.