ADVERTISEMENT

ആലപ്പുഴ ∙ തീരദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കി രൂക്ഷമായ കടലാക്രമണവും പിന്നാലെ ചിലയിടങ്ങളിൽ കടൽ ഉൾവലിയലും. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴയ്ക്കു സമീപം ഒറ്റപ്പന, കാക്കാഴം എന്നിവിടങ്ങളിലാണ് ശക്തമായ തിര തീരത്തേക്ക് അടിച്ചു കയറിയത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ കടലാക്രമണം ചിലയിടങ്ങളിൽ തുടരുകയാണ്.  അതേസമയം തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തോടു ചേർന്ന് ഇന്നലെ വൈകിട്ട് 6ന് ശേഷം കടൽ 150 മീറ്റർ ഉൾ‌‌വലിഞ്ഞു. പൊഴിമുഖം മുതൽ പല്ലന തീരം വരെ 400 മീറ്റർ ഭാഗത്താണ് ഈ പ്രതിഭാസം ഉണ്ടായത്. ഇവിടെ കടൽ ഉണ്ടായിരുന്ന ഭാഗം ചെളിയായി മാറി.

ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം ഇന്നലെ വൈകിട്ട് കടൽ ഉൾവലിഞ്ഞപ്പോൾ.
ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം ഇന്നലെ വൈകിട്ട് കടൽ ഉൾവലിഞ്ഞപ്പോൾ.

ഉൾവലിഞ്ഞതിന്റെ തെക്കുഭാഗത്ത് ഇതേ സമയം ശക്തമായ കടൽക്ഷോഭവും ഉണ്ടായി. കടൽ ഉൾവലിഞ്ഞ പ്രദേശത്ത് പൊലീസെത്തി തീരത്തേക്കു നാട്ടുകാർ പോകുന്നതു തടഞ്ഞു. ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ചൊവ്വാഴ്ച രാത്രി 12നു ശേഷം ഉണ്ടായ കടലാക്രമണത്തിൽ തീരദേശ റോഡിലും 2 പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകളിലും വെള്ളം കയറി. തീരദേശ റോഡിൽ മണ്ണ് മൂടിയതോടെ ബസ് സർവീസ് ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കാക്കാഴം, ഒറ്റപ്പന തീരത്ത് 20ൽ അധികം വീടുകളിലേക്കു തിരമാലകൾ ഇരച്ചുകയറി. ഒറ്റപ്പന തീരത്തു കടൽഭിത്തി കവിഞ്ഞാണു കടൽ കരയിലേക്കും വീടുകളിലേക്കും കയറിയത്. ഇവിടെ കടൽഭിത്തി താഴുന്നതു തുടരുകയാണ്. കടൽത്തീരവും ദേശീയപാതയും തമ്മിലുള്ള അകലം ഇവിടെ 50 മീറ്ററിൽ താഴെയാണ്.



ശക്തമായ കടൽക്ഷോഭത്തിൽ ആറാട്ടുപുഴ തീരദേശ റോഡി‍ൽ കാർത്തിക ജംക്‌ഷൻ വെള്ളത്തിൽ 

മുങ്ങിയപ്പോൾ.
ശക്തമായ കടൽക്ഷോഭത്തിൽ ആറാട്ടുപുഴ തീരദേശ റോഡി‍ൽ കാർത്തിക ജംക്‌ഷൻ വെള്ളത്തിൽ മുങ്ങിയപ്പോൾ.

തൃക്കുന്നപ്പുഴയിൽ  നാട്ടുകാരുടെ  പ്രതിഷേധം
കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ തൃക്കുന്നപ്പുഴ പാനൂർ വാട്ടർ ടാങ്ക് ജംക്‌ഷനിൽ  തീരദേശ റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല. തുടർന്ന്, കാർത്തികപ്പള്ളി തഹസിൽദാർ സജീവ് കുമാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 

കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 

തൃക്കുന്നപ്പുഴ പാനൂർ വാട്ടർ ടാങ്ക് ജംക്‌ഷനിൽ നാട്ടുകാർ തീരദേശ റോഡ് ഉപരോധിച്ചപ്പോൾ.
കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃക്കുന്നപ്പുഴ പാനൂർ വാട്ടർ ടാങ്ക് ജംക്‌ഷനിൽ നാട്ടുകാർ തീരദേശ റോഡ് ഉപരോധിച്ചപ്പോൾ.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലെ കടലാക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പാനൂർ വരവുകാട് മദ്രസ ഹാളിൽ യോഗം ചേരുന്നതിനു ക്രമീകരണം ഏർപ്പെടുത്തുമെന്ന ഉറപ്പിലാണു സമരം അവസാനിച്ചത്. തഹസിൽദാർ നൽകിയ ഉറപ്പ് നാട്ടുകാർ മുദ്ര പത്രത്തിൽ എഴുതി വാങ്ങുകയും ചെയ്തു.  തൃക്കുന്നപ്പുഴ ചേലക്കാട് ഭാഗത്തും നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരുമായി കാർത്തികപ്പള്ളി തഹസിൽദാർ സജീവ് കുമാർ ചർച്ച നടത്തുന്നു.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരുമായി കാർത്തികപ്പള്ളി തഹസിൽദാർ സജീവ് കുമാർ ചർച്ച നടത്തുന്നു.

കടൽക്ഷോഭം ദുരിതബാധിതർക്കു സഹായം എത്തിക്കണമെന്നു കെ.സി
ആലപ്പുഴ∙ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞതിനെ തുടർന്നും കള്ളക്കടൽ പ്രതിഭാസത്തിലും പ്രയാസം അനുഭവിക്കുന്ന ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കെ.സി വേണുഗോപാൽ എംപി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പുലിമുട്ട് നിർമിക്കുന്നതിനു സർക്കാർ കാര്യമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിലുള്ള താൽക്കാലിക പ്രതിഭാസം പോലും സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. 

കടലാക്രമണത്തിൽ ആറാട്ടുപുഴ എസി പള്ളിക്ക് സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
കടലാക്രമണത്തിൽ ആറാട്ടുപുഴ എസി പള്ളിക്ക് സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

മണൽ ചാക്ക് നിക്ഷേപിച്ച് കടലാക്രമണം തടയുന്നതിനുള്ള  നടപടിയെങ്കിലും സർക്കാർ സ്വീകരിക്കണം. കടലാക്രമണം ചെറുക്കുന്നതിനായി പ്രീ മൺസൂൺ മുന്നൊരുക്കങ്ങൾക്ക് വേണ്ടി അനുവദിച്ച തുക പോലും വേണ്ട വിധം ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെസി ആരോപിച്ചു

150 മീറ്റർ 
തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തോടു 
ചേർന്ന്  ഇന്നലെ വൈകിട്ട് 6ന് ശേഷം
കടൽ 150 മീറ്റർ ഉൾ‌‌വലിഞ്ഞു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com