വേമ്പനാട്ടുകായലിനെ സംരക്ഷിക്കുക; ശിൽപശാല സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം
Mail This Article
ആലപ്പുഴ ∙ വേമ്പനാട്ടുകായലിനെ നാശത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കണമെന്ന പ്രഖ്യാപനമായിരുന്നു ‘വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും’ എന്ന വിഷയത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ശിൽപശാല. കലക്ടർ കോഓർഡിനേറ്ററും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപഴ്സനും കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർപഴ്സൻമാരുമായി വേമ്പനാടിനെ വീണ്ടെടുക്കാൻ റിസർച് കമ്മിറ്റി രൂപീകരിക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു. കുട്ടനാട്ടിൽ വർഷത്തിൽ രണ്ടുതവണ കൃഷി ചെയ്യുന്നതിനായി നിർമിച്ച തണ്ണീർമുക്കം ബണ്ട് കായലിന്റെ നാശത്തിന് ഇടയാക്കിയെന്നു വിദഗ്ധർ ശിൽപശാലയിൽ ഉന്നയിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിനു കീഴിലും ജൈവ വൈവിധ്യ ബോർഡുകൾ പ്രവർത്തനം സജ്ജമാക്കണം.മന്ത്രി പി.പ്രസാദ് ശിൽപശാല ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
തോമസ് കെ.തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, മുൻമന്ത്രി തോമസ് ഐസക്, ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ എന്നിവർ പ്രസംഗിച്ചു.വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധർ അവതരണം നടത്തി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി.ഉമ്മൻ, മെംബർ സെക്രട്ടറി ഡോ. ബാലകൃഷ്ണൻ, എംജി സർവകലാശാല സ്കൂൾ ഓഫ് ബയോ സയൻസസ് അസോ. പ്രഫ. ഡോ. ഇ.കെ.രാധാകൃഷ്ണൻ, കുമരകം കൃഷി വിഗ്യാൻ കേന്ദ്രം മേധാവി ഡോ. ജി.ജയലക്ഷ്മി എന്നിവരായിരുന്നു പ്രിസിഡിയം.