രക്തക്കറ മായ്ക്കാൻ ഹൈഡ്രജൻ പെറോക്സൈഡ്, ഗന്ധം മാറാൻ ഫാബ്രിക് കണ്ടിഷനർ; എന്നിട്ടും കുടുങ്ങി, തെളിവു സഹിതം
Mail This Article
ആലപ്പുഴ∙ വർഷങ്ങളുടെ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ജയചന്ദ്രൻ ‘ശാസ്ത്രീയമായി’ത്തന്നെ ശ്രമിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും മായാത്ത രക്തക്കറ പൊലീസിനു മുന്നിൽ തെളിവ് അടയാളപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിക്കു സമീപം ആദിനാട് സ്വദേശി വിജയലക്ഷ്മി (48)യെ അമ്പലപ്പുഴയ്ക്കടുത്തു കരൂരിലുള്ള തന്റെ വീട്ടിൽ കൊണ്ടുവന്ന ശേഷമാണു ജയചന്ദ്രൻ (53) വെട്ടുകത്തി കൊണ്ടു തലയ്ക്കു പലതവണ വെട്ടി കൊലപ്പെടുത്തിയത്.
രക്തക്കളമായ മുറിയുടെ തറ ഇയാൾ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചു വൃത്തിയാക്കി. രക്തക്കറ പൂർണമായും നീക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണു പൊലീസിനോടു പറഞ്ഞത്. ചോരയുടെ ഗന്ധം മാറാൻ ഫാബ്രിക് കണ്ടിഷനർ ചേർത്ത വെള്ളമൊഴിച്ചു കഴുകി. എന്നിട്ടും അന്വേഷകർക്കു രക്തക്കറയുടെ സാംപിളുകൾ കിട്ടി. ഹൈഡ്രജൻ പെറോക്സൈഡ് കൊണ്ടുള്ള ‘ശുദ്ധീകരണ ഐഡിയ’ മത്സ്യത്തൊഴിലാളിയായ ജയചന്ദ്രന് എങ്ങനെ കിട്ടിയെന്നതു പൊലീസിനെ ആശ്ചര്യപ്പെടുത്തുന്നു. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ ഇതിൽ വ്യക്തത വരും.
അടുക്കളയുടെ പുറംചുവരിൽ നിന്നും കൊലപാതകം നടന്ന മുറിയിലെ കട്ടിലിന്റെ പടിയിൽ നിന്നുമാണു പ്രധാനമായും ചോരയുടെ സാംപിളുകൾ ലഭിച്ചത്. മുറിയിൽ നടന്ന തർക്കത്തിനിടെ താൻ തള്ളിയപ്പോൾ വിജയലക്ഷ്മി കട്ടിൽപ്പടിയിൽ തലയിടിച്ചു വീണതായി ജയചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ചു കട്ടിൽപ്പടി പരിശോധിച്ചപ്പോഴാണു സാംപിൾ കിട്ടിയത്. അടുക്കളവാതിൽ വഴിയാണു മൃതദേഹം കെട്ടിവലിച്ചു പുറത്തിറക്കിയതെന്നും ഇയാൾ അറിയിച്ചു. അവിടെ നിന്നും തെളിവു കിട്ടി.തൊട്ടയൽപക്കത്തെ പറമ്പിലാണു മൃതശരീരം കുഴിച്ചിട്ടത്.
ജയചന്ദ്രന്റെ ഇരുനില വീടിന്റെ ടെറസിൽ നിന്നു നോക്കിയാൽ ആ കുഴി കാണാം. വാട്ടർ ടാങ്ക് നോക്കാനെന്ന മട്ടിൽ എന്നും ഇയാൾ ടെറസിലെത്തി ഏറെ സമയം ആ ഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇയാൾ ഇങ്ങനെ നിൽക്കുന്നത് അയൽക്കാരിൽ ചിലർ കണ്ടിരുന്നു. പക്ഷേ എല്ലാവരുമായും അകൽച്ച പാലിച്ചിരുന്നതിനാൽ ആരും ഒന്നും ചോദിച്ചില്ല. കുഴിയിൽ നായകൾ മണം പിടിക്കുന്നത് ഇതിനിടെ ഇയാൾ കണ്ടു. ഇതിലെ അപകടം മനസ്സിലാക്കി അണുനാശിനി വാങ്ങി മണ്ണിനു മീതെ ഒഴിച്ചു.
കേസ് ഇന്ന് അമ്പലപ്പുഴ പൊലീസിന് കൈമാറും
അമ്പലപ്പുഴ ∙ കരൂർ കൊലപാതകക്കേസിന്റെ രേഖകൾ ഇന്നു കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിനു കൈമാറും. തുടർന്ന് അമ്പലപ്പുഴ പൊലീസ് പുതിയ എഫ്ഐആർ തയാറാക്കും. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അമ്പലപ്പുഴ കോടതിയിൽ അപേക്ഷയും നൽകും. തുടർന്നാകും വിശദമായ തെളിവെടുപ്പ്.
വിജയലക്ഷ്മിയോടു ജയചന്ദ്രനു വിരോധമുണ്ടായിരുന്നെന്നു പൊലീസ് സൂചിപ്പിക്കുന്നു. രണ്ടു വർഷം മുൻപു വിജയലക്ഷ്മിയുടെ വീട്ടിൽവച്ചു ജയചന്ദ്രനെ ഭാര്യയുടെയും മകന്റെയും സാന്നിധ്യത്തിൽ അവരുടെ ബന്ധുക്കൾ അധിക്ഷേപിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തിരുന്നു. ഇതു വിജയലക്ഷ്മി അറിഞ്ഞാണെന്ന ചിന്തയിലാണു പകയുണ്ടായതെന്നും സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു.