ADVERTISEMENT

കൊല്ലം∙ നാട്ടുകാരും സഹപാഠികളും നോക്കി നിൽക്കെയായിരുന്നു ചീറിപ്പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ ദേവനന്ദയുടെ ജീവൻ നഷ്ടമായത്. നിമിഷനേരം കൊണ്ട് കൺമുന്നിൽ സംഭവിച്ച അത്യാഹിതം കണ്ട ഞെട്ടലിലാണ് സഹപാഠിയും ദേവനന്ദയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പ്ലസ്ടു വിദ്യാർഥിയായ അഹമ്മദ് നിഹാലും സാക്ഷി രാജേഷ് എന്ന നാട്ടുകാരനും. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയും ചാത്തന്നൂർ സ്വദേശിയുമാണ് ദേവനന്ദ. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ ഷട്ടിൽ ട്രെയിനിനു മുന്നിലൂടെ ദേവനന്ദയും കൊട്ടിയം സ്വദേശിയായ കൂട്ടുകാരിയുമൊത്ത് രണ്ടാമത്തെ പാളത്തിലേക്കു കയറുന്ന സമയത്ത് നേത്രാവതി എക്സ്പ്രസ് വരുമ്പോൾ പ്രദേശവാസിയായ രാജേഷ് പ്ലാറ്റ് ഫോമിൽ  ഇരിക്കുകയായിരുന്നു.

അപകടം മനസ്സിലാക്കിയ രാജേഷും ജംക്‌ഷനിലുണ്ടായിരുന്നവരും ട്രെയിൻ വരുന്നെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനിടെ ഷട്ടിൽ ട്രെയിൻ ഹോൺ മുഴക്കുകയും ചെയ്തതോടെ നാട്ടുകാർ വിളിച്ചു പറഞ്ഞത് ഇരുവരും കേട്ടില്ല. പ്ലാറ്റ് ഫോമിൽ നിൽക്കുകയായിരുന്ന അഹമ്മദ് നിഹാൽ  പകച്ചു നിൽക്കാതെ ദേവനന്ദയെയും കൂട്ടുകാരിയെയും പാളത്തിൽ നിന്നു കൈപിടിച്ച് പ്ലാറ്റ് ഫോമിലേക്ക് വലിച്ചിട്ടെങ്കിലും ദേവനന്ദയെ മുകളിലേക്ക്  വലിച്ചു കയറ്റാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. സംഭവമറിഞ്ഞ് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയത്. 

ട്രെയിനിൽ കുടുങ്ങിയ ദേവനന്ദയെ അൽപ ദൂരം ട്രെയിൻ വലിച്ചു കൊണ്ടുപോയിരുന്നു.  ആർപിഎഫ് ഉദ്യോഗസ്ഥർ അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മയ്യനാട് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ കൊട്ടിയം ഭാഗത്തേക്കുള്ള ബസുകൾ ഗേറ്റിന്റെ തെക്കുവശത്താണ് നിർത്തിയിടാറുള്ളത്. ഗേറ്റ് അടയ്ക്കുമ്പോൾ അവിടെ കിടക്കുന്ന ബസിൽ കയറുന്നതിനു വേണ്ടിയാണ് വിദ്യാർഥികൾ മിക്കപ്പോഴും പാളം മറികടക്കുന്നത്. മയ്യനാട് വെള്ളമണൽ മയ്യനാട് എച്ച്എസ്എസ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് സ്കൂൾ വിടുമ്പോൾ ബസ് കയറാൻ പാളം കുറുകേ കടക്കുന്നത്.  





അഹമ്മദ്
നിഹാൽ.
അഹമ്മദ് നിഹാൽ.

എളുപ്പവഴി വേണ്ട...
മയ്യനാട് പ്ലാറ്റ് ഫോമിലെ പാളം മുറിച്ചു കടന്നുണ്ടാകുന്ന അപകടം ഒഴിവാക്കാനായി ഫുട് ഓവർബ്രിജ് നിർമിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്ന യാത്രക്കാർ വിരളമാണ്. ട്രെയിൻ ഇറങ്ങുന്നവരും റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നവരും എളുപ്പ മാർഗമായി പാളം മുറിച്ചു കടക്കുന്നത്  അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. പ്ലാറ്റ്ഫോം അവസാനിക്കുന്ന പണയിൽ ജംക്‌ഷനും റെയിൽവേ ഗേറ്റിനും ഇടയിലുള്ള ഭാഗത്താണ് പാളം മറികടക്കുന്നത്. 



ദേവനന്ദയെ ട്രെയിൻ ഇടിച്ച ഭാഗം. ദേവനന്ദയുടെ ചെരിപ്പും പാളത്തിന് സമീപത്ത് കിടക്കുന്നതു കാണാം.
ദേവനന്ദയെ ട്രെയിൻ ഇടിച്ച ഭാഗം. ദേവനന്ദയുടെ ചെരിപ്പും പാളത്തിന് സമീപത്ത് കിടക്കുന്നതു കാണാം.

മയ്യനാട് ചന്തമുക്കിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പാതയിലെ വെള്ളക്കെട്ടാണ് യാത്രക്കാരെ പാളത്തിലേക്കു കയറി നടക്കാൻ പ്രേരിപ്പിക്കുന്നത്. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ വലിയ വാഹനങ്ങൾ കടന്നു പോകാനായി പാളത്തിലേക്ക് കയറാതിരിക്കാനായി സ്ഥാപിച്ച ഇരുമ്പ് വേലികൾ മാറ്റിയിരുന്നു. എന്നാൽ ഇവ പുനഃസ്ഥാപിച്ചില്ല. ഈ വഴിയിലൂടെയാണ് കാൽനടയാത്രക്കാർ പാളത്തിലേക്കു കയറി നടക്കുന്നത്. ഇതും അപകടങ്ങൾക്ക് കാരണമാകും.

English Summary:

This heartbreaking article details the tragic death of Devananda, a Plus One student, who was hit by a speeding train in Mayyanad, Kerala. The article highlights the impact of the accident on witnesses, including her classmate Ahammed Nihal who tried to save her.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com