തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ അരൂർ–കുമ്പളം റെയിൽപാലം നിർമാണം പുരോഗമിക്കുന്നു
Mail This Article
തുറവൂർ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി 208 കോടി രൂപ ചെലവിൽ തീരദേശ പാതയിൽ 3 പുതിയ പാലങ്ങൾ ഉൾപ്പെടുന്ന പാത ഇരട്ടിപ്പിക്കൽ ജോലി പുരോഗമിക്കുന്നു. അരൂർ–കുമ്പളം റെയിൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അരൂർ ഭാഗത്ത് പുരോഗമിക്കുന്നു. അരൂർ–കൈതപ്പുഴ കായലിനു കുറുകെയുള്ള രണ്ടാമത്തെ റെയിൽപാലമാണിത്. ഭൂമിയുടെ ബലം സിമന്റ് ബ്ലോക്കുകൾ നിരത്തി പരിശോധിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമാണ് 854.5 മീറ്ററിൽ നിർമിക്കുന്ന അരൂർ–കുമ്പളം പാലം.
നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണു പുതിയ പാലം വരിക. 2 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണു ലക്ഷ്യം. അരൂർ–മുതൽ തുറവൂർ വരെ റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിലുള്ള സ്ഥലമെടുപ്പ് നടപടികളും ഏറക്കുറെ പൂർത്തിയായി. എന്നാൽ സ്ഥലം വിട്ടു നൽകിയവർക്കു സ്ഥലത്തിന്റെ വില ലഭിച്ചിട്ടില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്.ചില സ്ഥലം ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭൂമിയുടെ യഥാർഥ വില നൽകാൻ റെയിൽവേ അധികൃതർ തയാറാകാത്തതാണ് കാരണം.കായലിൽ പാലം നിർമാണം ആരംംഭിക്കുമ്പോൾ പൈലിങ് നടത്തുമ്പോൾ ഉയരുന്ന ചെളി കായലിൽ തള്ളരുതെന്ന് വേമ്പനാട് കായൽ സംരക്ഷണ സമിതി റെയിൽവേ അധികൃതരോടും കരാർ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.