ADVERTISEMENT

ആലപ്പുഴ∙ കോടികൾ ചെലവഴിച്ച് ജനറൽ ആശുപത്രിയിൽ പുതിയ ഒപി മന്ദിരം പ്രവർത്തനമാരംഭിച്ചെങ്കിലും ഒപിയിലെത്തുന്ന രോഗികളുടെ ദുരിതത്തിനു മാത്രം പരിഹാരമില്ല. ദിവസേനേ ആയിരത്തിലധികം രോഗികളെത്തുന്ന ഒപിയിൽ മണിക്കൂറുകളോളം ചെലവഴിച്ചാണു രോഗികൾ ചികിത്സ തേടി മടങ്ങുന്നത്. കാത്തിരുന്നു വലയുന്ന രോഗികളും ജീവനക്കാരും തമ്മിൽ സംഘർഷവും പതിവാണ്.ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആദ്യം നൽകുന്ന ഫോമിൽ പേരും സ്ഥലവും എഴുതി നൽകണം. അതിനു ശേഷം നമ്പർ എഴുതിയ ടോക്കൺ നൽകും.ഈ ടോക്കണുമായി വീണ്ടും രോഗി കാത്തിരിക്കണം. അതിനു ശേഷമാണ് ഏത് ഒപിയിലേക്കാണോ എന്ന് ചോദിച്ച് അവിടേക്കുള്ള മറ്റൊരു ടോക്കൺ നൽകുന്നത്. ഈ ടോക്കണുമായി ഒപിയിലെത്തി ഡോക്ടറെ കാണാനും വീണ്ടും ഇതേ കാത്തിരിപ്പ് തന്നെ വേണം. 

രാവിലെയെത്തുന്ന രോഗി ഡോക്ടറുടെ മുന്നിലെത്തുമ്പോഴേക്കും ചിലപ്പോൾ ഉച്ചയ്ക്ക് ഒരു മണിയാവുകയും ഡോക്ടർമാർ ഭക്ഷണത്തിനായി പോവുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തുന്ന ഡോക്ടറെയും കണ്ട് മരുന്നു കിട്ടാൻ ഫാർമസിക്കു മുന്നിലും പരിശോധനകൾക്കായി ലാബിനു മുന്നിലും വീണ്ടും ക്യൂ നിൽക്കണം. പരിശോധനാഫലം ലഭിക്കുമ്പോഴേക്കും ഒപി സമയം കഴിയുകയും തുടർ ചികിത്സയ്ക്കായി അടുത്ത ദിവസം വീണ്ടും ഒപിയിൽ പോയി കാത്തിരിപ്പ് തുടരുകയും വേണം.പ്രായമായ രോഗികൾക്ക് ഇരിക്കാൻ പോലും പല സ്ഥലത്തും സൗകര്യങ്ങളില്ല. മണിക്കൂറുകൾ കാത്തു നിന്ന് മരുന്നു വാങ്ങാൻ കൗണ്ടറിലെത്തുമ്പോൾ ചീട്ടിലെഴുതുന്ന മരുന്നുകളും ലഭിക്കാറില്ല. ആശുപത്രി വളപ്പിലെ കാരുണ്യഫാർമസിയിലും മരുന്നുകൾ പലതും ലഭിക്കുന്നില്ലെന്ന് രോഗികൾ പറയുന്നു.

വനിതാ - ശിശു ആശുപത്രിയിലും കാത്തിരിപ്പിന് കുറവില്ല
ജില്ലയിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലും രോഗികളുടെ കാത്തിരിപ്പിന് കുറവില്ല. നാനൂറിനും അഞ്ഞൂറിനും ഇടയിൽ ദിവസേനേ രോഗികൾ എത്തുന്ന വനിതാ ശിശു ആശുപത്രിയിൽ പീഡിയാട്രിക് ഒപിയിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. പീഡിയാട്രിക് ഡോക്ടർമാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.പീഡിയാട്രിക് വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരാണ് നിലവിലുള്ളത്. ന്യൂ ബോൺ ഐസിയുവിലും വാർഡിലുമെല്ലാം ഇവർ തന്നെയാണ് ജോലി നോക്കേണ്ടത്. ഗൈനക്കോളജി വിഭാഗത്തിൽ ഏഴ് ഡോക്ടർമാർ അടക്കം ഇരുപതോളം ഡോക്ടർമാർ ആണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ഏറെ രോഗികൾ ആശുപത്രിയിലെത്തിയതോടെ ഒപി വിഭാഗങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുകയും രോഗികൾ കാത്തിരുന്ന് വലയുകയുമാണ്.

English Summary:

This article highlights the plight of patients at Alappuzha General Hospital and Women's and Children's Hospital who continue to face long waiting times, medicine shortages, and inadequate facilities despite the inauguration of new buildings. The article exposes the challenges within the public healthcare system in Alappuzha, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com