ദേശീയപാത: അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡ്; നിർമാണവസ്തുക്കൾ ഇറക്കിത്തുടങ്ങി
Mail This Article
തുറവൂർ∙ അടിപ്പാതകളിലേക്കുള്ള അപ്രോച്ച് റോഡിനായുള്ള സാമഗ്രികൾ ഇറക്കിത്തുടങ്ങി. തുറവൂർ- പറവൂർ റീച്ചിൽ പത്മാക്ഷിക്കവല, വയലാർ, ഒറ്റപ്പുന്ന എന്നിവിടങ്ങളിലെ അടിപ്പാതയോട് ചേർന്ന് നിർമാണത്തിനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. അപ്രോച്ച് റോഡ് നിർമിക്കാൻ കോൺക്രീറ്റ് ആർഇ വാൾ ബ്ലോക്കുകളാണ് ഇറക്കിത്തുടങ്ങിയത്. ചെറിയ കട്ട രൂപത്തിലുള്ള വാൾ ബ്ലോക്കുകൾ പ്രത്യേക രീതിയിൽ അടുക്കിയാണു വയ്ക്കുക. റോഡിന്റെ ഇരുവശത്തും കട്ടകൾ നിരത്തുന്നതിനൊപ്പം അവയ്ക്കിടയിൽ മണ്ണിട്ടു നിറയ്ക്കുകയും ജിയോ ഗ്രിഡ് സ്‌ഥാപിക്കുകയും ചെയ്യും.
പാത വികസനത്തിന്റെ ഭാഗമായി തുറവൂർ–ഒറ്റപ്പുന്ന പാതയിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് ഭിത്തിയുടെ നിർമാണവും തുടങ്ങി. മുൻപ് ഇടറോഡുകളിൽ നിന്നു ദേശീയപാതയിലേക്ക് കയറാൻ സ്ഥാപിച്ച വിടവുകൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ തുടങ്ങി. ഇതോടെ കിലോമീറ്ററുകൾ ചുറ്റി വേണം ദേശീയപാതയിൽ നിന്നും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്താൻ.
പാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ വീടുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മുന്നിലുണ്ടായിരുന്ന ചുറ്റുമതിൽ പൊളിച്ചു നീക്കിയിരുന്നു. സ്ഥലമേറ്റെടുത്തിന്റെ നഷ്ടപരിഹാരം ഉടമകൾക്ക് ലഭിച്ചതോടെ ആഡംബര രീതിയിലുള്ള ചുറ്റുമതിലുകളാണ് ഭൂരിഭാഗം പേരും നിർമിച്ചത്. എന്നാൽ ഈ ചുറ്റുമതിലിനെക്കാൾ ഉയരത്തിലാണ് സർവീസ് റോഡുകൾക്കരികിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തികൾ വരുന്നത്.
ഇതോടെ ചുറ്റുമതിലുകൾ സർവീസ് റോഡിന് താഴയായി. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ചുറ്റുമതിൽ സർവീസ് റോഡിന് മറയായി നിൽക്കുന്ന അവസ്ഥയാണ്. സർവീസ് റോഡിനോട് ചേർന്നുള്ള വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവർ വാഹനങ്ങൾ റോഡിലേക്ക് എങ്ങനെ കയറ്റുമെന്ന ആശങ്കയും ഉണ്ട്. കാരണം 10 അടിയോളമുള്ള കുത്തനെയുള്ള കയറ്റം കയറിയാൽ മാത്രമേ സമീപത്തെ പുരയിടങ്ങളിൽ നിന്നു സർവീസ് റോഡിലേക്ക് കയറാൻ സാധിക്കു.