ഒന്നേകാൽ വയസ്സുള്ള മകളുടെ കൺമുന്നിൽ കൊലപാതകം; 19 വർഷം നീണ്ട ഒളിവുജീവിതം...
Mail This Article
മാവേലിക്കര ∙ സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയും മൃതദേഹത്തോട് അനാദരവു കാണിക്കുകയും ചെയ്ത കേസിൽ പിടികൊടുക്കാതെ കുട്ടിക്കൃഷ്ണൻ ഒളിവിൽ കഴിഞ്ഞത് 19 വർഷം. ബന്ധുക്കളെയോ പരിചയക്കാരെയോ ബന്ധപ്പെടാതെ പല നാടുകളിലായി പല വേഷങ്ങൾ. അവസാനം പിടികിട്ടാപ്പുള്ളികളെ കണ്ടെത്താൻ കഴിഞ്ഞ വർഷം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് കച്ച മുറുക്കി രംഗത്തിറങ്ങിയപ്പോൾ കുട്ടിക്കൃഷ്ണൻ കുടുങ്ങി. എറണാകുളം തൃക്കാക്കരയിൽ നിന്ന്. ജ്യോതിഷിയുടെ വേഷം മുതൽ ഓഹരി വിപണിയും ഓൺലൈൻ ട്രേഡിങ്ങും വരെ കുട്ടിക്കൃഷ്ണൻ ഇതിനിടെ പയറ്റിയിരുന്നു. കേസിൽ 20 വർഷത്തിനു ശേഷമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
മാന്നാർ ആലുംമൂട്ടിൽ ജംക്‌ഷനു തെക്ക് താമരപ്പള്ളി വീട്ടിൽ ജയന്തി(39)യെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കുട്ടിക്കൃഷ്ണനെ(60) വധശിക്ഷയ്ക്കും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) വി.ജി.ശ്രീദേവി ഉത്തരവായത്. 2004 ഏപ്രിൽ 2ന് ഒന്നേകാൽ വയസ്സുള്ള മകളുടെ കൺമുന്നിൽ ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേർപെട്ട തല മൃതദേഹത്തിനു മുകളിൽ വച്ചെന്നുമാണു കേസ്. മൃതദേഹത്തോടുള്ള അനാദരവിന് ഒരു വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ അരലക്ഷം രൂപ മകൾക്കു ലീഗൽ സർവീസ് അതോറിറ്റി വഴി കൈമാറണം. പിഴ അടച്ചില്ലെങ്കിൽ 10 മാസം അധിക കഠിനതടവിനും വിധിച്ചു.
കൊലപാതകത്തിനു പിറ്റേന്ന് ഇയാൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 84 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ച കുട്ടിക്കൃഷ്ണൻ ഒളിവിൽ പോയി. പല പേരുകളിൽ പലയിടങ്ങളിൽ കഴിഞ്ഞ ഇയാളെ 19 വർഷത്തിനു ശേഷം 2023 ഒക്ടോബറിൽ എറണാകുളം തൃക്കാക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്യുന്ന കേസിൽ അതേ പ്രതിക്കു വധശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസാണിതെന്നു പ്രോസിക്യൂഷൻ അറിയിച്ചു.
ഒളിവിൽ ജ്യോതിഷി, സെക്യൂരിറ്റി
ഭാര്യ ജയന്തിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുറ്റം ഏറ്റുപറഞ്ഞ കുട്ടിക്കൃഷ്ണനു ജയിലിലായി 84–ാം ദിവസം ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ആദ്യം എടത്വ, പിന്നീട് ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങൾ, എറണാകുളം എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു. ഇടുക്കി കട്ടപ്പനയിൽ ‘ജ്യോതിഷി’യുടെ വേഷം കെട്ടി. ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷിയായിരുന്നു ഗുരു. ഇയാൾക്കൊപ്പം കട്ടപ്പനയിൽ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. അവിടെയെത്തിയപ്പോൾ, ജ്യോതിഷി മരിച്ചതിനെത്തുടർന്ന് കുട്ടിക്കൃഷ്ണൻ ഒഡീഷയിലേക്കു കടന്നതായി അറിഞ്ഞു. പൊലീസ് സംഘം ഒഡീഷയിലെത്തി. ഓഹരി വിപണി, ഓൺലൈൻ ട്രേഡിങ്ങിലേക്ക് അപ്പോഴേക്കും കുട്ടിക്കൃഷ്ണൻ ചുവടു മാറ്റിയിരുന്നു.
ഒഡീഷയിൽ നിന്നു മുംബൈയിലേക്കു കടന്നെന്നും മനസ്സിലായി. അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വർഷങ്ങൾക്കു ശേഷമാണു വിവരം കിട്ടിയത്. അപ്പോഴേക്കും ഓഹരി ഇടപാടുകൾ പൊളിഞ്ഞ് കടം കയറി കുട്ടിക്കൃഷ്ണൻ കേരളത്തിലേക്കു വണ്ടി കയറിയിരുന്നു. എറണാകുളം കളമശേരി സ്വദേശിക്കൊപ്പമാണു പോയതെന്നും മനസ്സിലായി.
പുനരന്വേഷണം, സ്പെഷൽ സ്ക്വാഡ്
ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിലെ സ്റ്റേഷനുകളിലെ തെളിയിക്കപ്പെടാത്ത കേസുകൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരുടെ വിവരമെടുക്കുമ്പോഴാണു മാന്നാർ ജയന്തി വധക്കേസ് പ്രതിയിലേക്കു വീണ്ടും അന്വേഷണമെത്തുന്നത്. എസ്പി ചൈത്ര തെരേസ ജോൺ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനു കുമാർ നയിച്ച സംഘത്തിൽ മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു, എസ്ഐ അഭിറാം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഷെഫീഖ്, ജി.ഉണ്ണിക്കൃഷ്ണപ്പിള്ള, അരുൺ ഭാസ്കർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയുടെ 2004 ലെ ഫോട്ടോ മാത്രം കൈവശമുണ്ടായിരുന്ന സംഘം കംപ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ പ്രായത്തിന് അനുസരിച്ചു പുതിയ ഫോട്ടോകൾക്കു രൂപം നൽകി. 59 വയസ്സുണ്ടായിരുന്ന പ്രതി കഴിഞ്ഞ വർഷം പിടിയിലാകുന്നത് അങ്ങനെ.
നാടോടി നൽകിയ സൂചന
തൃക്കാക്കരയിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന പ്രതിയെക്കുറിച്ചു സൂചന നൽകിയത് ഇയാൾ ജോലി ചെയ്ത ലോഡ്ജിനു സമീപത്തുണ്ടായിരുന്ന നാടോടി. വിവരം കിട്ടി ആറാം ദിവസം കുട്ടിക്കൃഷ്ണൻ വലയിലായി. 2014 മുതൽ തൃക്കാക്കരയിലെ വിവിധ ലോഡ്ജുകളിൽ താമസിച്ചു വാസ്തുനോട്ടം, ജ്യോതിഷം എന്നിവയും ചെയ്തിരുന്നു. കൃഷ്ണകുമാർ, കൃഷ്ണൻകുട്ടി, കെ.കെ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
പോസ്റ്റ്മാന്റെ മൊഴി നിർണായകം
പിറ്റേന്നു രാവിലെ മകളുമൊത്ത് സൈക്കിളിൽ മാന്നാർ സ്റ്റേഷനിലേക്കു പോയി. മാന്നാറിലെ പോസ്റ്റ്മാൻ ആയിരുന്ന വള്ളികുന്നം സ്വദേശി സുഭാഷ് എതിരെ വരുന്നുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന വിവരം കുട്ടിക്കൃഷ്ണൻ ആദ്യം പറയുന്നത് ഇദ്ദേഹത്തോടാണ്. സുഭാഷ് ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണ വേളയിൽ സുഭാഷിന്റെ ഈ മൊഴി നിർണായകമായി. കൊല്ലപ്പെട്ട ജയന്തിയുടെ മകൾ സംഭവത്തിനു ശേഷം മാതാവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്. നിലവിൽ വിദ്യാർഥിനിയാണ്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങളാണു പ്രോസിക്യൂഷനെ തുണച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, വസ്ത്രങ്ങളിലെ രക്തക്കറ, ഫൊറൻസിക് പരിശോധനാഫലം, പ്രതിയുടെ ശരീരത്തിലെ മുറിവ് എന്നിവ തെളിവായി.22 സാക്ഷികൾ, 36 രേഖകൾ, 30 തൊണ്ടിമുതലുകൾ എന്നിവ പ്രോ സിക്യൂഷൻ ഹാജരാക്കി. ജയന്തിയുടെ പിതാവ് വള്ളികുന്നം രാമകൃഷ്ണ ഭവനത്തിൽ രാമകൃഷ്ണക്കുറുപ്പ് ഉൾപ്പെടെ 6 സാക്ഷികൾ വിചാരണ കാലത്തു മരിച്ചു. ജയന്തിയുടെ അമ്മ ഉൾപ്പെടെ 3 സാക്ഷികൾ രോഗബാധിതരായി കിടപ്പിലാണ്. ജയന്തിയുടെ സഹോദരി ജലജ കോടതിയിലെത്തി സാക്ഷിമൊഴി നൽകിയിരുന്നു.പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ് കുമാർ ഹാജരായി.
അപൂർവമായ കേസ്
പ്രതി സ്റ്റേഷനിൽ എത്തി നൽകിയ മൊഴി അനുസരിച്ചാണു എഫ്ഐആർ തയാറാക്കിയത്. വീയപുരത്തു മറ്റൊരു കേസിലെ തെളിവെടുപ്പിനു ശേഷം അന്നത്തെ സിഐ എൻ.എ.റഷീദ്, ഫൊറൻസിക് സംഘം എന്നിവർ മാന്നാർ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണു പ്രതി സ്റ്റേഷനിൽ എത്തിയത്.ഉടൻ തന്നെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഇതു സ്ഥിരീകരിച്ചു. 20 വർഷത്തിനു ശേഷം, സ്വന്തം മൊഴിയിൽ പ്രതിക്കു വധശിക്ഷയും.
കുഴിച്ചിട്ട സ്വർണം സഹതടവുകാരൻ അപഹരിച്ചു
കൊലക്കേസിൽ ജയിലിൽ കഴിയവേ സഹതടവുകാരനായ മോഷ്ടാവിനോടു ഭാര്യയുടെ ആഭരണങ്ങൾ വീടിനു പിൻവശത്തു വാഴച്ചുവട്ടിൽ കുഴിച്ചിട്ടതായി കുട്ടിക്കൃഷ്ണൻ പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് മാന്നാറിലെത്തി ഇതു കുഴിച്ചെടുത്തു സ്ഥലംവിട്ടു. പൊലീസ് അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ അടൂരിലെ ലോഡ്ജിൽ ജീവനൊടുക്കി.ജയന്തിയുടെ സ്വർണാഭരണങ്ങൾ അപ്പീൽ കാലാവധിക്കു ശേഷം മകൾക്കു കൈമാറാനും കോടതി വിധിച്ചു.
കാരണമായത് സംശയം, പക: അതിക്രൂരമായ കൊലപാതകം
ക്രൂരമായ കൊലപാതകത്തിലേക്കു കുട്ടിക്കൃഷ്ണനെ നയിച്ചതു ഭാര്യയെക്കുറിച്ചുള്ള സംശയമാണെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട കേസിൽ പ്രതിക്കു വധശിക്ഷ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസ് ആണിതെന്ന പ്രത്യേകതയുമുണ്ട്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണു വള്ളികുന്നം സ്വദേശി ജയന്തിയെ കുട്ടിക്കൃഷ്ണൻ വിവാഹം ചെയ്തത്. ജയന്തിയുടെ രണ്ടാം വിവാഹമാണെന്നു പിന്നീടാണ് അറിഞ്ഞത്. ആറു മാസം മാത്രം നീണ്ടുനിന്ന ആദ്യ വിവാഹത്തിന്റെ വിവരം അറിയിക്കാതിരുന്നത് ഇയാളിൽ പകയുണ്ടാക്കി. സംശയരോഗം കൂടിയായപ്പോൾ ദാമ്പത്യം കലുഷിതമായി. 2004 ഏപ്രിൽ 2നായിരുന്നു കൊലപാതകം.
അന്ന് ഉച്ചയ്ക്കു ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രോസിക്യൂഷൻ കേസിൽ ഇങ്ങനെ പറയുന്നു: ജയന്തിയുടെ വായ് പൊത്തിപ്പിടിച്ചു ഭർത്താവ് ഭിത്തിയിൽ ഇടിച്ചു. അതോടെ ബോധം പോയി. അവരെ തറയിലിട്ടു ചുറ്റിക കൊണ്ടു തല അടിച്ചു പൊട്ടിച്ചു. അടുക്കളയിൽ നിന്നു കറിക്കത്തി കൊണ്ടു കഴുത്തറത്തു. ഇതിനായി ചുറ്റികയും ഉളിയും കൂടി ഉപയോഗിച്ചു. തലയെടുത്ത് ജയന്തിയുടെ ശരീരത്തിൽ വയറിനു മുകളിലായി വച്ചു. അന്ന് ഒന്നേകാൽ വയസ്സ് മാത്രമുണ്ടായിരുന്ന മകളുമൊത്തു രാത്രി മുഴുവൻ മൃതദേഹത്തിനു കാവലിരുന്നു.