ADVERTISEMENT

ആലപ്പുഴ ∙ കേരള ബാങ്കിന്റെ പണി തീരാത്ത കെട്ടിടത്തിൽ നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും അസ്വാഭാവിക മരണം. ഒരു വർഷം മുൻപും ഇവിടെ ഒരാൾ മരിച്ചിരുന്നു.രണ്ട് മരണവും കെട്ടിടത്തിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നായിരുന്നു. ഇന്നലെ മരിച്ച വട്ടയാൽ അരയൻപറമ്പ് വീട്ടിൽ ഫൈസൽ റഹീമിന്റെ (46) മൃതദേഹം കണ്ടെത്തിയ സ്ഥലത്തും കെട്ടിടത്തിന്റെ ചുറ്റുപാടും ലഹരി സംഘം താവളമടിക്കുന്നതിന്റെ അടയാളങ്ങളുണ്ട്. മദ്യക്കുപ്പികളും മറ്റും നിറഞ്ഞ ഇവിടെ സംഘം ഇരിക്കാനും കിടക്കാനും ഉപയോഗിക്കുന്ന വസ്ത്രങ്ങളും കാണാം.

കെട്ടിടത്തിന്റെ പണി തീരാത്ത കാർ പോർച്ചിലും, മുറികളിലും, ഹാളിലും കെട്ടി നിൽക്കുന്ന മഴ വെള്ളത്തിൽ നിറയെ മദ്യക്കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളുമാണ്. കാട് മൂടിയ കെട്ടിടത്തിലേക്ക് പകൽ സമയത്തു പോലും നോക്കാൻ നഗരവാസികൾ ഭയപ്പെടുന്നു.ഫൈസൽ റഹീമിനെ കാണാതായി ഒരു ദിവസം കഴിഞ്ഞപ്പോൾ ഭാര്യ വീട്ടുകാരുടെ പരാതിയെ തുടർന്നു സൗത്ത് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ വഴിയാണ് പണി തീരാത്ത കെട്ടിടത്തിൽ എത്തിയത്. വെള്ളത്തിൽ ഇറങ്ങുന്നത് അഗ്നിരക്ഷാ സേനയ്ക്ക് സാഹസികമായിരുന്നു.

ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ നിർമാണം നിലച്ച സഹകരണ ബാങ്ക് കെട്ടിടം.
ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ നിർമാണം നിലച്ച സഹകരണ ബാങ്ക് കെട്ടിടം.

വെള്ളത്തിൽ മാരകമായ പലതും ഉള്ളത് പ്രശ്നമായി. ഒടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ച് വലിച്ചപ്പോഴാണ് മൃതദേഹം ഉടക്കിയത്. ഇവിടെ രാവും പകലും ഒട്ടേറെപ്പേർ ലഹരി ഉപയോഗിക്കാനും മറ്റുമായി വരുന്നുണ്ടെന്നും പരിസരവാസികൾ പറഞ്ഞു.കേരള ബാങ്കിന്റെയും സർക്കാരിന്റെയും അനാസ്ഥയുടെ അടയാളം ആയിട്ടാണ് നഗരമധ്യത്തിൽ കല്ലുപാലത്തിനു സമീപം നിൽക്കുന്ന ഈ കെട്ടിടത്തെ ജനങ്ങൾ കാണുന്നത്. കേരള ബാങ്ക് ആകുന്നതിന് മുൻപ് ജില്ലാ സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പുതിയ ആസ്ഥാന മന്ദിരം പണിയാൻ 2010 ഡിസംബറിൽ കരാർ വച്ചു.

അതിന് മുൻപ് ബാങ്കിന്റെ മുൻ പ്രസിഡന്റും, മന്ത്രിയും ആയിരുന്ന തച്ചടി പ്രഭാകരനാണ് 1 ഏക്കർ 5 സെന്റ് സ്ഥലം വാങ്ങി പ്രാഥമിക നടപടികൾ സ്വീകരിച്ചത്. കെട്ടിട നിർമാണം തുടങ്ങി 2 വർഷം കഴി‍ഞ്ഞപ്പോൾ വിജിലൻസ് കേസ് വന്നു. പണി നിലച്ചു. കേസും, അന്വേഷണവും തീർന്നെങ്കിലും പഴയ നിരക്ക് പരിഷ്കരിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കാൻ സർക്കാരുകൾ തയാറായില്ല. കെട്ടിടം നഗരത്തിലെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.

English Summary:

Alappuzha witnessed another tragedy as a man was found dead in the unfinished Kerala Bank building, marking the second such incident in a year. Both deaths involved drowning in accumulated rainwater, highlighting the dangers posed by the neglected structure and raising concerns about drug abuse in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com