പ്രിയ ആനന്ദ് മഹീന്ദ്ര, നിങ്ങൾ അന്വേഷിച്ച ‘ജിന്ന്’ മാമ്പ്രയിലുണ്ട്; 'ബാറ്റ്‌മൊബൈക്ക്'

Mail This Article
മാള ∙ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തിരയുന്ന ആ യുവ മെക്കാനിക്കൽ എൻജിനീയർ മാമ്പ്രയിലുണ്ട്. കാക്കുന്നിപ്പറമ്പിൽ ബഷീറിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് റെയ്ഹാനാണ് ആ എൻജിനീയർ. മഹീന്ദ്ര ഗ്രൂപ്പ് പുറത്തിറക്കിയ ജാവ 42 മോഡൽ ക്രൂയിസർ ബൈക്ക് ഒരാൾക്കു മാത്രം ഉപയോഗിക്കാവുന്ന കഫേ റെയ്സർ ആക്കി മാറ്റിയ മുഹമ്മദ് റെയ്ഹാനിലെ മെക്കാനിക്കൽ വൈദഗ്ധ്യം ആനന്ദ് മഹീന്ദ്രയെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്.
രൂപം മാറ്റിയ ബൈക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ വഴിയാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപെടുന്നത്. 'ബാറ്റ്‌മൊബൈക്ക്' എന്ന പേരിൽ അദ്ദേഹം ആ ബൈക്കിന്റെ ചിത്രം തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തു. ബാറ്റ്മാൻ കഥാപാത്രം ഉപയോഗിക്കുന്ന ബൈക്കിന്റെ രൂപം കണ്ടിട്ടാകണം അദ്ദേഹം ആ പേര് ചിത്രത്തിനു നൽകിയതെന്നാണ് പറയപ്പെടുന്നത്.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനു താഴെ ഒട്ടേറെ പേർ ബൈക്കിനു രൂപമാറ്റം വരുത്തിയ മിടുക്കൻ ആരെന്നു കമന്റ് ചെയ്തതോടെ രൂപം മാറ്റിയ ആളെ കണ്ടെത്താൻ സഹായിക്കാമോ എന്ന് അദ്ദേഹം മറുപടിയായി കുറിക്കുകയും ചെയ്തു. വൈകിയാണെങ്കിലും ഇക്കാര്യം അറിഞ്ഞ മുഹമ്മദ് റെയ്ഹാൻ ആനന്ദ് മഹീന്ദ്രയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
എങ്കിലും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരം കാത്തിരിക്കുകയാണ് ഈ ഇരുപത്താറുകാരൻ. പഴയകാല മോട്ടർ ബൈക്ക് കമ്പനികൾ പുതുതായി നിർമിക്കുന്ന ന്യൂജെൻ ബൈക്കുകളോടാണ് മുഹമ്മദ് റെയ്ഹാന് ഏറെ പ്രിയം. 2019ൽ ജാവ ഫോർ സ്ട്രോക്ക് ബൈക്ക് പുറത്തിറക്കിയ ഉടൻ കേരളത്തിൽ വിൽപനയ്ക്കെത്തിച്ച ആദ്യ ബൈക്കുകളിലൊന്ന് സ്വന്തമാക്കി. ദമാമിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു റെയ്ഹാന്റെ പ്ലസ് ടു വരെയുള്ള പഠനം. തുടർന്ന് കറുകുറ്റി പാലിശേരിയിലെ എസ്‌സിഎംഎസ് എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി.
തുടർന്ന് ബൈക്കുകളിൽ ദീർഘദൂര യാത്രയ്ക്കൊരുങ്ങുന്നവർക്ക് സുരക്ഷിതമായി സഞ്ചരിക്കാനായി അവർ ആവശ്യപ്പെടുന്ന വിധം എക്സ്ട്രാ ഫിറ്റിങ് ഒരുക്കി നൽകാൻ ആരംഭിച്ചു. ബൈക്കുകൾക്കു പുറമേ കാറുകളിലും നിയമങ്ങൾക്കു വിധേയമായ രീതിയിൽ മാത്രമേ ഇവ ഘടിപ്പിച്ചു നൽകാറുള്ളൂ എന്ന് റെയ്ഹാൻ പറയുന്നു.
ഫോൾഡബിൾ സീറ്റ്, ടാങ്ക് ഗാർഡ്, സ്ക്രാംപിൾ കിറ്റ്സ് എന്നിങ്ങനെയുള്ളവയാണ് പ്രധാനമായും നിർമിക്കുന്നത്. ഉടമകൾ പ്രതീക്ഷിക്കുന്ന രീതിയിൽ തന്നെ വാഹനങ്ങൾക്ക് രൂപാകൃതി നൽകുന്നതിനാൽ 'ജിന്ന്' എന്ന പേരിലാണ് റെയ്ഹാൻ ഈ രംഗത്ത് അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വാഹന ഉടമകൾ വരെ റെയ്ഹാനെ തേടി മാമ്പ്രയിലെത്തുന്നുണ്ട്.