സ്വീകരിക്കാൻ എംപി ഉൾപ്പെടെ കാത്തുനിൽക്കെ മെമു നിർത്താതെ പോയ സംഭവം: വകുപ്പുതല അന്വേഷണത്തിന് റെയിൽവേ
Mail This Article
ചെങ്ങന്നൂർ ∙ സ്വീകരിക്കാൻ എംപി ഉൾപ്പെടെയുള്ളവർ കാത്തുനിൽക്കെ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം –എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നു റെയിൽവേ. തിങ്കൾ രാവിലെ 7.17നാണു സംഭവം. തിങ്കൾ മുതൽ ട്രെയിനിനു ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും യാത്രികരും നാട്ടുകാരും സ്വീകരിക്കാൻ കാത്തുനിന്നെങ്കിലും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു.
ടിക്കറ്റെടുത്തു കാത്തുനിന്ന യാത്രികർക്കു കയറാനായില്ല. ലോക്കോപൈലറ്റിന്റെയും ഗാർഡിന്റെയും ഭാഗത്തു നിന്നു സംഭവിച്ച വീഴ്ചയാണെന്നാണു പ്രാഥമിക നിഗമനം. ട്രെയിൻ നിർത്തണമെന്ന നിർദേശം കൊല്ലത്തുനിന്ന് ഇരുവർക്കും നൽകിയിരുന്നെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. നിലവിൽ റെയിൽവേ ജീവനക്കാരില്ലാത്ത സ്റ്റേഷനാണ് ചെറിയനാട്.