ആയിരത്തിലധികം കിലോമീറ്റർ യാത്രയ്ക്കായി കെഎസ്ആർടിസി നൽകിയത് 9 വർഷം പഴക്കമുള്ള ബസ്
Mail This Article
ആലപ്പുഴ / കുട്ടിക്കാനം ∙ ആയിരത്തിലധികം കിലോമീറ്റർ യാത്രയ്ക്കായി കെഎസ്ആർടിസി നൽകിയത് 9 വർഷം പഴക്കം ചെന്ന ബസ്. ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി മാവേലിക്കരയിൽ നിന്നു മധുര, തഞ്ചാവൂർ യാത്രയ്ക്കായി പുറപ്പെട്ട ബസിനു 8 വർഷവും 9 മാസവും പഴക്കമുണ്ടായിരുന്നു. മാവേലിക്കരയിൽ നിന്നു മധുരയിൽ എത്തി ക്ഷേത്ര ദർശനത്തിനു ശേഷമാണ് തഞ്ചാവൂരിലേക്ക് പോയത്. 6നു പുലർച്ചെ മൂന്നിന് മാവേലിക്കരയിൽ നിന്നു പുറപ്പെട്ട ബസ് ഉച്ചയ്ക്ക് 12ന് മധുരയിൽ എത്തി. ക്ഷേത്രദർശനത്തിനു ശേഷം തഞ്ചാവൂരിലേക്ക്. തുടർന്ന് രാത്രി 10.30ന് മടങ്ങിയെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. അതായത് ബസ് അപകടത്തിൽപെടുമ്പോൾ യാത്ര പുറപ്പെട്ടു 27 മണിക്കൂർ കഴിഞ്ഞിരുന്നു. ഇതിനിടയിൽ പരമാവധി 4 മണിക്കൂർ സമയം മാത്രമാണ് ബസ് വിശ്രമിച്ചത്.
ദീർഘദൂര ബസുകൾക്കു 10 വർഷം കാലാവധിയുണ്ടെങ്കിലും തുടർച്ചയായ സർവീസുകൾ കാരണം ബസുകളുടെ ശേഷിയിൽ കുറവു വന്നിട്ടുണ്ടെന്നും ഇവയ്ക്കു പകരം പുതിയ ബസുകൾ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കണമെന്നും യാത്രക്കാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം പഴയ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസിന് അയയ്ക്കുകയാണു ചെയ്യുന്നത്.
ഇന്നലെ അപകടത്തിൽപെട്ട ബസിനു സർവീസ് നടത്താനുള്ള ഫിറ്റ്നസും അനുമതിയുമുണ്ട്. വാഹനത്തിന്റെ റജിസ്ട്രേഷനു 2026 മാർച്ച് വരെയും ഫിറ്റ്നസിനും ഇൻഷുറൻസിനും ഈ വർഷം മാർച്ച് വരെയും കാലാവധിയുണ്ട്. 2026 സെപ്റ്റംബർ വരെ സർവീസ് നടത്താനുള്ള പെർമിറ്റുമുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. ബജറ്റ് ടൂറിസം സെൽ തുടങ്ങിയിട്ട് മൂന്നര വർഷം കഴിഞ്ഞെങ്കിലും പുതിയ ബസുകളൊന്നും വാങ്ങി നൽകിയിട്ടില്ല.
വിനോദ യാത്രാ ട്രിപ്പുകളിൽ നിന്നു മികച്ച വരുമാനം ലഭിക്കുന്നതിനാൽ ടൂറിസം പരിപാടി കെഎസ്ആർടിസിക്ക് പൊൻമുട്ടയിടുന്ന താറാവാണ്. പല സർവീസുകളും മുടക്കിയാണു ടൂറിസത്തിന് ബസ് നൽകുന്നതെന്നും ആക്ഷേപമുണ്ട്.സൂപ്പർ ക്ലാസ് ബസുകളുടെ കാലപരിധി 5 വർഷമായിരുന്നത് ഘട്ടം ഘട്ടമായി കൂട്ടി 12 വർഷമാക്കിയതോടെ പഴക്കം ചെന്ന ബസുകളാണു നിരത്തിലുള്ളവയിൽ ഭൂരിഭാഗവും. കണ്ടം ചെയ്യേണ്ട 1194 ബസുകളാണ് കെഎസ്ആർടിസിയുടെ കൈവശമുള്ളത്.
നിരത്തിൽ പലതും ‘പെൻഷനായ’ ബസുകൾ
കറുകച്ചാൽ ∙ സർവീസ് നടത്തുന്ന ബസുകളിൽ മിക്കതും ‘പെൻഷൻ’ ആയതാണെന്നു കെഎസ്ആർടിസി ജീവനക്കാർ. മുൻപ് 5 വർഷം പഴക്കമുള്ള ബസുകളാണ് ഫാസ്റ്റ് പാസഞ്ചറായി ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് 7 വർഷവും 9 വർഷവുമായി. നിലവിൽ 12 വർഷം വരെയുള്ള ബസുകളാണ് ഫാസ്റ്റ് പാസഞ്ചറായി ഓടുന്നതെന്നും 16 വർഷത്തിന് മുകളിൽ പഴക്കമുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും പറയുന്നു. 2015ന് ശേഷം ഇതേവരെ പുതിയ ബസുകൾ എത്തിയിട്ടില്ല. സ്വിഫ്റ്റ് ബസുകൾ മാത്രമാണ് പുതിയ ബസുകൾ.
മെക്കാനിക്കിനെ കിട്ടാനില്ല
മിക്ക ഡിപ്പോകളിലും മെക്കാനിക്കിന്റെ എണ്ണം കുറവാണ്. ശബരിമല സ്പെഷൽ ഡ്യൂട്ടി കൂടി വന്നതോടെ 20 ബസുകൾ വരെ ഒരു മെക്കാനിക് നോക്കേണ്ട അവസ്ഥയാണ്. ഒപ്പം ലഭിക്കുന്ന സ്പെയർ പാർട്സുകൾ ഗുണനിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. ബസുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ റീജനൽ വർക് ഷോപ്പിലാണ് നടത്തുന്നത്. തിരുവനന്തപുരം, ആലുവ, മാവേലിക്കര, കോഴിക്കോട്, എടപ്പാൾ എന്നിവിടങ്ങളിലാണ് റീജനൽ വർക് ഷോപ്പുള്ളത്.