‘ബിന്ദുച്ചേച്ചിക്ക് പുറമേക്ക് കുഴപ്പമൊന്നും തോന്നിയില്ല, മരിക്കുമെന്നു കരുതിയതേയില്ല’; രമ്യയെത്തി, വിട നൽകാൻ
Mail This Article
‘‘എത്ര സന്തോഷത്തോടെയുള്ള യാത്രയായിരുന്നു. ഇങ്ങനെയൊരു ദുരന്തത്തിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല’’, ഇടുക്കി പുല്ലുപാറയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ മാങ്കാംകുഴി അശ്വതിയിൽ ആർ.എസ്.രമ്യയ്ക്ക് വാക്കുകൾ മുറിഞ്ഞു. നാലു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ആഘാതത്തിലാണ് മാവേലിക്കര ഡിപ്പോയിലെ ബജറ്റ് ടൂറിസത്തിന്റെ സ്ഥിരം കോഓർഡിനേറ്റർ കൂടിയായ രമ്യ ഇപ്പോഴും. അപകടത്തിൽ വലതുകാലിലെ അസ്ഥിക്കു പൊട്ടലേറ്റു നടക്കാനാകാത്ത അവസ്ഥയിലാണെങ്കിലും യാത്രക്കാരിയായ ബിന്ദു ഉണ്ണിത്താന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു രമ്യ. കസേരയിലിരുത്തി എടുത്താണു രമ്യയെ ബിന്ദുവിന്റെ മൃതദേഹത്തിനരികിലേക്ക് എത്തിച്ചത്.
‘‘ബിന്ദുച്ചേച്ചിക്ക് പുറമേക്ക് കുഴപ്പമൊന്നും തോന്നിയില്ല. മരിക്കുമെന്നു കരുതിയതേയില്ല’’, വേദനയോടെ രമ്യ ആ നിമിഷങ്ങൾ ഓർത്തെടുത്തു. ‘‘തഞ്ചാവൂരിൽ നിന്ന് അത്താഴത്തിനു ശേഷം രാത്രി 10 മണിയോടെയാണു മടക്കയാത്ര തുടങ്ങിയത്. കുമളി പിന്നിട്ടപ്പോഴാണു ബസിന്റെ ബ്രേക്ക് പോയെന്നു ഡ്രൈവർ രാജീവ് വിളിച്ചു പറയുന്നത്. ഞാൻ എഴുന്നേറ്റു നിന്നു നോക്കുമ്പോൾ ബസ് നിയന്ത്രണം വിടുന്നതാണു കണ്ടത്. റോഡിൽ വട്ടം കറങ്ങി ബസ് താഴേക്കു പതിച്ചു. വണ്ടി എവിടെയോ തങ്ങി നിന്നു എന്നുറപ്പായപ്പോൾ പേരുകൾ ഉച്ചത്തിൽ വിളിച്ചു. എല്ലാവരും വിളി കേട്ടു.’’
‘‘ബിന്ദുച്ചേച്ചി മാത്രമാണു ബസിൽ നിന്നു പുറത്തേക്കു തെറിച്ചു പോയത്. കാൽ അനക്കാൻ വയ്യെന്നും മറ്റു കുഴപ്പമൊന്നും ഇല്ലെന്നുമാണു ചേച്ചി പറഞ്ഞത്. കാൽ എടുക്കാൻ നോക്കിയപ്പോൾ കനത്ത ഭാരം അനുഭവപ്പെട്ടു. പിന്നെയാണു ചെവിയുടെ പിന്നിൽ നിന്നു ചോര വരുന്നതു കണ്ടത്. ആശുപത്രിയിൽ വച്ചായിരുന്നു മരണം.’’
‘‘സംഗീതിന്റെയും അരുണിന്റെയും കാര്യവും അതുപോലെ തന്നെയായിരുന്നു. പുറമേ പരുക്കുകളൊന്നുമില്ല. രമ മോഹനനു മാത്രമാണു പരുക്കുകൾ പ്രകടമായിരുന്നത്. രക്ഷാപ്രവർത്തകരെത്തി റോഡിലെത്തിക്കും മുൻപേ രമ മരിച്ചു. ബസിന്റെ ടാങ്ക് നിറയെ ഇന്ധനം ഉണ്ടായിരുന്നെങ്കിലും തീ പിടിച്ചില്ല. ഇല്ലെങ്കിൽ വലിയ ദുരന്തമായേനെ’’– രമ്യ പറഞ്ഞു.