'ഞാനൊന്നു തൊട്ടോട്ടെ, ഞങ്ങളിൽ നിന്നു പറിച്ചെടുത്തു കൊണ്ടുപോകല്ലേ, കത്തിക്കല്ലേ';സംഗീത് ഓർമയായി
Mail This Article
മാവേലിക്കര∙ "ഞാനൊന്നു തൊട്ടോട്ടെ, ഞങ്ങളിൽ നിന്നു പറിച്ചെടുത്തു കൊണ്ടുപോകല്ലേ, കത്തിക്കല്ലേ”, പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സംഗീത് സോമന്റെ മൃതദേഹം വീട്ടിൽനിന്നു പുറത്തേക്ക് എടുത്തപ്പോൾ ഭാര്യ ഹരിത ഹൃദയം നുറുങ്ങി വാവിട്ടു നിലവിളിച്ചു. കേട്ടുനിൽക്കാനാകാതെ ഉറ്റവരെല്ലാം വിങ്ങിപ്പൊട്ടി. ഹൃദയഭേദകമായ നിമിഷങ്ങളായിരുന്നു അത്. മറ്റം തെക്ക് സോമസദനത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരെല്ലാം നിറകണ്ണുകളോടെ ആ ദുഃഖത്തിന്റെ ഭാഗമായി.
സ്നേഹിതരുടെയും ബന്ധുക്കളുടെയും സംഗമങ്ങളിലെ സംഗീതവിരുന്നായിരുന്നു സംഗീത്. കുത്തിയോട്ടപ്പാട്ടുകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും നാട്ടിലും അറിയപ്പെടുന്ന ഗായകൻ. സ്നേഹസംഗീതം നിറഞ്ഞുനിന്ന വീട്ടിൽ നിന്നു സംഗീതിന്റെ ചേതനയറ്റ ശരീരം രാവിലെ 10നാണ് അന്ത്യകർമങ്ങൾക്കായി പുറത്തേക്ക് എടുത്തത്. പിന്നീട് 11 മണിയോടെ ചിതയിലേക്കു കൊണ്ടുപോകുമ്പോഴും നിലവിളികൾ ഉയർന്നു.
സംഗീത് സോമന്റെ അമ്മ വിജയകുമാരി, ഭാര്യ ഹരിത, മക്കളായ സൗരഭ്, സിദ്ധാർഥ് എന്നിവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും തകർന്നു നിന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ശയ്യാവലംബിയായ പിതാവ് സോമനാഥൻ പിള്ളയുടെ തേങ്ങലും മകനെ പേരെടുത്തു വിളിച്ചുള്ള നിലവിളികളും അകത്തെ മുറിയിൽ നിന്ന് ഉയർന്നു. ചിതയ്ക്കു തീ കൊളുത്തിയതോടെ തളർന്നു വീണ ഹരിതയെയും വിജയകുമാരിയെയും ബന്ധുക്കൾ വീടിനുള്ളിലേക്ക് എടുത്തു കൊണ്ടു പോയി. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എം.എസ്.അരുൺകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.