ADVERTISEMENT

ബെംഗളൂരു∙ ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവും കാരണം കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് ഗരുഡ പ്രീമിയം ബസിനെ (നവകേരള ബസ്) ഏറ്റെടുക്കാതെ യാത്രക്കാർ. ഈ മാസം 5ന് സർവീസ് തുടങ്ങിയ ബസിൽ ആദ്യ ദിവസങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സീറ്റുകൾ കാലിയായാണ് സർവീസ്. 26 സീറ്റുകൾ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളിൽ യാത്രക്കാർ കയറിയാൽ ടിക്കറ്റിനത്തിൽ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്.

സമയം പ്രശ്നം
പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.30നാണ് ബെംഗളൂരുവിലെത്തേണ്ടത്. തിരിച്ച് 2.30നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന തരത്തിലാണ് നിലവിലെ സമയക്രമം. ഗതാഗതക്കുരുക്കിൽപെട്ട് ബസ് ബെംഗളൂരുവിലും തിരിച്ച് കോഴിക്കോട്ടും എത്താൻ വൈകുന്നത് പതിവാണ്.

പുലർച്ചെ ആരംഭിക്കുന്ന ബസിൽ കയറാൻ ദൂരെ പ്രദേശങ്ങളിൽ നിന്നുള്ളവർ 2 മണിക്കൂർ നേരത്തെയെങ്കിലും വീടുകളിൽ നിന്ന് പുറപ്പെടണം. തിരിച്ച് കോഴിക്കോട് എത്തുമ്പോൾ അർധരാത്രിയാകുന്നതോടെ തുടർയാത്രയും ബുദ്ധിമുട്ടാണ്. കോഴിക്കോട്ടു നിന്ന് രാവിലെ 6ന് പുറപ്പെടുന്ന തരത്തിലാക്കിയാൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകും. ഒറ്റബസ് ഉപയോഗിച്ചുള്ള സർവീസായതിനാൽ ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസ് രാത്രിയാക്കുന്നതിനും സാങ്കേതികമായ തടസ്സമുണ്ട്. 

സ്റ്റേജ് ഫെയർ ആക്കണമെന്ന് ആവശ്യം
ഗരുഡ പ്രീമിയത്തിന്റെ എൻഡ് ടു എൻഡ് ടിക്കറ്റ് മാറ്റി പകരം സ്റ്റേജ് ഫെയറാക്കി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1171 രൂപയാണ് നിരക്ക്. ജിഎസ്ടി ഉൾപ്പെടെ 1256 രൂപ നൽകണം. സാധാരണ ബസുകളിലെ പോലെ ദൂരം കണക്കാക്കിയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് സ്റ്റേജ് ഫെയർ. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാകുമ്പോൾ മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരെല്ലാം മുഴുവൻ നിരക്കും നൽകണം. ഫെയർ സ്റ്റേജ് അടിസ്ഥാനത്തിലാക്കിയാൽ മൈസൂരുവിൽ നിന്നുൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കും.

കേരളത്തിലേക്ക് കൂടുതൽ ആഡംബര ബസുകൾ
പുതിയ 40 മൾട്ടി ആക്സിൽ എസി ബസുകൾ എത്തുന്നതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിക്കാൻ കർണാടക ആർടിസി. നിലവിലുള്ള ഐരാവത് മൾട്ടി ആക്സിൽ എസി ബസുകൾക്കു പകരമാണു പുതിയ ബസുകൾ വാങ്ങുന്നത്. പുതിയ എസി സ്ലീപ്പർ ബസുകൾ വരുന്നതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള റൂട്ടുകളിലേക്കു സീറ്റർ ബസുകൾക്കു പകരം ഇവ സർവീസ് ആരംഭിക്കും. നിലവിൽ മൾട്ടി ആക്സിൽ സ്ലീപ്പർ സർവീസായ അംബാരി ഉത്സവ് തൃശൂർ, എറണാകുളം റൂട്ടുകളിലാണ് ഓടുന്നത്. നോൺ എസി സ്ലീപ്പർ സർവീസായ ‘പല്ലക്കി’ തൃശൂർ റൂട്ടിലും ഓടുന്നുണ്ട്.

English Summary:

High Costs and Bad Timing: Bengaluru-Kozhikode Garuda Premium Bus Faces Low Passenger Turnout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com