ADVERTISEMENT

ബെംഗളൂരു ∙ ഓണത്തിരക്കിന്റെ നാളുകളിൽ പതിവുപോലെ സ്വകാര്യ ബസുകൾ വൻ നിരക്ക് ഈടക്കുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളിലെ ‌ടിക്കറ്റ് നിരക്ക് 4,000–5,000 രൂപ വരെയായി ഉയർന്നു. തിരക്കേറെയുള്ള സെപ്റ്റംബർ 13ലെ നിരക്കാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ തവണ ഉത്രാടദിനത്തിൽ അത് 7,000 രൂപ വരെ ഉയർന്നിരുന്നു.

ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ കൊള്ളനിരക്ക് നിയന്ത്രിക്കാൻ നിയമനിർമാണം ഉൾപ്പെടെ നടത്തുമെന്ന് കേരള, കർണാടക സർക്കാരുകൾ പല തവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.  ഓണക്കാലത്ത് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വേണ്ടത്ര യാത്രക്കാരില്ലെന്ന വിചിത്ര ന്യായം ഉന്നയിച്ചാണ് നാട്ടിലേക്കുള്ള സർവീസുകളിൽ സ്വകാര്യ ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നത്.

ബസ് ലോബിക്ക് വേണ്ടിയോ ഈ ഒത്തുകളി?
സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ യശ്വന്ത്പുര– കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് റദ്ദാക്കിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണന്ന ആക്ഷേപം വ്യാപകമാണ്. ഓണത്തിന് നാട്ടിലേക്ക് പോകാൻ 4 മാസം മുൻപേ ഈ ട്രെയിനിൽ റിസർവ് ചെയ്തവർക്ക് ജൂൺ അവസാനമാണ് ഓഗസ്റ്റ് 18–സെപ്റ്റംബർ 18 വരെ ട്രെയിൻ റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. തെക്കൻ കേരളത്തിലേക്കുള്ള മറ്റു ട്രെയിനുകളിലെ ടിക്കറ്റുകൾ ഇതിനിടെ വെയ്റ്റ് ലിസ്റ്റ് 100 പിന്നിട്ടിരുന്നു. 

തിരക്കേറെ; കേരള ആർടിസിക്ക് ബസ് കുറവ് 
ഓണത്തിന് ഒരു മാസം മുൻപേ തന്നെ കേരള ആർടിസി 58 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചെങ്കിലും 12, 13 ദിവസങ്ങളിലെ രാത്രി സർവീസുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള പകൽ സർവീസുകളിൽ മാത്രമാണ് ടിക്കറ്റ് ശേഷിക്കുന്നത്. അതേസമയം, തിരക്ക് കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് റൂട്ടുകളിൽ ബുക്കിങ് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കാൻ കേരള ആർടിസിക്ക് കഴിയുന്നില്ല.

സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ കുറവാണെന്നതാണ് അധികൃതർ പറയുന്ന വിശദീകരണം. അതേസമയം, കർണാടക ആർടിസി എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് കൂടുതൽ എസി സ്പെഷലുകൾ അനുവദിച്ച് മികച്ച വരുമാനം നേടുന്നുണ്ട്. സ്പെഷൽ ബസുകൾക്ക് 30% അധിക നിരക്കാണ് കേരള, കർണാടക ആർടിസികൾ ഈടാക്കുന്നതെങ്കിലും സ്വകാര്യ ബസുകളെ അപേക്ഷിച്ച് ഇത് കുറവാണ്.

സെപ്റ്റംബർ 13ലെ സ്വകാര്യ ബസ് നിരക്ക്
∙ തിരുവനന്തപുരം
എസി സ്ലീപ്പർ: 3,800- 4,800
എസി സീറ്റർ: 3,000- 3,500
നോൺ എസി സീറ്റർ: 1,900- 2,200
∙ കൊച്ചി
എസി സ്ലീപ്പർ: 3,500- 4,800
എസി സീറ്റർ: 3,000- 3,500
നോൺ എസി സീറ്റർ: 2,000- 2,500
∙കോഴിക്കോട്
എസി സ്ലീപ്പർ: 2,400- 2,800
എസി സീറ്റർ: 1,500- 2,000
നോൺ എസി സീറ്റർ: 1,200- 1,500
∙ കണ്ണൂർ
എസി സ്ലീപ്പർ: 2,000- 2,500
എസി സീറ്റർ: 1,500- 1,800
നോൺ എസി സീറ്റർ: 1,200- 1,500

English Summary:

Travelers heading to Kerala for Onam face skyrocketing bus fares from Bengaluru, with private operators charging up to Rs 5,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com