കൂടുതൽ സ്പെഷൽ ബസുകളില്ല; നാടണയാൻ നെട്ടോട്ടം, കണ്ട ഭാവമില്ലാതെ കേരളം
Mail This Article
ബെംഗളൂരു∙ കേരള ആർടിസിയുടെ ഓണം സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്നിട്ടും കൂടുതൽ സ്പെഷലുകൾ അനുവദിക്കാതെ അലംഭാവം തുടരുന്നു. ബെംഗളൂരുവിൽ നിന്ന് കേരള ആർടിസി ഓണം സ്പെഷൽ സർവീസ് ഇന്നു മുതലാണ് ആരംഭിക്കുക. തിരക്കേറിയ 12നും 13നും അനുവദിച്ച 50–58 സ്പെഷലുകളുടെ ബുക്കിങ് ദിവസങ്ങൾക്കു മുൻപേ പൂർത്തിയായിരുന്നു. ഈ ദിവസങ്ങളിൽ പകൽ സർവീസുകളിൽ പോലും ടിക്കറ്റില്ല.
ഉത്സവ സീസണിൽ സ്പെഷൽ പെർമിറ്റെടുത്താണ് സംസ്ഥാനാന്തര റൂട്ടുകളിൽ ബസ് ഓടിക്കുന്നത്. വിവിധ ഡിപ്പോകളിൽ ഡീലക്സ്, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സ്പെയർ ബസുകൾ ഇല്ലെന്ന ന്യായമാണ് അധികൃതർ പറയുന്നത്. കേരളത്തിൽ ഓണത്തിരക്കായതിനാൽ അധിക ബസുകൾ വിട്ടുനൽകാൻ കഴിയില്ലെന്നാണു ഡിപ്പോ അധികൃതരുടെ ന്യായം. പതിവു സർവീസുകളെ അപേക്ഷിച്ച് സ്പെഷൽ ബസുകളിൽ 30% അധികം നിരക്കിന് പുറമേ എൻഡ് ടു എൻഡ് ടിക്കറ്റാണു ലഭിക്കുക. കേരള ആർടിസി സ്പെഷലുകളൊന്നും എസി ബസുകളല്ല. അതേസമയം കർണാടക ആർടിസിയുടെ സ്പെഷൽ ബസുകളിൽ 90 ശതമാനവും എസിയാണ്.
സ്പെഷൽ ട്രെയിൻ കാത്ത് മലബാറുകാർ
മലബാറിലേക്ക് ഓണം സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, അവസാന നിമിഷം അനുവദിച്ചാൽ ഉപകാരപ്പെടില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലും മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിലും ഇനി തത്കാൽ ടിക്കറ്റ് മാത്രമേ ബാക്കിയുള്ളു. സേലം വഴി സ്പെഷൽ ട്രെയിൻ അനുവദിച്ചാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർക്കു ഗുണകരമാകും.
കർണാടക ആർടിസി ശാന്തിനഗറിൽ നിന്ന്
ഓണത്തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി കർണാടക ആർടിസി ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിൽ 12നും 13നും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബിഎംടിസി ആസ്ഥാനത്തിനു മുന്നിലെ പാർക്കിങ് ബേയിൽ നിന്നാണ് സ്പെഷൽ ബസ് പുറപ്പെടുക. കൂടുതൽ ഇരിപ്പിടങ്ങളും ബസുകളുടെ സമയം സംബന്ധിച്ച് അനൗൺസ്മെന്റ് സൗകര്യവും ഒരുക്കും. മലബാർ മേഖലയിലേക്കുള്ളവർക്കു മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നും കർണാടക ആർടിസി ബസുകളിൽ കയറാം.
പതിവ് സർവീസുകൾ ഒന്നാം ടെർമിനലിൽ നിന്ന് തന്നെ പുറപ്പെടും. കേരള ആർടിസിയുടെ ഓണം സ്പെഷൽ ബസുകൾ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് പുറപ്പെടുക. തെക്കൻ കേരളത്തിലേക്ക് ഹൊസൂർ വഴിയുള്ള ബസുകൾക്ക് ശാന്തിനഗർ ബസ് ടെർമിനലിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ബോർഡിങ് പോയിന്റുണ്ട്. കൂടുതൽ ബസുകൾ എത്തുന്നതോടെ പാർക്കിങ് പീനിയ ബസവേശ്വര ടെർമിനലിലേക്ക് മാറ്റും. പതിവ് ബസുകൾ സാറ്റലൈറ്റിൽ തന്നെ പാർക്ക് ചെയ്യും.
കർണാടക ആർടിസി മൈസൂരു സ്പെഷൽ
മൈസൂരുവിൽ നിന്നുൾപ്പെടെ കൂടുതൽ സ്പെഷൽ അനുവദിച്ച് കർണാടക ആർടിസി. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഇന്ന് മുതൽ 14 വരെ 3 എസി സ്പെഷൽ ബസാണ് ഓടിക്കുന്നത്. മൈസൂരു–കൊച്ചുവേളി പ്രതിദിന ട്രെയിൻ മാത്രമാണ് തെക്കൻ കേരളത്തിലേക്കുള്ളത്. മാസങ്ങൾക്കു മുൻപേ തന്നെ ഇതിലെ ടിക്കറ്റ് തീർന്നതോടെ പിന്നെ കേരള, കർണാടക ആർടിസി ബസുകൾ മാത്രമാണ് ആശ്രയം. മൈസൂരുവിലേക്ക് സ്വകാര്യ ബസ് സർവീസുകൾ പരിമിതമാണ്. കേരള ആർടിസി മൈസൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കു മാത്രമാണു സ്പെഷൽ ബസുകൾ അനുവദിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കിളവ്
ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കിളവ് തുടരുമെന്ന് കേരള ആർടിസി. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റ ടിക്കറ്റിന്റെ റിസർവേഷൻ നിരക്കായ 10 രൂപ മാത്രമാണ് ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ ടിക്കറ്റിന് 10% നിരക്കിളവും ലഭിക്കും.