കെഎസ്ആർടിസി... ഇത് എങ്ങനെ സഹിക്കും?; വഴിയിൽ കിടന്നും മാറിക്കയറിയും ഇഴഞ്ഞിഴഞ്ഞ് ഓണയാത്ര
Mail This Article
ബെംഗളൂരു ∙ ഓണമാഘോഷിക്കാൻ നാട്ടിലേക്കു പോയവരുടെ മടക്കയാത്ര ഇത്തവണയും കേരള ആർടിസി ദുരിതത്തിലാക്കി. എസി ബസ് ബുക്ക് ചെയ്തവർക്ക് ലഭിച്ചത് ഓടിത്തളർന്ന്, ഗാരേജിൽ പൊടിപിടിച്ചു കിടന്ന നോൺ എസി ബസുകൾ. രാത്രിയുറക്കം വെടിഞ്ഞ് ബസുകൾ മാറിമാറി കയറി ബെംഗളൂരുവിൽ എത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞു. തിങ്കളാഴ്ചയും ഇന്നലെയും ഇതുതന്നെയായിരുന്നു സ്ഥിതി. ബെംഗളൂരുവിൽ എത്തുന്ന ദിവസം ജോലിക്കു പോകാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
നാട്ടിലേക്കുള്ള യാത്ര ദുരിതം
ഓണമാഘോഷിക്കാൻ നാട്ടിലേക്ക് വെള്ളിയാഴ്ച പുറപ്പെട്ടതിന്റെ ദുരിതവും ഇവർ വിവരിക്കുന്നു. കോട്ടയം–ബെംഗളൂരു ഡീലക്സ് സ്പെഷൽ ബസിലാണ് ടിക്കറ്റെടുത്തത്. രാത്രി 7.10ന് ബൊമ്മസന്ദ്രയിലെത്തേണ്ട ബസ് എത്തിയത് രാത്രി 11.30 കഴിഞ്ഞ്. ഡീലക്സിനു പകരം വന്നത് എക്സ്പ്രസ് ബസ്. ഇഴഞ്ഞുനീങ്ങി തൃശൂരിൽ എത്തിയപ്പോൾ പിറ്റേദിവസം 11.50 കഴിഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ ആർക്കു വേണമെങ്കിലും പരാതി കൊടുത്തോ ഇതൊക്ക തന്നെ വലിയ കാര്യം’ എന്നാണു ജീവനക്കാർ പ്രതികരിച്ചത്.
കേടായാൽ വഴിയിൽതന്നെ; പകരം ബസുകൾ ഇല്ലേയില്ല
ഉത്സവ സീസണിൽ ബസുകൾ തകരാറിലായാൽ പകരം ബസുകൾ ഏർപ്പെടുത്താത്തത് ബെംഗളൂരു സർവീസുകളുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. 2 വർഷം മുൻപ് സ്വിഫ്റ്റ് ബസുകൾ ഏർപ്പെടുത്തിയിട്ടും യാത്രക്കാരുടെ ദുരിതത്തിനു മാറ്റമില്ല. തിങ്കളാഴ്ച പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എസി സ്വിഫ്റ്റ് ബസ് തകരാറിലായതോടെ ഇതിലെ യാത്രക്കാർ 4 ബസുകൾ മാറികയറിയാണ് ഉച്ചയോടെ ബെംഗളൂരുവിലെത്തിയത്. ഈ ബസിൽ തൃശൂർ മുതൽ യാത്ര ചെയ്ത കാഞ്ഞാണി സ്വദേശിനി ഐറിൻ ട്രീസ താൻ നേരിട്ട ദുരിതം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ഐറിന്റെ ദുരിതയാത്ര ഇങ്ങനെ:
തിങ്കളാഴ്ച വൈകിട്ട് 5.30നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സ്വിഫ്റ്റ് എസി ബസ് തൃശൂരിൽ എത്തേണ്ടിയിരുന്നത് രാത്രി 9.30ന്. ഉച്ചയ്ക്ക് കേരള ആർടിസിയിൽ നിന്ന് വിളിച്ച് എസി ബസ് തകരാറിലാണെന്നും പകരം നോൺ എസി ഡീലക്സ് ബസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. മറ്റു ബസുകളിൽ ടിക്കറ്റ് ഇല്ലാത്തതിനാലും ഇന്നലെ ജോലിക്ക് പോകേണ്ടതിനാലും നോൺ എസിയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. പത്തനംതിട്ടയിൽ നിന്ന് പെരുമ്പാവൂർ വരെ എക്സ്പ്രസ് ബസാണ് ഏർപ്പെടുത്തിയത്. പെരുമ്പാവൂരിൽ നിന്ന് തൃശൂർ വരെ എസി ലോഫ്ലോർ ബസിലായി തുടർയാത്ര.
ഈ ബസ് തൃശൂരിൽ എത്തിയത് പുലർച്ചെ 2.10ന്. തുടർന്ന് ലോ ഫ്ലോർ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി പഴഞ്ചൻ ഡീലക്സ് ബസിൽ കയറ്റി. പുലർച്ചെ 3ന് തൃശൂർ വിട്ട ബസ് രാവിലെ 9.50ന് സേലത്ത് എത്തിയപ്പോഴേക്കും തകരാറിലായി. പകരം ഇവിടെ നിന്ന് എസി ലോഫ്ലോർ ബസിൽ ബെംഗളൂരുവിലേക്ക്. ഇതിലാകട്ടെ 3 പേർ യാത്ര ചെയ്തത് സ്റ്റെപ്പുകളിൽ ഇരുന്ന്. രാവിലെ 10ന് സേലത്ത് നിന്ന് പുറപ്പെട്ട ബസ് ഇലക്ട്രോണിക് സിറ്റിയെത്തിയപ്പോൾ നട്ടുച്ചയായി.