4 കിലോമീറ്റർ പിന്നിടാൻ ഒന്നേമുക്കാൽ മണിക്കൂർ; കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസിന് സമയമാറ്റം, ഇനി 20 മിനിറ്റ് വൈകി
Mail This Article
ബെംഗളൂരു∙ കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് (16525) ഒക്ടോബർ 1 മുതൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ 20 മിനിറ്റ് വൈകി എത്തും. നിലവിൽ രാവിലെ 6.40ന് എത്തുന്ന ട്രെയിൻ ഇനി 7ന് മാത്രമേ എത്തുകയുള്ളൂ. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല. തിരിച്ചുള്ള കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിന്റെ (16526) സമയത്തിലും മാറ്റം വരുത്തിയിട്ടില്ല.
4 കിലോമീറ്റർ പിന്നിടാൻ ഒന്നേമുക്കാൽ മണിക്കൂർ
പുലർച്ചെ 5.18ന് ബെംഗളൂരു കന്റോൺമെന്റിലെത്തുന്ന ട്രെയിൻ 4 കിലോമീറ്റർ പിന്നിടാനെടുക്കുന്നത് ഒരു മണിക്കൂർ 42 മിനിറ്റ്. പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിന്റെ പേരിലാണു ട്രെയിൻ കന്റോൺമെന്റ്–കെഎസ്ആർ സ്റ്റേഷനുകൾക്കിടയിൽ പിടിച്ചിടുന്നത്. പുലർച്ചെ 4.45ന് വൈറ്റ്ഫീൽഡിലെത്തുന്ന ട്രെയിൻ കെആർ പുരത്ത് 4.58നും ബെംഗളൂരു ഈസ്റ്റിൽ 5.13നും എത്തും. കെആർ പുരത്ത് 2 മിനിറ്റും മറ്റ് രണ്ടിടത്തും ഒരു മിനിറ്റുമാണ് സ്റ്റോപ്. രാവിലെ 10.10ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 944 കിലോമീറ്റർ ദൂരം 20 മണിക്കൂർ 30 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് കന്യാകുമാരിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ 43 സ്റ്റോപ്പുകളുണ്ട്. തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴിയുള്ള ഏക പ്രതിദിന സർവീസായതിനാൽ മലയാളികൾ ഏറെ ആശ്രയിക്കുന്ന ട്രെയിനാണിത്. ബെംഗളൂരു– കന്യാകുമാരി ട്രെയിനിന്റെ കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലെ സമയത്തിൽ 2022 ജൂലൈ മുതൽ മാറ്റം വരുത്തിയിരുന്നു. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെയാണ് സമയമാറ്റം വരുത്തിയത്.
നിർത്തിയതാണ്; നിർത്തിച്ചതല്ല
നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ കടന്നുപോകാൻ ട്രെയിൻ നിർത്തിയിട്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം നിഷേധിച്ച് റെയിൽവേ. യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസാണ് (12257) കഴിഞ്ഞ ദിവസം രാത്രി ബയ്യപ്പനഹള്ളിക്കും കർമലരാമിനും ഇടയിൽ മുനേകൊലാല റെയിൽവേ ക്രോസിന് സമീപം നിർത്തിയിട്ടത്. ബോഗികളിൽ ഭാരമേറിയ വസ്തു ഇടിച്ചതായുള്ള സംശയത്തെ തുടർന്നാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. ജീവനക്കാരെത്തി പരിശോധിച്ചതിനു ശേഷം ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ 20 മിനിറ്റ് നിർത്തിയിട്ടതോടെ ലെവൽ ക്രോസിന്റെ ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെയാണ് അധികൃതരുടെ അനുമതിയോടെ ജീവനക്കാരൻ ഗേറ്റ് തുറന്നുകൊടുത്തത്. വാഹനങ്ങൾ കടന്നുപോകാൻ ട്രെയിൻ ഹോൺ മുഴക്കി കാത്തുനിൽക്കുന്നു എന്ന മട്ടിലാണ് വിഡിയോ പ്രചരിച്ചത്.