കേരളയാത്ര: ഉത്തരമലബാറിന് എസിയില്ല; കണ്ണടച്ച് കേരള ആർടിസി, കൂടുതൽ എസി സർവീസുമായി കർണാടക
Mail This Article
ബെംഗളൂരു∙ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എസി ബസ് സർവീസ് ആരംഭിക്കുമെന്ന കേരള ആർടിസി പ്രഖ്യാപനം നടപ്പായില്ല. 2 വർഷം മുൻപ് സ്വിഫ്റ്റ് സർവീസുകൾ തുടങ്ങിയപ്പോഴാണ് ഉത്തരമലബാറിലേക്കും എസി സർവീസുകൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്. കണ്ണൂർ ഡിപ്പോയ്ക്ക് എസി ബസുകൾ ലഭിക്കാത്തതിനെ തുടർന്ന് ഇതുവരെ സർവീസ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പഴയ ഡീലക്സ് ബസുകൾ സ്വിഫ്റ്റ് ഡീലക്സിലേക്ക് മാറിയത് മാത്രമാണ് ഏക ആശ്വാസം. കണ്ണൂരിന് പുറമേ തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സർവീസുള്ളത്. ഉത്സവ സീസണുകളിൽ ഉൾപ്പെടെ നേരത്തെ തന്നെ ടിക്കറ്റുകൾ തീരുന്നതോടെ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സ്പെഷൽ സർവീസിന് അനുവദിക്കുന്നത്.
കൂടുതൽ എസി സർവീസുമായി കർണാടക ആർടിസി
കർണാടക ആർടിസി കണ്ണൂർ മേഖലയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ ആരംഭിച്ചതിൽ കൂടുതലും എസി സർവീസുകളാണ്. കണ്ണൂരിലേക്ക് നോൺ എസി സ്ലീപ്പർ ബസിന് പകരം എസി സ്ലീപ്പറും 2 ഐരാവത് എസി ബസുകളും പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. ഉത്സവസീസണുകളിൽ അനുവദിക്കുന്ന സ്പെഷൽ ബസുകളിൽ ഭൂരിഭാഗവും എസിയാണ്. കാഞ്ഞങ്ങാട്ടേക്കും എസി സർവീസുണ്ട്.
എസി സ്ലീപ്പറുമായി സ്വകാര്യ ബസുകൾ
ഉത്തരമലബാറിലേക്ക് കൂടുതൽ എസി സ്ലീപ്പർ സർവീസുകൾ നടത്തിയാണ് സ്വകാര്യ ബസുകൾ യാത്രക്കാരെ ആകർഷിക്കുന്നത്. കണ്ണൂർ, തലശ്ശേരി, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് വിവിധ റൂട്ടുകളിലൂടെ സർവീസ് നടത്തുന്നതിനാൽ ഇടദിവസങ്ങളിൽ ഉൾപ്പെടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.
പുതിയ റൂട്ട് അനുവദിക്കാനും മടി
കണ്ണൂരിലേക്ക് പുതിയ 2 റൂട്ടുകളിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്ന് നേരത്തെ മലയാളി കൂട്ടായ്മകൾ ഗതാഗത മന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 2 വർഷം മുൻപ് ഓണം സ്പെഷൽ എക്സ്പ്രസ് ഇരിട്ടി, മട്ടന്നൂർ, കൂടാളി, ചാലോട് വഴി കണ്ണൂരിലേക്ക് ഓടിച്ചിരുന്നു. എന്നാൽ യാത്രക്കാരില്ലെന്ന പേരിൽ സ്ഥിരമാക്കിയില്ല. മറ്റൊരു റൂട്ടായ ഇരിട്ടി, മട്ടന്നൂർ എയർപോർട്ട് റോഡ്, അഞ്ചരക്കണ്ടി, ചക്കരക്കൽ വഴി കണ്ണൂരിലേക്ക് പരീക്ഷണ സർവീസ് നടത്താനും കേരള ആർടിസി തയാറായില്ല.