ഡ്രൈവറാണ് ഹീറോ: ഹെയർപിൻ വളവിൽ വച്ച് സ്റ്റിയറിങ് റൊഡ് ഒടിഞ്ഞു; അപകടം ഒഴിവാക്കി ഡ്രൈവർ
Mail This Article
മൂലമറ്റം ∙ ഹെയർപിൻ വളവ് ഇറങ്ങി വരവേ കെഎസ്ആർടിസി ബസിന്റെ സ്റ്റിയറിങ്ങും ടയറുമായുള്ള ബന്ധം (സ്റ്റിയറിങ് റൊഡ്) മുറിഞ്ഞു; ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം.കുമളിയിൽ നിന്നു വാഗമൺ വഴി തൊടുപുഴയ്ക്കു പുറപ്പെട്ട കെഎസ്ആർടിസി ബസാണ് ഇന്നലെ രാവിലെ 9നു പുള്ളിക്കാനം ഡിസി കോളജിനു താഴെ 5-ാം വളവിൽ നിയന്ത്രണം വിട്ടത്. വളവിൽ ബസ് റോഡിന് കുറുകെ നിന്നതിനാലാണ് അപകടം ഒഴിവായത്.
സ്റ്റിയറിങ് റൊഡ് ഒടിഞ്ഞ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.ഏറെ അപകടസാധ്യതയുള്ള വളവിലാണ് ബസ് തകരാറിലായത്. ഈ വളവിൽ ബസ് പിന്നോട്ട് എടുത്തുവേണം തിരിഞ്ഞ് ഇറങ്ങിവരാൻ. 50 യാത്രക്കാരുമായി എത്തിയ ബസാണ് അപകടത്തിൽപെട്ടത്. ബസ് താഴേക്കുപതിച്ചാൽ 500 അടിയിലേറെ താഴേക്കു വീഴുമായിരുന്നു. ബസ് കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും 12 മണിക്കൂറിലധികം തടസ്സപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കടന്നു പോയത്. രാത്രി വൈകിയും ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്.
ഡ്രൈവറാണ് ഹീറോ
ചെങ്കുത്തായ ഇറക്കവും വളവുമുള്ള റോഡിൽ ഡ്രൈവർ പി.വി.സിനോജിന്റെ ഇടപെടലാണ് നിർണായകമായത്. സംഭവം സിനോജിന്റെ വാക്കുകളിൽ: ‘ബസ് ഒന്നിലേറെ തവണ പിന്നോട്ട് എടുത്തുവേണം ഇവിടെ തിരിഞ്ഞിറങ്ങിവരാൻ. ഒന്നു തിരിച്ചപ്പോൾതന്നെ പന്തികേടു തോന്നി. ബസ് പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ സ്റ്റിയറിങ്ങിന്റെ ബന്ധം വിട്ടതായി മനസ്സിലായി.ബസിൽ യാത്രക്കാർ കൂടുതലായിരുന്നു. ആരെയും പരിഭ്രാന്തരാക്കരുതെന്ന് ഉറപ്പിച്ചിരുന്നു. ഗിയറിലാക്കി, ഹാൻഡ് ബ്രേക്കിട്ടു പുറത്തിറങ്ങി. സ്റ്റിയറിങ് സംവിധാനം പരിശോധിച്ചപ്പോൾ അപകടസാധ്യത കണ്ടെത്തി. തുടർന്ന് മുഴുത്ത കല്ലെടുത്ത് ബസിന് ഊട് വച്ച് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി.
33 ബസുകൾ നാളെ കാലഹരണപ്പെടും
ജില്ലയിൽ കെഎസ്ആർടിസിയുടെ 29 ബസുകളും 4 വർക്‌ഷോപ് ബസുകളും നാളെ കാലഹരണപ്പെടും. 15 വർഷം സർവീസ് പൂർത്തിയായ ബസുകൾ കണ്ടം ചെയ്യണമെന്നാണ് നിർദേശം. നാളെ സർവീസ് അവസാനിപ്പിക്കേണ്ട ബസുകൾ: തൊടുപുഴ – 4, കട്ടപ്പന– 8, കുമളി– 8, മൂലമറ്റം–5, മൂന്നാർ– 4.