ADVERTISEMENT

ചെന്നൈ ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി കാറുകളും നൂറോളം പാഴ്സലുകളും അയച്ച ആൺകുട്ടി പിടിയിലായി. ഡെലിവറി ആപ്ലിക്കേഷനുകൾ വഴി പാത്രങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ളവ പ്രവഹിച്ചപ്പോൾ യുവതിയും വീട്ടുകാരും ആദ്യം പരിഭ്രാന്തരായി. എല്ലാം കാഷ് ഓൺ ഡെലിവറി. താൻ ഓർഡർ ചെയ്യാതെ എത്തിയ ഇവ കൈപ്പറ്റാൻ യുവതി വിസമ്മതിച്ചു. നൂറോളം സാധനങ്ങൾ നിരസിച്ചതോടെ ഡെലിവറി ഏജന്റുമാരുമായി തർക്കമായി. തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകി. ഇതോടെ, പാഴ്സലുകൾ വരുന്നതു നിലച്ചു. എന്നാൽ, അടുത്തഘട്ടം ഇതിലും ദുരിതമായിരുന്നു. യുവതിയുടെ വീട്ടിലേക്ക് വിവിധ ഓൺലൈൻ ടാക്സി കമ്പനികളുടെ കാറുകൾ ബുക്ക് ചെയ്തു.

2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി ഡ്രൈവർമാർ വീട് അന്വേഷിച്ചെത്തിയതോടെ കുടുംബം വീണ്ടും സൈബർ ക്രൈം പൊലീസിനെ സമീപിച്ചു. ബുക്കിങ്ങിന് ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ 17 വയസ്സുകാരൻ പിടിയിലായത്. ഇയാളുടെ പ്രണയാഭ്യർഥന യുവതി നിരസിക്കുകയും ശല്യം ചെയ്തതിനു പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി സമ്മതിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും 3 വകുപ്പുകൾ പ്രകാരം കേസെടുത്തു.

English Summary:

Boy Sends 80 Taxis as Revenge for Rejected Love in Chennai, Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com