നഗരമധ്യത്തിലെ ലോഡ്ജിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ, രാത്രി നഗരമാകെ തിരച്ചിൽ; സംഭവം ഇങ്ങനെ..
Mail This Article
തൃശൂർ ∙ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് നഗരമധ്യത്തിലെ ലോഡ്ജിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. കെഎസ്ആർടിസി പരിസരത്തെ ലോഡ്ജിൽ ഇന്നലെ വൈകിട്ടാണു സംഭവങ്ങളുണ്ടായത്.ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണാഭരണ മൊത്തവ്യാപാര ശാലയിലെ ജീവനക്കാരാണു കൊള്ളയടിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങളിങ്ങനെ:
മൊത്തവ്യാപാര ശാലയിലേക്കു ഫോണിൽ വിളിച്ച തൃശൂർ സ്വദേശിയായ ഇടനിലക്കാരൻ 637 ഗ്രാം സ്വർണാഭരണം ഓർഡർ ചെയ്തു. തൃശൂരിലെ ഹോട്ടലിൽ സ്വർണമെത്തിച്ചാൽ പണം നൽകാമെന്നു വാഗ്ദാനവും ചെയ്തു. ഇതു വിശ്വസിച്ചു 2 ജീവനക്കാർ സ്വർണവുമായി ഇന്നലെ ഉച്ചയോടെ ഹോട്ടലിലെത്തി. ഇടനിലക്കാരൻ ഏൽപ്പിച്ചതാണെന്ന പേരിൽ തിരുവനന്തപുരം സ്വദേശിയായ ഒരാൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു.
ജീവനക്കാരിലൊരാൾ മുറിയിലെത്തിയ ഉടനെ ഇയാൾ അടിച്ചുവീഴ്ത്തി. രണ്ടാമത്തെ ജീവനക്കാരൻ സ്വർണവുമായി മുറിയിലെത്തിയ ഉടനെ കൂട്ടാളികളുടെ സഹായത്തോടെ ഇയാളെയും ആക്രമിച്ചു.സ്വർണം കൈക്കലാക്കിയ നാലംഗ സംഘം ഹോട്ടലിനു പുറത്തേക്കോടുന്നതിനിടെ ജീവനക്കാർ തടയാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്നായപ്പോൾ കുത്തിവീഴ്ത്തുകയായിരുന്നു. ഇതിനിടയിലാണു സംഘത്തിലെ രഞ്ജിത്ത് പിടിയിലായത്. കൊള്ളസംഘത്തിലെ 4 പേരും തിരുവനന്തപുരത്തു നിന്നെത്തിയവരാണെന്നു പൊലീസിനു വിവരം ലഭിച്ചു. ഇവർ സഞ്ചരിച്ച വാൻ പൊലീസ് പിന്തുടരുന്നുണ്ട്. ഉടൻ വലയിലാകുമെന്നാണു സൂചന. അറസ്റ്റിലായ രഞ്ജിത്തിനെ കൂട്ടി പൊലീസ് രാത്രി നഗരമാകെ തിരച്ചിൽ നടത്തി.