വെൽക്കം ടു വന്ദേഭാരത്: സർവീസുകളുടെ എണ്ണത്തിൽ രണ്ടാമത്; എട്ട് സർവീസുകളുമായി തമിഴ്നാട് ഡൽഹിക്കൊപ്പം
Mail This Article
ചെന്നൈ ∙ തമിഴകത്തെ റെയിൽ ഗതാഗത മേഖലയെ അതിവേഗ ട്രാക്കിലാക്കി വന്ദേഭാരത് സർവീസുകളുടെ എണ്ണം എട്ടായി. ചെന്നൈ–നാഗർകോവിൽ, മധുര–ബെംഗളൂരു എന്നീ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ രാജ്യത്ത് 10 വന്ദേഭാരത് സർവീസുള്ള യുപിക്കു പിന്നിൽ, ഡൽഹിക്കൊപ്പം രണ്ടാമതാണ് തമിഴ്നാട്.
അതിവേഗ ട്രാക്കിൽ കുതിച്ച്
തെക്കൻ മേഖലയിലേക്ക് രാത്രിയാത്ര ചെയ്തിരുന്നവർക്കും ദീർഘദൂര ട്രെയിനുകളിലും ബസിലും യാത്ര ചെയ്തിരുന്നവർക്കും വന്ദേഭാരത് വലിയ അനുഗ്രഹമാണ്. ചെന്നൈയിൽ നിന്നുള്ള 6 സർവീസുകൾ ഉൾപ്പെടെ 8 സർവീസുകളാണ് തമിഴകത്തു കൂടി തലങ്ങും വിലങ്ങും പായുന്നത്. ചെന്നൈയിൽ നിന്നു മൈസൂരുവിലേക്കു മാത്രം 2 സ്ഥിരം സർവീസ്. പൂലർച്ചെ 5.50നും വൈകിട്ട് 5നും. ഈ ട്രെയിൻ നാലര മണിക്കൂർ കൊണ്ടു ബെംഗളൂരുവിലും ആറര മണിക്കൂറിൽ മൈസൂരിലുമെത്തും. ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പോകേണ്ടവർ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത് വന്ദേഭാരതിനെയാണ്.
നാഗർകോവിൽ, കോയമ്പത്തൂർ, തിരുനെൽവേലി, വിജയവാഡ എന്നിവിടങ്ങളിലേക്കാണു ചെന്നൈയിൽ നിന്നുള്ള മറ്റു സർവീസുകൾ. കോയമ്പത്തൂർ–ബെംഗളൂരു, മധുര–ബെംഗളൂരു എന്നിവയാണു തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന മറ്റു ട്രെയിനുകൾ. നാഗർകോവിൽ, തിരുനെൽവേലി ട്രെയിനുകളുടെ സമയക്രമം കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ളവർക്കു കൂടി സൗകര്യപ്രദമാണ്.
നാഗർകോവിലിൽ ഉച്ചയ്ക്ക് 1.50, തിരുനെൽവേലിയിൽ രാത്രി 10.40 എന്നിങ്ങനെയാണ് ഇവ എത്തുന്ന സമയം. കൂടാതെ തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര എന്നിവിടങ്ങളിലേക്ക് പകൽ സമയത്ത് വേഗത്തിൽ എത്താനും വന്ദേഭാരത് സൗകര്യമൊരുക്കുന്നു. മധുര മീനാക്ഷി ക്ഷേത്രം, പഴനി മുരുകൻ ക്ഷേത്രം, വിനോദ സഞ്ചാര കേന്ദ്രങ്ങളായ കന്യാകുമാരി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കു പോകുന്നതിനും സൗകര്യമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതിയിലേക്കു പോകുന്നതിന് ചെന്നൈ–വിജയവാഡ ട്രെയിനിൽ യാത്ര ചെയ്യുന്നവരും ഏറെയാണ്.