ഇങ്ങനെയാണോ, അധികാരികളേ പാലം പണിയുന്നത്..? കുട്ടികൾ വെള്ളത്തിലേക്കു വീഴുന്നു
Mail This Article
കുമരകം ∙ കരീമഠം നടപ്പാലത്തിലെ കൈവരി നിർമാണത്തിലെ അപാകതയാണു കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം സ്കൂളിലേക്കു പോയ അഞ്ചുവയസ്സുകാരൻ വെള്ളത്തിൽ വീഴാൻ കാരണമെന്നു നാട്ടുകാർ. കൈവരി ഉണ്ടെങ്കിലും ഇതിന്റെ വിടവിലൂടെ കുട്ടികൾ വെള്ളത്തിലേക്കു വീഴാം. കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോയ യുകെജി വിദ്യാർഥി ദേവതീർഥ് തെന്നി കൈവരിയുടെ വിടവിലൂടെയാണു വെള്ളത്തിൽ വീണത്. കുട്ടികൾ വെള്ളത്തിലേക്കു വീഴാത്ത വിധം കമ്പികൾ പിടിപ്പിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കൂ. നേരത്തെ ഇവിടെ തടിപ്പലകകൾ നിരത്തിയ പാലമായിരുന്നു. പലകകൾ ഇളകി പോയ ഭാഗത്തു കൂടി അന്ന് മറ്റൊരു കുട്ടി വെള്ളത്തിൽ വീണു. രണ്ട് അപകടങ്ങളിലും കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞു.
തടിപ്പലകകൾ പൊളിഞ്ഞ് അപകടം ഉണ്ടായപ്പോൾ പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമായി.പല സംഘടനകളും പാലം പണിതു നൽകാൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ അയ്മനം പഞ്ചായത്ത് പെറ്റി വർക്കിൽ ഉൾപ്പെടുത്തി പാലം പണി നടത്തിയെങ്കിലും തുക അപര്യാപ്തമായതിനാൽ ഫലപ്രദമായില്ല. തുടർന്ന് പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും അഭ്യർഥന കണക്കിലെടുത്ത് മന്ത്രിയുടെ ഇടപെടലിലൂടെ ലഭിച്ച അടിയന്തിര സഹായം പ്രയോജനപ്പെടുത്തിയാണ് പാലം ഇപ്പോഴത്തെ നിലയിൽ പണി തീർത്തത്. പാലത്തിൽ നിന്നു ആദ്യ തവണ കുട്ടി വെള്ളത്തിൽ പോയപ്പോൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എത്തുകയും ഇവിടെ പുതിയ പാലം പണിതു നൽകാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. അവരെ പിന്നീട് കണ്ടിട്ടില്ലെന്നും ഇവിടെ വാഹനം കയറുന്ന പാലം വേണമെന്നും ഇതിനായി എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗപ്പെടുത്തണം എന്നുമാണു നാട്ടുകാർ ആവശ്യം.