അസഹ്യം കേരള ട്രെയിനുകളിലെ യാത്ര; വെള്ളമില്ല, മാലിന്യം കളയാൻ വഴിയില്ല, കൂടെ ദുർഗന്ധവും തിരക്കും ‘സൂപ്പർ’
Mail This Article
ചെന്നൈ ∙ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിൽ അധികൃതർക്ക് അലംഭാവമെന്ന് ആരോപണം. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും കളയാനുള്ള മാലിന്യത്തൊട്ടികൾ പോലും പല ട്രെയിനുകളിലും ഇല്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 3.20ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ (നമ്പർ 12695) മാലിന്യം കളയാൻ എല്ലാ കോച്ചുകളിലും പ്ലാസ്റ്റിക് കവറുകൾ തൂക്കിയിട്ടിരിക്കുകയായിരുന്നെന്ന് യാത്രക്കാരനായ അയപ്പാക്കം സ്വദേശി രാജേന്ദ്രൻ അടൂർ പറഞ്ഞു. പലതിന്റെയും അടിഭാഗം കീറിയ നിലയിലായിരുന്നു. കീറിയ കവറുകളിലൂടെ മാലിന്യം പുറത്തേക്ക് വീഴുന്നതു പതിവു കാഴ്ചയാണെന്ന് യാത്രക്കാർ പറയുന്നു.
മണ്ഡലകാലം ആരംഭിച്ചതോടെ തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കാണ്. ജനറൽ കംപാർട്മെന്റുകളിൽ കാലുകുത്താൻ പോലും ഇടമില്ല. ഒട്ടേറെപ്പേർ വാതിലിനു സമീപംനിന്നു യാത്ര ചെയ്യുന്നതും പതിവാണ്. ഇവിടെ മാലിന്യവും കുന്നുകൂടുന്നതോടെ യാത്ര അസഹ്യമാകുന്നു. ട്രെയിനിലെ വെള്ളം പാതി വഴിയിൽ തീരുന്നതും പതിവായിട്ടുണ്ട്. ഇതുമൂലം ശുചിമുറി ഉപയോഗിക്കാനാകില്ല. കേരളത്തിലെത്തുമ്പോഴേക്കും അസഹ്യമായ ദുർഗന്ധമാകും ട്രെയിനിൽ. ട്രെയിനുകളിൽ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.