കടുത്ത വേനൽ: പ്രതിസന്ധിയിൽ പൈനാപ്പിൾ കൃഷി; ഉൽപാദനത്തിൽ ദിവസേന 1000 ടണ്ണിന്റെ കുറവ്
Mail This Article
മൂവാറ്റുപുഴ∙ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കടുത്ത വേനലിൽ പൈനാപ്പിൾ കൃഷി നേരിടുന്നത്. മൂവാറ്റുപുഴ, വാഴക്കുളം മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി 38 ഡിഗ്രി സെൽഷ്യസ് ആണ് താപനില. 40 ഡിഗ്രിയാണ് അനുഭവപ്പെടുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പൈനാപ്പിൾ കൃഷിയെ ആണ്. റമസാൻ വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെ ആണ് ഇതു ബാധിച്ചിരിക്കുന്നത്.
പൈനാപ്പിളിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന കാലമാണിത്. ആവശ്യത്തിനനുസരിച്ചു പൈനാപ്പിൾ ലഭ്യമാക്കാൻ കഴിയുമോ എന്നാണു കർഷകരുടെ ആശങ്ക. കടുത്ത വേനൽ പൈനാപ്പിൾ ഉൽപാദനത്തിൽ ദിവസേന 1000 ടണ്ണിന്റെ കുറവ് സൃഷ്ടിക്കുന്നതായാണു പൈനാപ്പിൾ കർഷകർ പറയുന്നത്. ഉണക്കു നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ഉൽപാദനത്തിൽ 40% കുറവാണ് ഉണ്ടായിരിക്കുന്നത്.
അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. എന്നാൽ ഉണക്കു ബാധിച്ചതോടെ 50 ശതമാനം പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. പൈനാപ്പിൾ ചെടികൾ ഉണങ്ങി മഞ്ഞ നിറത്തിലാകുകയും പൈനാപ്പിൾ വലുതാകാതെ നശിക്കുന്നതും പൈനാപ്പിൾ തോട്ടങ്ങളിലെ വേനൽ കാഴ്ചയായി മാറിയതോടെ എന്തു ചെയ്യുമെന്നറിയാതെ നിസ്സഹായരാകുകയാണ് കർഷകർ.