മരണം ബാക്കിവച്ച മകന്റെ കൈകളിൽ സമ്മാനം അർപ്പിച്ച് മാതാപിതാക്കൾ; നൊമ്പരം
Mail This Article
കൊച്ചി ∙ വിടപറഞ്ഞു പോയ മകൻ സാരംഗിന്റെ കൈകളിലേക്ക് അച്ഛൻ ബിനേഷ് സമ്മാനം നൽകിയത് അവനു പ്രിയപ്പെട്ട ഫുട്ബോളാണ്. അതു കണ്ടു പൊട്ടിക്കരഞ്ഞ് അമ്മ രജനിയും സഹോദരൻ യശ്വന്തും ചേർന്നു സാരംഗിന്റെ കൈകൾ ചേർത്തുപിടിച്ചു. കണ്ടു നിന്ന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെടെയുള്ളവരും വികാരാധീനരായി. ദാനമായി കിട്ടിയ സാരംഗിന്റെ കൈകൾ കൂപ്പിയാണു ഷിഫിൻ ആ അച്ഛനമ്മമാർക്കു നന്ദി പറഞ്ഞത്. വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗിന്റെ കൈകൾ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂർ ഗോതുരുത്ത് സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാംരംഗിന്റെ കുടുംബം.
കൊച്ചി അമൃത ആശുപത്രിലായിരുന്നു സംഗമം.10നു തന്റെ 17-ാം പിറന്നാൾ ആഘോഷിക്കാൻ സാരംഗ് ഇല്ലെങ്കിലും ഇന്നലെ എല്ലാവരും ചേർന്നു കേക്ക് മുറിച്ചു. ഷിഫിൻ പിറന്നാൾ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കൾക്കു നൽകി. തനിക്കു പുതു ജീവിതം സമ്മാനിച്ച സാരംഗിന്റെ ചിത്രം പിടിച്ചു നിൽക്കുന്ന ഒരു ചിത്രമാണു ഷിഫിൻ സമ്മാനമായി നൽകിയത്.അവയവ ദാനത്തെക്കുറിച്ചു സമൂഹത്തിൽ നിരന്തരമായ ബോധവൽക്കരണം ആവശ്യമാണെന്നു ചടങ്ങിൽ മുഖ്യാതിഥിയായ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. അമൃത ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി.ബീന, പ്ലാസ്റ്റിക്– റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്‌മണ്യ അയ്യർ എന്നിവർ പ്രസംഗിച്ചു.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, ഷിഫിന്റെ അച്ഛൻ ചിന്നപ്പൻ, അമ്മ ഷീല, അപ്പോളോ ടയേഴ്‌സ് പ്രതിനിധികളായ ജി.അനിൽകുമാർ, ജോർജ് ഉമ്മൻ, വിജയകുമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരും ചടങ്ങിന്റെ ഭാഗമായി.കഴിഞ്ഞ മേയ് 17ന് ആണ് ബി.ആർ.സാരംഗ് വാഹനാപകടത്തിൽ മരിച്ചത്. സാരംഗിന്റെ അവയവങ്ങൾ 6 പേർക്കാണു പുതുജീവിതം നൽകിയത്. കൊച്ചി അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണു സാരംഗിന്റെ കൈകൾ ഷിഫിന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരിയിൽ കമ്പനിയിലുണ്ടായ അപകടത്തിലാണു കൈകൾ നഷ്ടമായത്. ശസ്ത്രക്രിയയ്ക്കുള്ള പണം അപ്പോളോ മാനേജ്മെന്റും സഹപ്രവർത്തകരും ചേർന്നാണു ലഭ്യമാക്കിയത്.