ഉയരപ്പാത നിർമാണം ദ്രുതഗതിയിൽ; തൂണുകൾക്ക് മുകളിൽ 56 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു
Mail This Article
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം ദ്രുതഗതിയിൽ. 35 ശതമാനം തൂണുകളുടെ ജോലി പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിലാണ് ഉയരപ്പാത നിർമിക്കുന്നത്. പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. തുറവൂരിൽ തൂണുകൾക്ക് മുകളിൽ 56 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. കുത്തിയതോട്, എഴുപുന്ന, അരൂർ എന്നിവിടങ്ങളിലും തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.തൂണുകൾക്കായുള്ള പില്ലറുകൾ സ്ഥാപിക്കുന്നതിനുള്ള പൈലിങ് 70 ശതമാനം പൂർത്തിയായി.
354 തൂണുകളാണ് സ്ഥാപിക്കുന്നത്. ഈ തൂണുകൾക്കു മുകളിലാണ് 32 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് വേനൽ കടുത്തതോടെ കെട്ടിട നിർമാണം ഉൾപ്പെടെയുള്ള തൊഴിലാളികൾ പൊരിവെയിലിൽ പണിയെടുക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പൊരിവെയിലിനെ അവഗണിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾ തൂണുകൾക്കുള്ള കമ്പി കെട്ടലും മറ്റും നടത്തുന്നത്. തൊഴിലാളികളിൽ ഏറെയും ആന്ധ്ര സ്വദേശികളാണ്. രാത്രിയിൽ കൂടുതൽ തൊഴിലാളികളെ വിന്യസിപ്പിച്ചാണു നിർമാണ ജോലികൾ നടത്തുന്നത്.
അപകടം
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുമ്പോൾ ഡ്രൈവർമാർ ഗതാഗത നിയന്ത്രണം പാലിക്കുന്നില്ലെന്നു കരാറുകാർ പറയുന്നു.നിർമാണം തുടങ്ങിയതിന് ശേഷം ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്.