പുക പരിശോധന കൊച്ചിയിൽ തോറ്റു; 24 മിനിറ്റിനകം തമിഴ്നാട്ടിൽ നിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ് !
Mail This Article
കാക്കനാട്∙ കൊച്ചിയിൽ പുക പരിശോധനയ്ക്ക് ഹാജരാക്കി അമിത മലിനീകരണമെന്ന് കണ്ടെത്തിയ വാഹനത്തിന് 24 മിനിറ്റിനകം തമിഴ്നാട്ടിൽ നിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് മറിമായം കണ്ടെത്തിയത്. മലിനീകരണ തോത് അനുവദനീയമായതിന്റെ ഇരട്ടിയിലധികമെന്ന് കൊച്ചിയിലെ പരിശോധനയിൽ കണ്ടെത്തിയത് മാർച്ച് 25ന് 10.37ന്. ഇതേ വാഹനമാണ് 24 മിനിറ്റിനകം കോയമ്പത്തൂരിലെ കേന്ദ്രത്തിലെത്തിച്ചു പരിശോധിച്ചു സാധുവായ സർട്ടിഫിക്കറ്റ് സമ്പാദിച്ചത്!.
കെഎൽ 9 എയു 1005 ബൈക്ക് ആവശ്യമായ ഇടവേളയില്ലാതെ ഒന്നിലധികം കേന്ദ്രത്തിൽ പുക പരിശോധന നടത്തിയതായി പരിവാഹൻ വെബ്സൈറ്റിൽ കണ്ടെത്തിയതു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ.രാജേഷാണ്. ബൈക്കുടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ തട്ടിപ്പു വ്യക്തമായി. കൊച്ചിയിലെ പുക പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് കോയമ്പത്തൂരിലെ കേന്ദ്രത്തിൽ നിന്നു തന്റെ വാഹനത്തിന്റെ സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതെന്ന് ഉടമ സമ്മതിച്ചു.
വാഹനത്തിന്റെ റജിസ്ട്രേഷൻ ആർടിഒ കെ.മനോജ് റദ്ദാക്കി. തമിഴ്നാട് ട്രാൻസ്പോർട് കമ്മിഷണർക്ക് വിവരം നൽകിയിട്ടുണ്ട്. കൊച്ചിയിലെ പുക പരിശോധന കേന്ദ്രങ്ങളും അവർ നൽകുന്ന പുക പരിശോധന സർട്ടിഫിക്കറ്റുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.