മേയ് മുതൽ മഴയ്ക്ക് അനുകൂല സാഹചര്യം; 100 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷം 2023
Mail This Article
കൊച്ചി ∙ കൊടുംചൂടിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിലും ചൂടു കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ധാഭിപ്രായം. മേയ് പകുതിയോടെ മഴയ്ക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുമെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാർ ഡയറക്ടർ ഡോ. എസ്.അഭിലാഷ് വ്യക്തമാക്കി. ‘ലാ നിന’ പ്രതിഭാസം ഓഗസ്റ്റോടെ സംസ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടാകുക. രാജ്യത്താകെ സാധാരണയിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 100 വർഷത്തിനിടയിൽ ആഗോള തലത്തിൽ തന്നെ ഏറ്റവും ചൂടു കൂടിയ വർഷമായിരുന്നു 2023. 2016 ആയിരുന്നു ഇതിനു മുൻപ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എൽ നിനോ പ്രതിഭാസം തന്നെയായിരുന്നു. അതേസമയം, ലാ നിനയ്ക്കൊപ്പം, അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ ചൂടാകുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) കൂടി ഇത്തവണ ഉണ്ടാകാമെന്നുള്ള മുന്നറിയിപ്പും ഡോ. അഭിലാഷ് പങ്കുവയ്ക്കുന്നു. ലാ നിനയും ഐഒഡിയും ഒരുമിച്ച് വരുന്ന സാഹചര്യം വളരെ അപൂർവമാണെന്നും അങ്ങനെ ഉണ്ടായാൽ അത് അപകടം സൃഷ്ടിച്ചേക്കാം.
2019ൽ ഐഒഡി ഉണ്ടായതിനെ തുടർന്നാണ് പലയിടത്തും ലഘുമേഘ വിസ്ഫോടനങ്ങൾ ഉണ്ടായത്. എന്നാൽ അന്ന് ലാ നിന ഉണ്ടായിരുന്നില്ല. ഇത്തവണ സാധാരണ മഴ ലഭിച്ചാലും ഐഒഡിയിൽ ഉണ്ടാകുന്നതു പോലെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കൂടി ഉണ്ടായാൽ അത് വെള്ളപ്പൊക്കത്തിന് കാരണമാകാം. തെക്കൻ കേരളത്തിൽ കഴിഞ്ഞ വർഷം 34% മൺസൂൺ മഴ കുറവായിരുന്നു. എന്നാൽ വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) 24 ശതമാനം കൂടുതൽ കിട്ടി. അത് കിട്ടിയത് കൂടുതലും തെക്കൻ കേരളത്തിലാണ്. കാസർകോടും കണ്ണൂരും മലപ്പുറവും പാലക്കാടുമൊക്കെ തുലാവർഷം വളരെ കുറഞ്ഞ അളവിലാണ് ലഭിച്ചത്.