വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിയെ അടക്കം തടഞ്ഞുവച്ചെന്നു പരാതി
Mail This Article
×
ADVERTISEMENT
തൃശൂർ ∙ പൊലീസിന്റെ പരുക്കൻ പെരുമാറ്റത്തെച്ചൊല്ലി ദേവസ്വം ഭാരവാഹികളും പൂരക്കമ്മിറ്റിക്കാരും പൂരപ്രേമികളുമായി പലയിടത്തും തർക്കമുണ്ടായി. വിഐപികളുടെ സന്ദർശനത്തിനു ജനത്തെ അകറ്റിനിർത്താൻ ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ മാതൃകയിൽ പലയിടത്തും കടുകട്ടി ബാരിക്കേഡ് ബന്തവസ്സ് ഒരുക്കിയതാണു കൂടുതൽ പരാതികൾക്കിടയാക്കിയത്.കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതു കേട്ടുകേൾവിയില്ലാത്ത സംഭവമായി. ഇന്നലെ രാവിലെയാണിത്.
ശാസ്താവിന്റെ എഴുന്നള്ളിപ്പ് റൂട്ടിൽ ട്രാഫിക് ക്രമീകരണം കാര്യക്ഷമമല്ലാതിരുന്നതാണു കാരണം. ബ്ലോക്ക് കടന്ന് എഴുന്നള്ളിപ്പ് ഒരുവിധം വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയപ്പോൾ ശാസ്താവിനു കടന്നുപോകേണ്ട പാതയിൽ പൂരക്കമ്മിറ്റിക്കാരോട് ആലോചിക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിയത് അടുത്ത തർക്കത്തിനിടയാക്കി. ഒടുവിൽ ബാരിക്കേഡ് പൊളിച്ചു നീക്കിയാണ് എഴുന്നള്ളിപ്പ് തുടർന്നത്.
വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തി ഇലഞ്ഞിത്തറ മേളത്തിനു പിന്നാലെ ക്ഷേത്ര മതിൽക്കകത്തു നിന്നു പുറത്തെത്തിയ ശേഷം തിരികെ ക്ഷേത്രത്തിലേക്കു കയറാൻ ശ്രമിക്കുമ്പോൾ ഏതാനും പൊലീസുകാർ തടഞ്ഞതായി പരാതിയുണ്ട്. രാത്രിയിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പ് നടക്കേണ്ട പാതയിൽ ബാരിക്കേഡ് വയ്ക്കാനുള്ള ശ്രമത്തെച്ചൊല്ലിയും തർക്കമുണ്ടായി.മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുന്നതിനു മുൻപു പതിവായി പന്തലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന ചുമതല പൂരക്കമ്മിറ്റിക്കാരാണ് ചെയ്യാറുള്ളത്.
എന്നാൽ, പൂരക്കമ്മിറ്റിക്കാരെ നീക്കി പൊലീസ് ഈ ചുമതല ഏറ്റെടുത്തതോടെ തർക്കമായി. ബാരിക്കേഡ് സംവിധാനം പലയിടത്തും അശാസ്ത്രീയമാണെന്ന വിവരം പൊലീസ് ഉദ്യോഗസ്ഥർ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല എന്നാണു വിവരം.
പൂരം സുരക്ഷാച്ചുമതല നിർവഹിച്ചു പരിചയമുള്ള പൊലീസുകാരെയാണു മുൻകാലങ്ങളിൽ പ്രധാന ഇടങ്ങളിൽ നിയോഗിച്ചിരുന്നത്. ഇത്തവണ ഏറ്റവും ജൂനിയർ ആയ പൊലീസുകാരും ട്രെയിനിങ്ങിലുള്ളവരുമാണു പല തന്ത്രപ്രധാന മേഖലകളിലും നിയോഗിക്കപ്പെട്ടത്.
തെക്കേഗോപുര നടയിൽ യുവാക്കളുടെ കൂട്ടത്തല്ല് തെക്കേഗോപുരനടയിൽ യുവാക്കൾ ചേരിതിരിഞ്ഞു തമ്മിലടിച്ചു. കുടമാറ്റത്തിനു തിങ്ങിക്കൂടിയ ജനത്തിനിടയിലാണു യുവാക്കളുടെ രണ്ടു സംഘങ്ങൾ ഇരുവശത്തു നിന്നായി അടിപിടി കൂടിയത്. സമീപത്തെങ്ങും പൊലീസ് ഇല്ലാതിരുന്നതിനാൽ ഇവരെ പിടിച്ചുമാറ്റാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.