‘തരാനുള്ള പൈസ ബാക്കി താ’; ‘സൗഹൃദത്തിന് വില പറയുന്നോടാ’; ട്രോളി ബേസിൽ, മറുപടിയുമായി ടൊവിനോ

Mail This Article
‘പൊൻമാൻ’ സിനിമയുടെ വിജയത്തിൽ നടൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവച്ച പോസ്റ്റും അതേ തുടർന്നുള്ള കമന്റുകളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ‘‘പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട് വെയ്റ്റിങ്! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ ! കോടികൾ വാരട്ടെ’’, എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്. ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രം ‘മരണമാസ്’ നിർമിക്കുന്നത് ടൊവിനോയാണ്.
‘‘തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം’’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘‘സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ.’’ എന്ന് ടൊവിനോയുടെ മറുപടി.

ഇതോടെ ‘മരണമാസി’ൽ ബേസിലിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും സംഭവം ഏറ്റുപിടിച്ചു. ‘‘അടുത്ത പടം കോടിക്കണക്കിന് കോടികൾ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസർ ഒരു ലക്ഷപ്രഭു ആകണേ’’, എന്നായിരുന്നു സിജുവിന്റെ കമന്റ്.
‘‘ഇപ്പോള്‍ കോടീശ്വരനായ നല്ലവനായ ആ പ്രൊഡ്യൂസറെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും’’, എന്ന് ടൊവിനോയുടെ മറുപടി. രസകരമായ കമന്റും ഉരുളയ്ക്കുപ്പേരിപോലുള്ള ഈ മറുപടികളും ആരാധകരും ഏറ്റെടുത്തു.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.