'വീടുപണി ചട്ടങ്ങൾ പാലിച്ചു മാത്രം ചെയ്യണേ, അല്ലെങ്കിൽ പുലിവാലാകുമേ'...

Mail This Article
ആശിച്ച് മോഹിച്ച് വീടുപണിയാൻ തീരുമാനിച്ച് എൻജിനീയറെ കണ്ട് ഒരുപാട് വട്ടം ചർച്ച നടത്തിയ ശേഷം തീരുമാനിച്ചുറപ്പിച്ച പ്ലാൻ പ്രകാരം തദ്ദേശസ്ഥാപനത്തിൽ നിന്നും പെർമിറ്റെടുത്തു. എങ്കിലും നിർമാണമാരംഭിക്കാൻ ഒരുങ്ങുമ്പോഴേ പ്ലാനിൽ വ്യതിയാനങ്ങൾ വരാൻ തുടങ്ങും.
ആദ്യ സംഭാവന കുറ്റിയടിക്കാൻ വന്ന വാസ്തുക്കാരന്റെ ആകും. ചുറ്റ് ഒപ്പിക്കാൻ ഒരൽപം വലിപ്പം കൂട്ടണം, ടോയ്‌ലറ്റ് പുറത്തേക്ക് നീട്ടണം തുടങ്ങി അഭിപ്രായങ്ങൾ വരും. ഭയ-ഭക്തി ബഹുമാനങ്ങളോടെ ഉടമ ആ മാറ്റത്തിന് വിധേയനാകും, അഥവാ പ്ലാനിനെ വിധേയമാക്കും. പിന്നീട് ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, പണിക്ക് വരുന്ന തൊഴിലാളികൾ തുടങ്ങി സൈറ്റിൽ കല്ലും മണ്ണും കൊണ്ടുവരുന്ന വണ്ടിയുടെ ഡ്രൈവർ വരെ അഭിപ്രായങ്ങൾ പറയും. അതിനൊക്കെയനുസരിച്ച് പ്ലാനിൽ മാറ്റങ്ങളും വരും.
ഒടുവിൽ വീട് പണി തീരുമ്പോഴേക്കും പ്ലാൻ ചെയ്തതിൽ നിന്നും ഏറെ മാറിയായിരിക്കും കെട്ടിടം ഉണ്ടാവുക. വേണ്ട എന്നുവച്ച പോർച്ച് വീട്ടിൽ കയറി വരും, അടുക്കളയ്ക്ക് പുറമേ ഒരു വർക്ക് ഏരിയ കൂടി പുറകിൽ പതുങ്ങിക്കൂടി നിൽക്കും. പ്രായമായവരുടെ ഉപദേശത്തിൽ വീടിന് പുറത്ത് ടോയ്‌ലറ്റും ബാത്റൂമും പ്ലോട്ടിന്റെ മതിലിൻമേൽ കയറിയിരിക്കും. ഒടുവിൽ വീട്ടിൽ കയറിക്കൂടാൻ തിരക്കായിട്ട് കെട്ടിട നമ്പറിന് അപേക്ഷിക്കുമ്പോഴായിരിക്കും തദ്ദേശ സ്ഥാപനത്തിൽ നിന്നും ചട്ടലംഘനങ്ങളുടെ കുറിമാനം വരുന്നത്.

1. വാസ്തുക്കാരൻ പറഞ്ഞ പ്രകാരം വീട്ടിൽ നിന്നുള്ള പുറപ്പാട് മാറ്റം വരുത്തിയപ്പോൾ ഫ്രണ്ട് യാർഡ് ലഭ്യമല്ല.
2. വർക്ക് ഏരിയയുടെ വിസ്തീർണം കൂടി കൂട്ടിയപ്പോൾ കെട്ടിടം ആഡംബര നികുതി വരുന്ന അളവിലായി.
3. പോർച്ച് കൂട്ടിയെടുത്തപ്പോൾ റോഡിൽ നിന്നുള്ള അകലം കിട്ടുന്നില്ല.
4. അധികമായി ചെയ്ത ടോയ്‌ലറ്റ്, മതിൽ ചേർത്ത് നിർമിച്ചതിനാൽ ചട്ടവിരുദ്ധമായി.
ഒടുവിൽ വീട് വച്ച സന്തോഷമൊക്കെ എവിടെയോ പോയി എന്ന അവസ്ഥയിലായി എന്നുപറഞ്ഞാൽ മതിയല്ലോ.
ഓർക്കുക. പെർമിറ്റിനൊപ്പം അംഗീകരിച്ചു നൽകിയ പ്ലാനിൽ നിന്നും മാറ്റം വരുത്തി നിർമിക്കേണ്ടതുണ്ടെങ്കിൽ അതിന് ചട്ടം 89 പ്രകാരം റിവൈസ്ഡ് പ്ലാൻ സമർപ്പിച്ച് അംഗീകാരം വാങ്ങണം. മാറ്റം വരുത്തിയ നിർമാണത്തിന് മുമ്പാണെങ്കിൽ അധിക ഏരിയ ഉണ്ടെങ്കിൽ അതിന്റെ മാത്രം പെർമിറ്റ് ഫീ അധികമായി അടച്ചാൽ മതിയാകും.
(എന്നാൽ മുറികളുടെ വിന്യാസത്തിലെ മാറ്റങ്ങളോ വാതിൽ ജനൽ കോണിപ്പടി എന്നിവയുടെ സ്ഥാനം, അളവ് എന്നിവയിലെ മാറ്റങ്ങളോ മാത്രം ആണെങ്കിൽ ഇത്തരത്തിൽ മുൻകൂർ അനുവാദം വാങ്ങണമെന്നില്ല )
കെട്ടിടത്തിന്റെ പ്രധാന വാതിൽ വരുന്ന മുറ്റമാണ് മുൻവശമായി കണക്കാക്കുക. അപ്പോൾ വാസ്തു വിശ്വാസപ്രകാരം പ്രധാന വാതിൽ മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടായാൽ അവിടെ ചട്ടപ്രകാരം മതിയായ മുൻവശ അളവ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
അധികമായി പോർച്ചുകൾ നിർമിക്കുമ്പോൾ പലപ്പോഴും മതിലിനോട് ചേർന്ന് വന്നേക്കാം, അപ്പോൾ റോഡിൽ നിന്നും പാലിക്കേണ്ട അകലത്തിൽ കുറവ് വരാം. കെട്ടിടത്തിന് പുറത്ത് നിർമിക്കുന്ന ടോയ്‌ലറ്റ്, ബാത്റൂം എന്നിവ അനുബന്ധ കെട്ടിടമായി കണക്കാക്കാം, പക്ഷേ അതിരിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം.
ആഡംബര നികുതി അടയ്ക്കുന്നതിൽ പേടിയുള്ളവർ വീടിൻ്റെ ആകെ വിസ്തീർണം 3000 ചതുരശ്ര അടിയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക. പോർച്ചുകൾ ആഡംബര നികുതി കണക്കാക്കുന്നതിൽ നിന്ന് ഒഴിവായാലും വർക്ക് ഏരിയ ഉൾപ്പെടും എന്നത് ഓർമ വയ്ക്കുക. ചുരുക്കിപ്പറഞ്ഞാൽ നിർമാണ ഘട്ടത്തിൽ യോഗ്യതയുള്ള എൻജിനീയറുടെ മേൽനോട്ടം ഉറപ്പുവരുത്തുന്നതായിരിക്കും ഉടമയുടെ മനഃസമാധാനത്തിന് നല്ലത്.
***
ലേഖകൻ തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്. email- jubeeshmv@gmail.com