കേന്ദ്ര ബജറ്റ് വികസനം ലക്ഷ്യം വച്ചുള്ളതെന്ന് സി ഐ ഐ

Mail This Article
കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്‌ഷ്യമിടുന്നതാണെന്നും വ്യവസായ സമൂഹം. ബജറ്റുമായി ബന്ധപ്പെട്ടു സി ഐ ഐ കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണീ അഭിപ്രായം ഉയർന്നത്. കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നൽകിയ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് സമ്പദ് വ്യവസ്ഥയെ നയിക്കുന്ന ബജറ്റാണെന്ന് സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില പറഞ്ഞു. കൃഷി, മധ്യവർഗം, കയറ്റുമതി, സ്റ്റാർട്ടപ്പുകൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ടുള്ള പോസിറ്റീവ് ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ജാഗ്രത മുൻനിർത്തി വളർച്ചയെ ലക്ഷ്യം വച്ചുള്ള ഒരു ബജറ്റാണിതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർപേഴ്‌സണുമായ ശാലിനി വാരിയർ പറഞ്ഞു. കൃഷി, കയറ്റുമതി തുടങ്ങിയ മേഖലകളിലെ നിരവധി നിർദ്ദേശങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയുമെന്നും വാരിയർ പറഞ്ഞു. ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 75 ൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം നല്ലതാണ്. ടിഡിഎസും ടിസിഎസും യുക്തിസഹമാക്കുന്നതിനുള്ള നടപടികളും സ്വാഗതാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
കേരളത്തിന് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനാകുന്ന എംഎസ്എംഇ, കൃഷി, മൂല്യവർദ്ധിത കയറ്റുമതി, നിക്ഷേപം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രഖ്യാപനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനം കണ്ടെത്തേണ്ടതുണ്ടെന്ന് സ്റ്റെർലിങ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശിവദാസ് ബി മേനോൻ പറഞ്ഞു.
ഹോംസ്റ്റേകൾക്ക് അനുവദിച്ച മുദ്ര വായ്പകൾ കേരളത്തിന് മികച്ച നേട്ടങ്ങൾ നൽകുമെന്ന് ബിപ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അജയ് ജോർജ് വർഗീസ് വ്യക്തമാക്കി. രണ്ടാം നിര നഗരങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്ന ആഗോള ശേഷി കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താൻ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
36 ജീവൻ രക്ഷാ മരുന്നുകൾ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ബെർലി സിറിയക് നെല്ലുവേലിൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ സീറ്റുകൾ 75,000 കൂടി വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ബജറ്റിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം, ആരോഗ്യ സംരക്ഷണ മേഖലകളിൽ പ്രഖ്യാപിച്ച നടപടികൾ ആയുർവേദ മേഖലയ്ക്ക് ഗുണകരമാകുമെന്ന് വൈദ്യരത്നം ഔഷധശാല ഡയറക്ടർ യദു നാരായണൻ മൂസ് പറഞ്ഞു. മെഡിക്കൽ ടൂറിസത്തിലെ വിസ ഫീസിൽ ഇളവുകൾ നൽകാനുള്ള തീരുമാനം കേരളത്തിലെ ആയുർവേദ മേഖലയ്ക്കും മെഡിക്കൽ ടൂറിസത്തിനും ഗുണം ചെയ്യും.
നികുതിദായകരുടെ കൈകളിൽ ഏകദേശം 1 ലക്ഷം കോടി രൂപയുടെ ഡിസ്പോസിബിൾ വരുമാനം എത്തിക്കാൻ സാധ്യതയുള്ള നികുതി നിർദ്ദേശം ഉപഭോഗത്തിന് ഉത്തേജനം നൽകുമെന്ന് വർമ്മ & വർമ്മയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
ബജറ്റ് നിർദ്ദേശങ്ങൾ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്നതാണെന്ന് ഏസ്‌വെയർ ഫിൻടെക് സ്റ്റാർട്ടപ്പ് മാനേജിങ് ഡയറക്ടർ നിമിഷ ജെ വടക്കൻ പറഞ്ഞു. 10,000 കോടി രൂപയുടെ പുതിയ കോർപ്പസ് ഫണ്ട്, ഡീപ് ടെക് ഫണ്ട്, സ്റ്റാർട്ടപ്പുകൾക്കായി അഞ്ച് വർഷത്തെ ഇൻകോർപ്പറേഷൻ കാലയളവ് എന്നിവയാണ് ഈ മേഖലയെ സഹായിക്കുന്നതിനുള്ള മൂന്ന് പ്രധാന നടപടികളെന്നും അവർ പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ രോഗികൾക്കായി ഡേ കെയർ സെന്ററുകൾ തുറക്കാനുള്ള തീരുമാനം ശ്ലാഘനീയമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സിഇഒ ഡോ. നളന്ദ ജയ്ദേവ് അഭിപ്രായപ്പെട്ടു.