പൊതുമാപ്പ്: 6000 വീസ നിയമലംഘകർ പിടിയിൽ; പരിശോധന ക്യാംപെയ്നുകൾ തുടരുമെന്ന് അധികൃതർ

Mail This Article
ദുബായ് ∙ പൊതുമാപ്പ് അവസാനിച്ചതിന് ശേഷം കഴിഞ്ഞ മാസം നടത്തിയ തിരച്ചിലിൽ 6,000ലേറെ വീസ നിയമലംഘകർ പിടിയിലായി. ഇതിനായി അധികൃതർ 270 പരിശോധനകൾ നടത്തി. ടുവേർഡ്സ് എ സെയ്ഫർ സൊസൈറ്റി എന്ന തലക്കെട്ടിലാണ് ക്യാംപെയിൻ നടത്തിയത്. പിടികൂടിയ 93 ശതമാനം പേരെ അവരുടെ രാജ്യത്തേയ്ക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
∙ പരിശോധനാ ക്യാംപെയ്നുകൾ തുടരും
പരിശോധനാ ക്യാംപെയ്നുകൾ തുടരുമെന്നും നിയമലംഘനങ്ങൾ നിസ്സാരമായി കാണരുതെന്നും ഞങ്ങൾ പൊതുജനങ്ങളെ ഉപദേശിക്കുന്നുവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള നാല് മാസത്തെ ഗ്രേസ് പിരീഡിൽ (പൊതുമാപ്പ്) നിയമലംഘകർക്ക് റീ എൻട്രി വിലക്ക് ലഭിക്കാതെ രാജ്യം വിടാനോ പുതിയ തൊഴിൽ കരാർ ഉറപ്പിച്ച് നിയമപരമായി യുഎഇയിൽ തുടരാനോ അവസരം നൽകിയിരുന്നു.
ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം ഒട്ടേറെ പേരെ അവരുടെ താമസരേഖകൾ നിയമവിധേയമാക്കാൻ ടുവേർഡ്സ് എ സെയ്ഫർ സൊസൈറ്റി സംരംഭം സഹായിച്ചു. ബാക്കിയുള്ള നിയമലംഘകരെ കണ്ടെത്തുന്നതിനും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ നടപ്പിലാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധന ക്യാംപെയിൻ ശക്തമാക്കി. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധനാ ക്യാംപെയിനുകൾ നടത്തുന്നതെന്ന് ഐസിപിയിലെ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി.സഈദ് സലേം അൽ ഷംസി പറഞ്ഞു.
∙ നിയമലംകരെ സഹായിച്ചാൽ തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും
നിയമലംഘകർക്കും അവരെ അഭയം നൽകുന്നവർക്കും ജോലി നൽകുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നു. കൂടാതെയ പിഴയും ചുമത്തുന്നു. നിയമലംഘകരോടും അവരുടെ അനധികൃത താമസത്തിന് സൗകര്യമൊരുക്കുന്നവരോടും യാതൊരു സഹിഷ്ണുതയും ഉണ്ടായിരിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. ഔദ്യോഗിക സ്പോൺസറാകാതെ നിയമലംഘകരെ നിയമിച്ചാൽ 50,000 ദിർഹം പിഴ ചുമത്തും. നിയമലംഘകർ അവരുടെ നിയുക്ത സ്‌പോൺസറല്ലാതെ മറ്റാർക്കെങ്കിലും ജോലി ചെയ്യുന്നതായി പിടിക്കപ്പെട്ടാൽ, തടവ്, നാടുകടത്തൽ, യുഎഇയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് സ്ഥിരമായ വിലക്ക് എന്നിവ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ബ്രി.നറൽ വിശദീകരിച്ചു.