വൃദ്ധനായ വരനെ കണ്ടതോടെ വിവാഹ വേദിയില്‍ ബോധരഹിതയായി മുസ്‌ലിം വധു! വിഡിയോ സ്ക്രിപ്റ്റഡാണ് | Fact Check

Mail This Article
വിവാഹ വേദിയില്‍ വച്ച് മുസ്‌ലിം യുവതി തലകറങ്ങി വീഴുന്നതായി ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൃദ്ധനായ വരനെ കണ്ടതോടെയാണ് യുവതി കുഴഞ്ഞുവീണതെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിഡിയോയിലുള്ളത് യഥാര്‍ഥ സംഭവമല്ല, വിനോദത്തിനായി ഒരു യുട്യൂബ് ചാനല്‍ നിര്‍മിച്ച സ്‌ക്രിപ്റ്റഡ് വിഡിയോയാണിത്.
∙ അന്വേഷണം
"തന്നെ നിക്കാഹ് ചെയ്യാന്‍ വന്ന ഉസ്തുവിനെ കണ്ട് താത്ത ഇപ്പോ തന്നെ പേടിച്ചു മരിച്ചേനെ...."എന്ന കുറിപ്പിനൊപ്പമുള്ള പോസ്‌റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം.

വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞപ്പോള്‍ വെഡിങ്ങ് സ്റ്റുഡിയോ എന്ന ഫെയ്‌സ്ബുക് പേജില്‍ സമാനമായ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. അല്‍പം കൂടി ദൈര്‍ഘ്യമുള്ള ഈ വിഡിയോ 2024 ജനുവരി 26നാണ് വെഡിങ്ങ് സ്റ്റുഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വിഡിയോയുടെ പൂര്‍ണരൂപം കാണാം.
ഈ പേജിന്റെ ബയോ പരിശോധിച്ചപ്പോള്‍ വിനോദത്തിനായി സ്‌ക്രിപ്റ്റഡ് വിഡിയോകള്‍ പങ്കുവയ്ക്കുന്ന പേജാണെന്ന സൂചന ലഭിച്ചു. സൗദി അറേബ്യയില്‍ താമസിക്കുന്ന ബംഗ്ലദേശ് സ്വദേശിയായ ധല്‍വാറാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് ഇതില്‍ പറയുന്നുണ്ട്. വൈറല്‍ വിഡിയോയ്ക്ക് സമാനമായ രീതിയിലുള്ള നിരവധി സ്‌ക്രിപ്റ്റഡ് വിഡിയോകള്‍ ഈ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. അഭിനേതാക്കള്‍ മറ്റ് വിഡിയോകളിലും വേഷമിട്ടിട്ടുള്ളതായി കാണാം.
പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള എഎന്‍ മീഡിയ എന്ന ഇന്‍സ്റ്റഗ്രാം, യുട്യൂബ് പേജുകളും ഞങ്ങള്‍ പരിശോധിച്ചു. വിഡിയോ ക്രിയേറ്ററാണെന്ന് ഈ പ്രൊഫൈലുകളിലും വ്യക്തമാക്കിയിട്ടുണ്ട്. വൈറല്‍ വിഡിയോ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.
വൈറല്‍ വിഡിയോയിലെ വധുവും വരനും സമാനമായ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന മറ്റൊരു വിഡിയോ 2024 ഒക്ടോബറില്‍ ഇതേ ഫെയ്‌സ്ബുക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വിഡിയോയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഫെയ്‌സ്ബുക്പേജിന്റെ അഡ്മിനുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. മറുപടി ലഭ്യമാകുന്ന മുറയ്ക്ക് ലേഖനം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വിഡിയോ യഥാര്‍ഥ സംഭവത്തിന്റേതല്ലെന്ന് വ്യക്തമായി.
∙ വാസ്തവം
വൃദ്ധനായ വരനെ കണ്ടതോടെ വിവാഹ വേദിയില്‍ മുസ്‌ലിം യുവതി കുഴഞ്ഞു വീണത് യഥാര്‍ഥ സംഭവമല്ല. വിനോദത്തിനായി വിഡിയോകള്‍ നിര്‍മിക്കുന്ന എഎന്‍ മീഡിയ എന്ന സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച സ്‌ക്രിപ്റ്റഡ് വിഡിയോയാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)