ADVERTISEMENT

ഇന്നു ദേശീയ ശാസ്‌ത്രദിനം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച സുപ്രധാന കണ്ടെത്തൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി. രാമൻ ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അതിന്റെ സ്‌മരണയ്‌ക്കായി ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ആചരിക്കുന്നു. ശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ ഇന്ത്യക്കാരൻ സി.വി.രാമൻ ആണ്. പൂർണമായും നമ്മുടെ രാജ്യത്തു തന്നെ നടത്തിയ ഗവേഷണങ്ങളിലൂടെ ശാസ്‌ത്രരംഗത്തെ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം 1920കളിൽ തന്നെ രാമൻ ലോകത്തെ ബോധ്യപ്പെടുത്തി. 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നു തുടങ്ങിയ ആ യാത്ര അടങ്ങാത്ത അന്വേഷണ ത്വരയും പ്രതിഭയും സമന്വയിച്ചതായിരുന്നു. ഭൗതികശാസ്‌ത്രത്തിനു രാമൻ നൽകിയ സംഭാവനകൾ ഇന്നും ഏറെ പ്രാധാന്യത്തോടെ ലോകമെങ്ങും പരിഗണിക്കപ്പെടുന്നു.

cv-raman

ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണനം മൂലം ആ നിറത്തിൽ നിന്ന് വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.

കൊൽക്കത്തയിലെ 210-ാം നമ്പർ ബോ ബസാർ സ്‌ട്രീറ്റിലെ പരീക്ഷണശാല. അവിടെയാണ് സി.വി. രാമൻ അദ്‌ഭുതങ്ങൾ വിരിയിച്ചത്. 1928 ഫെബ്രുവരി 28-ന് ഈ പരീക്ഷണശാലയിൽ ചരിത്രം പിറന്നു. രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തം. ഹൈടെക് പരീക്ഷണശാലകളോ വിദേശ നിർമിത ഉപകരണങ്ങളോ ഇല്ലാതെ ഇന്ത്യൻ മണ്ണിൽത്തന്നെ ഉറച്ചുനിന്നുകൊണ്ടു ശാസ്‌ത്രവിസ്‌മയങ്ങൾ സാധിക്കുമെന്നു തെളിയിച്ചു രാമൻ.

മെഡിറ്ററേനിയൻ കടലിന്റെ അഗാധ നീലിമ

അതെ,  മെഡിറ്ററേനിയൻ കടലിന്റെ അഗാധ നീലിമയാണു സി.വി. രാമനെ രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചതെന്നറിയാമോ? 1921-ൽ ഓക്‌സ്‌ഫഡിൽ നടന്ന യൂണിവേഴ്‌സിറ്റി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കപ്പൽയാത്രയ്‌ക്കിടയിലാണു മെഡിറ്ററേനിയൻ നീലിമ അദ്ദേഹത്തിന്റെ ശ്രദ്ധ കവരുന്നതും ആഴക്കടലിന്റെ നീലിമയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങുന്നതും.

ആകാശ നീലിമയുടെ പ്രതിഫലനമാണ് ആഴക്കടലിന്റെ നീലനിറമെന്ന റായ്‌ലീ എന്ന ശാസ്‌ത്രജ്‌ഞന്റെ സിദ്ധാന്തം രാമനു സ്വീകാര്യമായി തോന്നിയില്ല. പ്രകാശരശ്‌മികൾ ജലകണികകളിൽ തട്ടി വിസരണത്തിനു വിധേയമാവുന്നതുകൊണ്ടാണു കടൽ നീലനിറത്തിൽ കാണപ്പെടുന്നതെന്ന് അദ്ദേഹം തെളിയിച്ചു.

നൊബേൽ ഉറപ്പുവരുത്തിയ പച്ചവെളിച്ചം

1922ൽ ശ്രദ്ധിക്കപ്പെടാതെപോയ ഒരു പച്ചവെളിച്ചമാണ് നീണ്ട ആറു വർഷങ്ങൾക്കുശേഷം 1928ൽ രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. രാമന്റെ ശിഷ്യനായ രാമനാഥൻ 1922ൽ ദ്രാവകങ്ങളിൽക്കൂടി പ്രകാശം കടത്തിവിട്ടുകൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ ദ്രാവകത്തിലൂടെ നീലപ്രകാശം കടത്തിവിട്ടപ്പോൾ അതാ വിസരിത പ്രകാശത്തിൽ മങ്ങിയ ഒരു പച്ച വെളിച്ചം! അതു ഫ്ലൂറസൻസ് ആവാമെന്നു കരുതി രാമൻ കാര്യമായി ശ്രദ്ധിച്ചില്ല.

സി.വി. രാമൻ
സി.വി. രാമൻ

1928 ജനുവരിയിൽ ശുദ്ധമായ ഗ്ലിസറിൻ ഉപയോഗിച്ചു പരീക്ഷണം ആവർത്തിച്ചപ്പോൾ വീണ്ടും അതാ ആ പച്ച പ്രകാശം! വിശ്രമമില്ലാത്ത പരീക്ഷണ നിരീക്ഷണങ്ങളുടേതായിരുന്നു തുടർന്നങ്ങോട്ടുള്ള നാലഞ്ചാഴ്‌ചകൾ. അന്വേഷണത്വരയും ആകാംക്ഷയും നിറഞ്ഞ ആ നിമിഷങ്ങൾ പരീക്ഷണങ്ങളിൽ പങ്കാളിയായിരുന്ന ശിഷ്യൻ കെ.എസ്. കൃഷ്‌ണന്റെ ഡയറിത്താളുകളിൽ നിറഞ്ഞു നിൽപുണ്ട്.തനിക്കു നൊബേൽ സമ്മാനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം അന്നേ രാമനുണ്ടായിരുന്നു. അടുത്തപടി എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ തീർച്ചയായും നൊബേൽ പ്രൈസ് തന്നെ എന്നാണു രാമൻ മറുപടി കൊടുത്തിരുന്നത്!

∙ ജീവിതരേഖ

പേര്: ചന്ദ്രശേഖര വെങ്കിട്ട രാമൻ

ജനനം: 1888 നവംബർ ഏഴ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുവണയ്‌ക്കാവൽ ഗ്രാമത്തിൽ.

പിതാവ്: ആർ. ചന്ദ്രശേഖര അയ്യർ, 

മാതാവ്: പാർവതി അമ്മാൾ, 

ഭാര്യ: ലോകസുന്ദരി അമ്മാൾ.

നേട്ടങ്ങൾ:

1926-ൽ സി.വി. രാമൻ എഡിറ്ററായി ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്‌സ് പ്രസിദ്ധീകരണമാരംഭിച്ചു.1928-ൽ രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തം.1933-ൽ ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്‌ടർ. 1948-ൽ ശാസ്‌ത്ര ഗവേഷണങ്ങൾക്കായി ബാംഗ്ലൂരിൽ രാമൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിച്ചു.

പ്രധാന ബഹുമതികൾ: 1930-ൽ നൊബേൽ സമ്മാനം,1954-ൽ ഭാരതരത്നം, 1957-ൽ രാജ്യാന്തര ലെനിൻ സമ്മാനം.മരണം: 1970 നവംബർ 21.

∙നേട്ടങ്ങൾ ഒട്ടേറെ

രാമൻ പ്രഭാവം ശാസ്‌ത്രരംഗത്തു വെട്ടിത്തുറന്നത് വിസ്‌മയങ്ങളുടെയും സാധ്യതകളുടെയും പുത്തൻപാതകളാണ്. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്‌ത്രം, വൈദ്യശാസ്‌ത്രം ആർക്കിയോളജി, ജിയോളജി, ഫോറൻസിക് സയൻസ്, ഒപ്‌ടിക്കൽ കമ്യൂണിക്കേഷൻ ഫോട്ടോണിക്‌സ് തുടങ്ങിയ നാനോ ടെക്‌നോളജി രംഗത്തുവരെ രാമന്റെ കണ്ടുപിടിത്തത്തിന്റെ പ്രഭാവം കാണാം. പ്രകാശത്തിന്റെ കണികാസ്വഭാവം ഉറപ്പിക്കാനും പ്രയോജനപ്പെട്ടു.

ജീവിതപ്പാതയിലൂടെ...

1888 നവംബർ 7 - തമിഴ്‌നാട്ടിലെ തിരുച്ചിറ പ്പള്ളിയിൽ തിരുവണൈക്കാവൈ എന്ന ഗ്രാമത്തിൽ ചന്ദ്രശേഖര അയ്യരുടെയും പാർവതി അമ്മാളുടെയും പുത്രനായി ചന്ദ്രശേഖരവെങ്കിട്ട രാമൻ എന്ന സി.വി. രാമൻ ജനിച്ചു.1904 - 16-ാം വയസ്സിൽ മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു ഫിസിക്‌സിലും ഇംഗ്ലീഷിലും സ്വർണമെഡലോടെ ബിഎ ബിരുദം.

1906 - 18-ാം വയസ്സിൽ ആദ്യ ഗവേഷണപ്രബന്ധം ഇംഗ്ലണ്ടിലെ ഫിലോസഫിക്കൽ മാഗസിനിൽ പ്രസിദ്ധീകരിച്ചു.1907 - റാങ്കോടെ എംഎ ഡിഗ്രി .ധനകാര്യവകുപ്പിലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചു.കൊൽക്കത്തയിൽ അസിസ്‌റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിയിൽ പ്രവേശിച്ചു.

പ്രശസ്‌ത സംഗീതജ്‌ഞയായിരുന്ന സുന്ദരാംബാളെ വിവാഹം ചെയ്‌തു.1917 - കൽക്കത്ത സർവകലാശാലയിൽ പ്രഫസർ പദവി.1921 - ലണ്ടനിൽ നടന്ന, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള രാജ്യങ്ങളിലെ സർവകലാശാലകളുടെ സമ്മേളനത്തിൽ കൽക്കട്ടാ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്‌തു. ആദ്യമായി നടത്തിയ വിദേശയാത്രയായിരുന്നു അത്. സമുദ്ര മാർഗമായുള്ള ആ യാത്രയിൽ, കടലിനു നീലനിറം വരുന്നതിനുള്ള കാരണമെന്തെന്നുള്ള ചിന്തയാണ് രാമൻ പ്രഭാവം കണ്ടെത്തുന്നതിനു കാരണമായത്.

1924 - ലണ്ടൻ റോയൽ സൊസൈറ്റിയുടെ ഫെലോ പദവി.1925 - റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ 200-ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്‌കോയിൽ.1926 - ഗവേഷണപ്രബന്ധങ്ങളുടെ ഫലപ്രദമായ പ്രസിദ്ധീകരണത്തിനായി ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്‌സ് ആരംഭിച്ചു.‌‌‌‌

1927 - ജർമനിയിൽ പുറത്തിറക്കിയ ഹാൻഡ് ബുക്ക് ഓഫ് ഫിസിക്‌സ് എന്ന ശാസ്‌ത്രവിജ്‌ഞാനകോശത്തിൽ ലേഖനമെഴുതാൻ ക്ഷണം ലഭിച്ച ഏക വിദേശി എന്ന ബഹുമതിക്കർഹനായി.1928 ഫെബ്രുവരി 28 - ആറുവർഷത്തെ ഗവേഷണത്തിനൊടുവിൽ താൻ കണ്ടെത്തിയ രാമൻ ഇഫക്‌ട് തെളിവുകൾ സഹിതം ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചു.

1929 - ബ്രിട്ടീഷ് സർക്കാരിൽനിന്നു സർ സ്‌ഥാനം .ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ അധ്യക്ഷപദവി അലങ്കരിച്ചു.1930 ഡിസംബർ 10 - സ്‌റ്റോക്കോമിൽ നടന്ന ചടങ്ങിൽ 1930-ലെ ഫിസിക്‌സിനുള്ള നൊബേൽ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു ശാസ്‌ത്രരംഗത്ത് ആദ്യമായി നൊബേൽ സമ്മാനം നേടിയ ഭാരതീയൻ എന്ന ബഹുമതിക്കർഹനായി.1933 - ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഫിസിക്‌സ് പ്രഫസറും ഡയറക്‌ടറുമായി.

1934 - ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സ്‌ഥാപിച്ചു. മരണംവരെ പ്രസിഡന്റായി തുടർന്നു.1937 - ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്‌ടർ പദവി ഉപേക്ഷിച്ചെങ്കിലും അവിടെ പ്രഫസറായി തുടർന്നു.1941 - അമേരിക്കൻ ഒപ്‌റ്റിക്കൽ സൊസൈറ്റിയുടെ അംഗത്വവും അമേരിക്കയിൽ നിന്നുള്ള ഫ്രാങ്ക്ലിൻ അവാർഡും ലഭിച്ചു.

1948 - നവംബറിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു വിരമിച്ചശേഷം ബാംഗ്ലൂരിൽ രാമൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിച്ചു. മരണംവരെ അതിന്റെ ഡയറക്‌ടറായി തുടർന്നു.1949- കേന്ദ്ര സർക്കാർ ദേശീയ പ്രഫസർ പദവി നൽകി ആദരിച്ചു. ഈ പദവി ലഭിക്കുന്ന ആദ്യ വ്യക്‌തിയുമായി.1954 - രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നേടി.1957 - സോവിയറ്റ് യൂണിയന്റെ ലെനിൻ പുരസ്‌കാരം ലഭിച്ചു.1970 - നവംബർ 21 - 82-ാം വയസ്സിൽ അന്തരിച്ചു.

English Summary:

Celebrate National Science Day on February 28th, commemorating C.V. Raman's groundbreaking discovery of the Raman effect. Learn about his life, achievements, and the lasting impact of his Nobel Prize-winning research.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com