നിർജലീകരണം തടയാൻ പച്ചമാങ്ങ ജൂസ്; രോഗപ്രതിരോധത്തിന് കോൽപുളി ജൂസ്: വേനല്രക്ഷയ്ക്കായി 4 നാടന്‍ പഴസത്ത്

Mail This Article
കടുത്ത ചൂടില്‍ ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ജൂസുകൾ ഫലപ്രദം. ശാരീരിക, മാനസിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനും രോഗങ്ങള്‍ ശമിപ്പിക്കാനും ഔഷധങ്ങൾക്കൊപ്പം ജൂസുകളും കഴിക്കാം. പ്രഥമ ശുശ്രൂഷയായും ജൂസുകൾ കഴിക്കാം. പൈ, ദാഹങ്ങളുടെ ശമനത്തിനു മാത്രമല്ല, ശരീരസൗന്ദര്യ സംരക്ഷണത്തിനും ജൂസുകൾ ഉപകരിക്കും.
വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ ജൂസുകള്‍ ജീവിതശൈലീരോഗ ചികിത്സയ്ക്കും ഉതകും. പലര്‍ക്കുമിപ്പോള്‍ ഒരു നേരത്തെ ആഹാരം പഴസത്തു മാത്രമാണ്. പപ്പായ, പൈനാപ്പിൾ, മാമ്പഴം, കരിക്ക്, പേരയ്ക്ക, മുസംബി, ചാമ്പയ്ക്ക, ലൂവിക്ക, ചെറുനാരങ്ങ, ഞാവൽപഴം, തണ്ണിമത്തൻ, വാഴപ്പഴം, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, മുന്തിരി, പിയർ, പ്ലം, പനനൊങ്ക്, വെള്ളരിക്ക, കുമ്പളങ്ങ, പൊട്ടുവെള്ളരി, തക്കാളി, നെല്ലിക്ക, പാവയ്ക്ക, കോവയ്ക്ക, കോൽപുളി, കുടംപുളി, കൂവളക്കായ, പച്ചമാങ്ങ, നെല്ലിക്ക എന്നിവയെല്ലാം ജൂസുകൾക്കായി ഉപയോഗപ്പെടുത്താം.
ഇപ്പോൾ വിപണിയിൽ ജൂസുകൾ രണ്ടു തരമാണ്. സംരക്ഷകങ്ങള്‍ ചേർത്തവയും രാസപദാർഥങ്ങൾ ചേർത്ത് കൃത്രിമമായ മണവും രുചിയും നിറവും നല്‍കിയവയും. രണ്ടും പതിവായി കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. എന്നാല്‍, രാസപദാർഥങ്ങൾ ചേർക്കാതെയും പാകം ചെയ്യാതെയും വീട്ടിൽത്തന്നെ ഉണ്ടാക്കാം ജൂസുകൾ.
പച്ചമാങ്ങ ജൂസ്
ചേരുവകൾ
- പച്ചമാങ്ങ (ഒന്നോ രണ്ടോ)
- ശുദ്ധജലം ആവശ്യത്തിന്
- മധുരം / ഉപ്പ് ആവശ്യത്തിന്
- പുതിന ഇലകൾ (ഒരു തണ്ടിന്റെ)

ഉണ്ടാക്കുന്ന വിധം: പച്ചമാങ്ങ തൊലി കളയാതെ നന്നായി ചതച്ച് കുരു കളയുക. ശേഷം വീണ്ടും ചതച്ച് ചെറുതായി കുഴമ്പുരൂപത്തിലാക്കി ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് 2 ഗ്ലാസ് ശുദ്ധജലം ഒഴിക്കുക. 15 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം അരിച്ച് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. അതിലേക്ക് പുതിനയിലകൾ ചതച്ചിടുക. കൂടുതൽ നേർപ്പിക്കണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. ആവശ്യത്തിന് അനുസരിച്ച് ഉപ്പ്/ മധുരം ചേർത്തു കുടിക്കാം.
പച്ചമാങ്ങ ജൂസ് ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കാം. നിർജലീകരണം തടയാനും സൂര്യാതപത്തിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും ഇതു നന്ന്. ദാഹവും ക്ഷീണവുമകറ്റും. രോഗപ്രതിരോധശക്തി വർധിക്കും.
കോൽപുളി ജൂസ്
ചേരുവകൾ
- കുരു കളഞ്ഞ കോൽപുളി നീളത്തിലുള്ളത് – 2 എണ്ണം
- ശുദ്ധജലം – ഒരു ഗ്ലാസ്
- മധുരം / ഉപ്പ് ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം: കുരു കളഞ്ഞ കോൽപുളി ശുദ്ധജലത്തിൽ ഇട്ട് അടച്ചു വയ്ക്കുക. 6 മണിക്കൂറിനുശേഷം നല്ലതുപോലെ ഞെരടിപ്പിഴിഞ്ഞ് അരിച്ച് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. അതിൽ ആവശ്യത്തിന് അനുസരിച്ച് മധുരമോ ഉപ്പോ ചേർത്തു കുടിക്കാം. കോൽപുളി ജൂസും ദാഹമകറ്റാനും ക്ഷീണമകറ്റാനും നല്ലൊരു പാനീയമാണ്. രോഗപ്രതിരോധശക്തി വർധിപ്പിക്കും. മൂത്രാശയത്തിൽ കാത്സ്യം ഓക്സലേറ്റ് കല്ലുള്ളവർക്കും കോൽപുളി ജൂസ് കുടിക്കുന്നത് രോഗശമനത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്.
നാരങ്ങാ ജൂസ്
ചേരുവകൾ
- ചെറുനാരങ്ങ –1
- ശുദ്ധജലം– ആവശ്യത്തിന്
- ഉപ്പ് അല്ലെങ്കിൽ മധുരം ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം: ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത് ഒരു ഗ്ലാസിൽ ഒഴിക്കുക. അതിലേക്ക് ശുദ്ധജലവും ചേർക്കുക. അതിൽ ഉപ്പ് അല്ലെങ്കിൽ മധുരം ചേർത്ത് ഇളക്കി കഴിക്കാം. നിർജലീകരണം തടയാനും ദാഹവും ക്ഷീണവുമകറ്റാനും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും സഹായിക്കും.
കൂവളക്കായ ജൂസ്
ചേരുവകൾ
- കൂവളക്കായ വലുപ്പം അനുസരിച്ച് ഒന്ന് അല്ലെങ്കിൽ 2
- ശുദ്ധജലം ആവശ്യത്തിന്
- മധുരം ആവശ്യത്തിന്
- ചെറുനാരങ്ങാനീര് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം: കൂവളക്കായ ചതച്ച് അതിനുള്ളിലെ വിത്തും ദ്രാവകവും കളയുക. അതിനുശേഷം നല്ലതുപോലെ ചതച്ച് കുഴമ്പു രൂപത്തിലാക്കി ഒരു പാത്രത്തിൽ വയ്ക്കുക. അതിലേക്ക് മുക്കാൽ കപ്പ് ശുദ്ധജലം ചേർക്കുക. 2 മണിക്കൂർ അടച്ചുവയ്ക്കുക. ശേഷം അരിച്ച് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. കൂടു തൽ നേർപ്പിക്കണമെങ്കിൽ ഇനിയും വെള്ളം ചേർക്കാം. ആവശ്യത്തിന് മധുരവും ചെറുനാരങ്ങാനീരും ചേർത്തു കുടിക്കാം.
മാമ്പഴം, പപ്പായ, പൈനാപ്പിൾ, തണ്ണിമത്തൻ, പാഷൻ ഫ്രൂട്ട്, ഓറഞ്ച് എന്നിവയുടെയും ജൂസ് ഉണ്ടാക്കാം.