ഏത്തപ്പഴം പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? അധികം ദിവസം ഫ്രെഷായി വയ്ക്കാൻ ഇനി ഇങ്ങനെ ചെയ്യാം

Mail This Article
ഏത്തപ്പഴം കൂടുതൽ വാങ്ങിയാൽ കുറെയധികം ദിവസം ഫ്രെഷായി സൂക്ഷിക്കാൻ സാധിക്കില്ല. പെട്ടെന്ന് തന്നെ കറുത്തുപോകും. ഇപ്പോഴത്തെ ചൂടിന്റെ കാഠിന്യത്തിൽ പറയുകയും വേണ്ട, ആധികം കറുത്തുപോയ ഏത്തപ്പഴം ചിലർ കളയേണ്ടെന്നു കരുതി പുഴുങ്ങി എടുക്കാറുമുണ്ട്. ഇനി ഏത്തപ്പഴം പെട്ടെന്ന് കറുത്തുപോകാതെ ഫ്രെഷായി വയ്ക്കാനുള്ള ചില ട്രിക്കുകൾ ഉണ്ട്. പെട്ടെന്ന് പഴുത്തു പോകുന്നത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അറിയാം.
വാങ്ങിക്കുമ്പോള്‍
വാഴപ്പഴം ഒരുമിച്ച് കുറെ വാങ്ങുകയാണെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ അടുത്ത ദിവസങ്ങളിലെ ഉപയോഗത്തിന് പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാന്‍ സമയമെടുക്കുന്നതിനാല്‍ ഇത് വേറെ സൂക്ഷിക്കുക. മാത്രമല്ല, ഇങ്ങനെ ചെയ്യുമ്പോള്‍ പഴുത്ത പഴം പുറത്തു വിടുന്ന എത്തിലീന്‍ കാരണം, പച്ച പഴം പെട്ടെന്ന് പാകമാകുന്നത് ഒഴിവാക്കാം. ഉറച്ചതും തൊലിയില്‍ പാടുകള്‍ ഇല്ലാത്തതുമായ പഴം നോക്കി തിരഞ്ഞെടുക്കുക.
പ്ലാസ്റ്റിക് റാപ്പിലോ ഫോയിലിലോ പൊതിയുക
വാഴപ്പഴത്തിൻ്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുന്നത് പഴുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്.

ഇങ്ങനെ ചെയ്യുമ്പോള്‍ പഴുക്കാന്‍ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയാനും അതുവഴി പെട്ടെന്ന് പഴുക്കുന്നത് ഒഴിവാക്കാനും പറ്റും.
ഫ്രിജിൽ സൂക്ഷിക്കേണ്ട
വാഴപ്പഴമെന്നാല്‍ ഒരു ഉഷ്ണമേഖലാ പഴമാണ്. വളരെ കുറഞ്ഞ താപനിലയ്ക്ക് അനുയോജ്യമല്ല ഇത്. അതിനാല്‍, പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പഴത്തിന്‍റെ തൊലി കറുക്കാൻ കാരണമാകും. അതിനാല്‍ പുറമേ, നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത എവിടെയെങ്കിലും സൂക്ഷിക്കുന്നതാണ് നല്ലത്. അടുപ്പ്, ജനലുകൾ എന്നിവയ്ക്ക് സമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ബനാന ബാഗിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പാകമാകുന്നത് മന്ദഗതിയിലാക്കാൻ അനുയോജ്യമായ താപനിലയും ഈർപ്പവും നിലനിർത്തി വാഴപ്പഴം സൂക്ഷിക്കാന്‍ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റോറേജ് ബാഗാണ് ബനാന ബാഗ്. ഈ ബാഗുകൾ ഓൺലൈനിൽ ലഭ്യമാണ്.
ഫ്രീസ് ചെയ്യുക
ഫ്രീസ് ചെയ്ത വാഴപ്പഴം സ്മൂത്തികൾക്കും ബേക്കിംഗിനും ഐസ്ക്രീമിനും ഉപയോഗിക്കാം. പെട്ടെന്ന് കഴിച്ചു തീര്‍ക്കാന്‍ പറ്റാത്ത അളവില്‍ വാഴപ്പഴം ബാക്കി വന്നാല്‍ ഇവ ചെറുതായി അരിഞ്ഞു വായു കടക്കാത്ത പാത്രത്തിലോ ഫ്രീസർ ബാഗിലോ വെച്ച് ഫ്രീസറില്‍ വെക്കാം. ഇങ്ങനെ മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.
മറ്റു പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും മാറ്റുക
ആപ്പിൾ, അവോക്കാഡോ, പീച്ച്, തക്കാളി തുടങ്ങി എഥിലീൻ വാതകം പുറത്തുവിടുന്ന മറ്റ് പഴങ്ങൾക്ക് സമീപം വയ്ക്കുമ്പോൾ വാഴപ്പഴം വേഗത്തിൽ പാകമാകും. അതിനാല്‍, ഇവയുടെ കൂടെ വാഴപ്പഴം സൂക്ഷിക്കാതിരിക്കുക.

വാഴപ്പഴം ഒരു കൊളുത്തിൽ തൂക്കിയിടുകയോ, ഫ്രൂട്ട് ഹമ്മോക്കിൽ വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചുറ്റും വായു സ്വതന്ത്രമായി സഞ്ചരിക്കുന്നത് പഴുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു.
ഏത്തപ്പഴം കൊഴുക്കട്ട
ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റിലൊരു നാടൻ പലഹാരം.
ചേരുവകൾ
ഏത്തപ്പഴം - 2 വലുത്
ശർക്കര - 2 ക്യൂബ്
തേങ്ങ - 1 കപ്പ്
ഏലയ്ക്ക - 2
നെയ്യ് - 1 ടീസ്പൂൺ
അരി മാവ് - 1 കപ്പ് (നന്നായി പൊടിച്ചത്)
ഉപ്പ് - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 നുള്ള്
വെള്ളം - ആവശ്യാനുസരണം
തയാറാക്കുന്ന വിധം
ഏത്തപ്പഴം ആവിയിൽ വേവിക്കുക. തൊലി കളഞ്ഞ് വിത്തുകൾ നീക്കംചെയ്യുക. ഒരു മിക്സിയുടെ ജാറിൽ ഏത്തപ്പഴം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തു നല്ല പേസ്റ്റായി അരച്ചെടുക്കുക. 1/4 കപ്പ് വെള്ളം ചേർത്തു ശർക്കര ഉരുക്കുക. ഇത് ഉരുക്കി കഴിഞ്ഞാൽ തേങ്ങ ചേർത്തു നന്നായി യോജിപ്പിക്കുക. ഏലയ്ക്കാപ്പൊടി ചേർത്തു കട്ടിയാകുന്നതുവരെ വേവിക്കുക. ശർക്കര കട്ടിയാവാൻ അനുവദിക്കരുത്. ഇത് കുറച്ച് വെള്ളം ഉള്ളതായിരിക്കണം. തണുക്കാൻ അനുവദിക്കുക. ഈ മിശ്രിതം തണുക്കുമ്പോൾ കട്ടിയായിപ്പോകും. പാചകക്കുറിപ്പ്: നിധിഷാ മോഹൻ