ജപ്പാനിലെ ചെറിവസന്തം കാണാന്‍ ഒരുങ്ങുകയാണോ? എപ്പോള്‍, എങ്ങനെ പോകണം?

Mail This Article
ആകാശ മേലാപ്പിനു കീഴെ, പിങ്ക് പൂക്കളുടെ വര്‍ണ്ണപ്പൂക്കുട വിരുത്തി വീണ്ടുമൊരു ചെറിവസന്തം കൂടി വിരുന്നെത്തുകയാണ് ജപ്പാനില്‍. അടുത്ത രണ്ടുമൂന്നു മാസങ്ങള്‍ റോഡരികുകളിലും തോട്ടങ്ങളിലുമെല്ലാം പിങ്ക് പൂക്കള്‍ നിറയും. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക് കാഴ്ചകളിലൊന്നായ ഈ പുഷ്പോത്സവം, ഉള്ളുനിറയെ കാണാന്‍ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്കേറും.
ജപ്പാനിലെ ചെറിവസന്ത കാലം, 'സകുറ സീസൺ' എന്നാണ് അറിയപ്പെടുന്നത്. ജപ്പാനിൽ ചെറി മരങ്ങൾ ‘സകുറ’ എന്ന പേരിൽ അറിയപ്പെടുന്നതിനാലാണിത്. പിക്നിക്കുകളും ഉത്സവങ്ങളും ഹനാമി എന്ന് വിളിക്കുന്ന പുഷ്പനിരീക്ഷണ പരിപാടികളുമെല്ലാം ഈ സമയത്ത് സജീവമായിരിക്കും. മാത്രമല്ല, ചെറിയുടെ രുചിയുള്ള ചായയും പരമ്പരാഗത ജാപ്പനീസ് മധുരപലഹാരങ്ങളുമെല്ലാം ആസ്വദിക്കാം. കോക്ക്ടെയിലുകൾ, മോച്ചി കേക്കുകൾ, മിഠായികൾ, കുക്കികൾ എന്നിവയും ഈ സീസണിലെ സ്പെഷ്യലുകളാണ്.
സകുറ പൂവിടൽ ആഘോഷിക്കുന്ന ജാപ്പനീസ് പാരമ്പര്യത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ചെറിപ്പൂ ജപ്പാന്റെ ദേശീയ പുഷ്പമായി കണക്കാക്കപ്പെടുന്നു. ജപ്പാന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുമായി ഈ പിങ്ക് പുഷ്പങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 1912-ൽ ടോക്കിയോ നഗരം സൗഹൃദത്തിന്‍റെ അടയാളമായി അമേരിക്കയ്ക്ക് 3000 ചെറി മരങ്ങൾ സമ്മാനിച്ച ചരിത്രവും സകുറയ്ക്കു പറയാനുണ്ട്.
ജാപ്പനീസ് കാലാവസ്ഥാ കോർപ്പറേഷൻ(ജെഎംസി) നല്‍കുന്ന വിവരം അനുസരിച്ച്, ഈ വര്‍ഷം ജപ്പാനിലെ ചെറി ബ്ലോസം സീസൺ മാർച്ച് 23 ഓടെ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഫുകുവോക മുതൽ സപ്പോറോ വരെ രാജ്യമെമ്പാടുമുള്ള പട്ടണങ്ങള്‍ പൂക്കളെക്കൊണ്ട് നിറയും. മേയ് മാസം വരെ പൂക്കള്‍ കാണും. പൂര്‍ണ്ണമായും പൂത്തുലയുന്ന തീയതികള്‍ പ്രദേശത്തിനനുസരിച്ച് മാറും.
ചെറിവസന്തം കാണാന്‍, ജപ്പാനിലെ ഏറ്റവും മികച്ച സ്ഥലങ്ങളും പൂക്കള്‍ പൂര്‍ണ്ണമായും വിരിയുന്ന തീയതികളും മനസ്സിലാക്കാം.
∙ ടോക്കിയോ
ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമാണ് ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോ. ആധുനികതയുടെ ബഹളങ്ങള്‍ക്കും ചലനാത്മകതയ്ക്കുമൊപ്പം തന്നെ, പ്രകൃതിയൊരുക്കുന്ന ഈ വര്‍ണ്ണവസന്തക്കാഴ്ചയും ടോക്കിയോ സ്വന്തമാക്കുന്നു. ടോക്കിയോയില്‍ മാർച്ച് 24 ന് ആദ്യമായി പൂക്കൾ കാണും, മാർച്ച് 31 ന് പൂർണ്ണമായും പൂക്കും എന്നാണ് പ്രവചനം. ഉനോ പാർക്കും ഷിൻജുകു ഗ്യോനുമാണ് ഈ കാഴ്ച കാണാന്‍ പേരുകേട്ട ഇടങ്ങള്‍.
∙ ക്യോട്ടോ
ജപ്പാന്‍റെ സാംസ്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരമാണ് ക്യോട്ടോ. നിരവധി ബുദ്ധ ക്ഷേത്രങ്ങളും ഷിന്റോ ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഉദ്യാനങ്ങളുമുള്ള ക്യോട്ടോ, രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ക്യോട്ടോ ഇംപീരിയൽ പാലസ്, കിയോമിസു-ദേര, കിങ്കാകു-ജി, ജിങ്കാകു-ജി, ക്യോട്ടോ ടവർ തുടങ്ങിയ കാഴ്ചകള്‍ക്കും ആയിരക്കണക്കിന് വര്‍ഷങ്ങളായി നടന്നുവരുന്ന ഉത്സവങ്ങള്‍ക്കുമൊപ്പം, ചെറിവസന്തവും ക്യോട്ടോയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മരുയാമ പാര്‍ക്കും ഫിലോസഫേഴ്സ് പാര്‍ക്കുമാണ് ഇവിടെ ചെറിപ്പൂക്കളുടെ കാഴ്ച കാണാന്‍ പറ്റിയ ഇടങ്ങള്‍. പ്രവചനമനുസരിച്ച്, മാർച്ച് 27 ന് നഗരത്തില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങുകയും ഏപ്രിൽ 5 ന് പൂർണ്ണമായും പൂക്കുകയും ചെയ്യും.

ക്യോട്ടോയിൽ നിന്ന് അല്‍പ്പമകലെയായി സ്ഥിതിചെയ്യുന്ന നാരയിലെ നാര പാർക്കും ചെറി പൂക്കൾക്ക് പേരുകേട്ടതാണ്. അവിടെ മരങ്ങൾക്കടിയിൽ അലഞ്ഞുതിരിയുന്ന മാനുകളോടൊപ്പം സകുറയുടെ കാഴ്ച ആസ്വദിക്കാം.
∙ ഒസാക്ക
നീണ്ട കാലത്തെ വ്യാപാരങ്ങളുടെ കഥ പറയുന്ന ജാപ്പനീസ് തുറമുഖ നഗരമാണ് ഒസാക്ക. ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധക്ഷേത്രങ്ങളിലൊന്നായ ഷിറ്റെന്നോ-ജിയും ഒസാക്ക കൊട്ടാരവും പുരാതന മ്യൂസിയങ്ങളും ഗാലറികളും വാർഷിക ഉത്സവങ്ങളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒസാക്ക കൊട്ടാരത്തിനടുത്തുള്ള പ്രദേശത്ത് ചെറിവസന്ത കാഴ്ച കാണാം. ഒസാക്കയില്‍ മാർച്ച് 28 ന് ആദ്യമായി ചെറി പൂക്കൾ വിരിയും, ഏപ്രിൽ 4 ന് പൂർണ്ണമായും പൂക്കും.

∙ ഫുകുവോക
ചെറി പൂക്കൾ വിരിയുന്നത് ആദ്യം കാണുന്ന ഇടങ്ങളില്‍ ഒന്നാണ്, ഫുകുവോകയിലെ മനോഹരമായ കുളങ്ങളാൽ ചുറ്റപ്പെട്ട ഒഹോരി പാർക്ക്. വടക്കന്‍ തീരത്തെ ഫുകുവോകയില്‍ ചെറിപ്പൂക്കള്‍ മാർച്ച് 23 ന് ആദ്യം പൂക്കും, പിന്നീട് മാർച്ച് 29 ന് പൂർണ്ണമായും പൂക്കുമെന്നാണ് പ്രവചനം.

∙ സപ്പോറോ
സപ്പോറോയിലെ മരുയാമ പാർക്കും മൊറേനുമ പാർക്കും ഏപ്രിൽ അവസാനം മുതൽ മെയ് ആദ്യം വരെയുള്ള മാസങ്ങളിൽ ചെറി പൂക്കളുടെ മനോഹര കാഴ്ചയാല്‍ നിറയും. ഇവിടെ ഏപ്രിൽ 28 ന് തുടങ്ങുന്ന ചെറി വസന്തം മെയ് 2 ന് പൂർണ്ണമാകും.

∙ കൊച്ചിയും കഗോഷിമയും
നിയോഡോ നദിയുടെ തീരത്തുള്ള കൊച്ചിയും, സകുറാജിമ പർവതത്തിന്‍റെ നാടകീയമായ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്ന കഗോഷിമയും അത്രയധികം ജനക്കൂട്ടമില്ലാതെ ചെറി വസന്തം കാണാന്‍ പറ്റിയ ഇടങ്ങളാണ്. ഇവിടങ്ങളില്‍, മാർച്ച് 23 ന് പൂക്കൾ വിരിയാൻ തുടങ്ങും, മാർച്ച് 29 ന് പൂർണ്ണമായും പൂക്കും.

∙ മാറ്റ്‌സുമേ
വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മാറ്റ്‌സുമേ വളരെ ശാന്തമായ പ്രദേശമാണ്. മെയ് തുടക്കത്തിൽ തന്നെ 10,000 ത്തിലധികം സകുര മരങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച ഇവിടെ കാണാം.
∙ ഹിരോസാക്കി
വാർഷിക ചെറി പുഷ്പോത്സവത്തിന് പേരുകേട്ട ഹിരോസാക്കി കാസിൽ പാർക്കിൽ 2,500 ലധികം ചെറി മരങ്ങളുണ്ട്, ഇത് ലോകമെമ്പാടുമുള്ള ജനക്കൂട്ടത്തെ ആകർഷിക്കുന്നു.

ജപ്പാനിൽ ചെറി ബ്ലോസം കാണാന്‍ പോകുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
∙ ജപ്പാനിലെ ഏറ്റവും തിരക്കേറിയ യാത്രാ സമയങ്ങളിൽ ഒന്നാണ് ചെറി ബ്ലോസം സീസൺ, അതിനാൽ നിങ്ങളുടെ വിമാനങ്ങൾ, താമസ സൗകര്യങ്ങൾ, ടൂറുകൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഉറപ്പാക്കുക.
∙ സകുറ സീസണ്‍ തദ്ദേശീയരോടൊപ്പം ആഘോഷിക്കുന്നത് വളരെ മികച്ച ഒരു അനുഭവമായിരിക്കും. പൂക്കളുടെ പ്രധാന്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ മനസ്സിലാക്കാനുള്ള അവസരമാണിത്.
∙ ചെറി പൂക്കൾ ഒരിക്കല്‍ വിരിഞ്ഞാല്‍ സാധാരണയായി ഒന്നോ രണ്ടോ ആഴ്ച മാത്രമേ നിലനിൽക്കൂ. പ്രദേശത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ചെറി പുഷ്പ സമയങ്ങൾ വ്യത്യാസപ്പെടാം, അതിനാൽ നിങ്ങളുടെ യാത്രാ തീയതികളോട് അടുക്കുന്ന സമയത്ത് പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക.
∙ സകുറ സീസണുമായി ബന്ധപ്പെട്ട് വര്‍ണ്ണാഭമായ ആഘോഷപരിപാടികളും ചടങ്ങുകളുമെല്ലാം സാധാരണമാണ്. കൂടാതെ, ചെറി തീമിലും രുചിയിലുമുള്ള ഭക്ഷണ വിഭവങ്ങളും ഈ സമയത്ത് ലഭിക്കും. സകുറയുടെ സൗന്ദര്യത്തോടൊപ്പം ജപ്പാന്റെ സാംസ്കാരിക പൈതൃകവും അനുഭവിക്കാൻ ഈ പരിപാടികൾ അവസരം നൽകുന്നു.